|    Oct 15 Mon, 2018 6:54 pm
FLASH NEWS
Home   >  News now   >  

രാത്രിയാത്ര ആരുടെയെല്ലാം ? ട്രാന്‍സ്‌ജെന്‍ഡറുകളെ തല്ലിച്ചതച്ച് പോലിസിന്റെ സാമൂഹിക നീതി!

Published : 28th December 2017 | Posted By: G.A.G

ജാസ്മിന്‍ പി കെ

കോഴിക്കോട്: സാമൂഹിക നീതി വകുപ്പിന്റെ കലോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ രാത്രിയില്‍ മിഠായിത്തെരുവില്‍ വച്ച് തല്ലിച്ചതച്ച സംഭവം ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള പോലിസിന്റെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്.
കോഴിക്കോടന്‍ തെരുവുകള്‍ രാത്രിയാത്രയ്ക്ക് സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ എന്ന പേരില്‍ ഡിസിപി മെറിന്‍ ജോസഫ് നടത്തിയ രാത്രി സഞ്ചാരം ആഘോഷിക്കപ്പെടുമ്പോഴാണ് ഇതേ നഗരത്തിലെ ഒരു തെരുവില്‍ രാത്രി കാണപ്പെട്ടു എന്നതിന്റെ പേരില്‍ മാത്രം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. സംസ്ഥാനത്ത പോലീസ് ജനസൗഹൃദപരമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് തൊട്ട് പിന്നാലെയാണിതെന്നതും, ട്രാന്‍സ്ഫ്രണ്ട്‌ലി സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനത്താണ് ഇത്തരമൊരു അതിക്രമമുണ്ടായതെന്നതും ശ്രദ്ധേയമാണ്.
പ്രഖ്യാപനങ്ങള്‍  തുടരുമ്പോഴും സ്ത്രീകളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടുമുള്ള കേരളപോലിസിന്റെ ഇടപെടലുകള്‍ നാള്‍ക്കുനാള്‍ മോശമായികൊണ്ടിരിക്കുന്നുവെന്ന ആരോപണത്തെ ഇതെല്ലാം ശരിവയ്ക്കുന്നു.
ലാത്തിയടിയേറ്റ് പുളയുമ്പോള്‍, ‘എന്തിനാണ് സാറേ ഞങ്ങളെ ഇങ്ങനെ തല്ലുന്നത് ‘ എന്ന് ചോദിച്ച ട്രാന്‍സ്‌ജെന്‍ഡറുകളോട് ‘നിങ്ങളൊന്നും ഇവിടെ ജീവിക്കേണ്ടവരല്ല, ജീവിക്കേണ്ട ജന്മങ്ങളേയല്ല’ എന്നായിരുന്നുവത്രേ പൊലീസിന്റെ മറുപടി.
‘രാത്രി അവിടെ നിന്നതാണ് പ്രശ്‌നമെങ്കില്‍ പോകാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ മാറിപ്പോകുമായിരുന്നു, ഒഴിഞ്ഞു  മാറിയിട്ടും പിറകെ വന്നു തല്ലാന്‍ മാത്രം തങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നും അറിയില്ല’-  മര്‍ദനമേറ്റ ജാസ്മിന്‍ പറയുന്നു. പരിക്കുകളോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ് ജാസ്മിന്‍. സിറ്റി പോലീസ് കമ്മീഷണര്‍ക്കും, ജില്ലാകളക്ടര്‍ക്കും ഇവര്‍ പരാതി കൊടുത്തിട്ടുണ്ട്.
ദലിത് മാധ്യമ പ്രവര്‍ത്തകയായ ബര്‍സയെ ജാതീയമായി ആക്രമിച്ചതും അതിനെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ പ്രതീഷ് രമയെ ലോക്കപ്പ് പീഡനത്തിനും മര്‍ദ്ദനത്തിനും ഇരയാക്കിയതും പൊലീസിനെ പ്രതിരോധത്തിലാക്കിയിരിക്കുമ്പോഴാണ് കോഴിക്കോട് നഗരത്തില്‍ രാത്രി സ്ത്രീകളുടെ എത്രത്തോളം സുരക്ഷിതരാണെന്ന് കണ്ടെത്തുന്നതിന് എന്ന പേരില്‍ ചാനല്‍ ക്യാമറയ്ക്ക് മുന്നിലൂടെ ഡിസിപിയുടെ രാത്രിയാത്ര. ഇതിന് തൊട്ടുപിന്നാലെ സ്ത്രീകളോടുള്ള ജനങ്ങളുടെ  മനോഭാവം അനുകൂലമാണെന്നും, അവര്‍ സുരക്ഷിതരാണെന്നും ഡിസിപി പ്രഖ്യാപിച്ചിരുന്നു.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള സാമൂഹിക ചൂഷണം അവസാനിപ്പിച്ച്  കേരളം കഴിഞ്ഞ നവംബറിലാണ് സംസ്ഥാനം ട്രാന്‍സ്‌ജെന്‍ഡര്‍ നയം അവതരിപ്പിച്ചത്. ഇതിനു ശേഷവും കേരളത്തില്‍ പലയിടത്തും പോലീസ് ഇവരോട് കാണിക്കുന്ന വിവേചനവും പ്രതികാര ബുദ്ധിയും മാധ്യമങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss