|    Jul 21 Sat, 2018 3:57 am
FLASH NEWS

രാത്രിയാത്രാ നിരോധനം : കര്‍ണാടകയുമായി ഉടന്‍ ചര്‍ച്ച – മുഖ്യമന്ത്രി

Published : 8th August 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്ര നിരോധനം  നീക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയുമായുള്ള ചര്‍ച്ചകള്‍ക്ക് ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജില്ലയിലെ എംഎല്‍എമാരുടെയും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്റെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഫ്രീഡം ടു മൂവ് ഭാരവാഹികളുമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടക്കുന്ന കേസ് ഇനി വാദത്തിനെടുക്കുന്നതിനു മുമ്പായി അഭിഭാഷകന്റെ കാര്യത്തില്‍ തീര്‍പ്പാക്കും. മുമ്പ് ഹാജരായ അഡ്വ.ഗോപാല്‍ സുബ്രമണ്യത്തെ തന്നെ നിയോഗിക്കുന്ന കാര്യം സജീവമായി പരിഗണിക്കും. കര്‍ണാടകയുമായി ബന്ധപ്പെടുന്ന യാത്രക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്ന രാത്രിയാത്ര നിരോധനം നീക്കുക എന്നതില്‍ സര്‍ക്കാരിന് മറിച്ചൊരഭിപ്രായമില്ല. എത്രയും പെട്ടെന്ന് തന്നെ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാക്കിയെടുക്കാനായി ഭരണതലത്തിലുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടുകാരെ ദുരിതത്തിലാക്കിയ ഒരു വിഷയമെന്ന നിലയില്‍ ഫ്രീഡം ടു മൂവ് പോലുള്ള പ്രസ്ഥാനങ്ങള്‍ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രക്ഷോഭങ്ങളെയും സര്‍ക്കാരിന് മേലുള്ള സമ്മര്‍ദങ്ങളെയും ഉള്‍ക്കൊള്ളുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടക ഗതാഗത വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് ചര്‍ച്ചക്കുള്ള തിയ്യതി തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളെയും കലക്ടറെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കും. ഇരു സംസ്ഥാനങ്ങളിലെയും വനം വകുപ്പ് ഉദേ്യാഗസ്ഥരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനുള്ള സാധ്യതകള്‍ ആരായും. കഴിയുമെങ്കില്‍ കേസില്‍ ഹാജരാവുന്ന സുപ്രീംകോടതി അഭിഭാഷകനെയും ബംഗളൂരുവിലെത്തിച്ച് ചര്‍ച്ചയില്‍ പങ്കെടുപ്പിക്കും. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയിലെത്തിയാല്‍ അത് സുപ്രീംകോടതിയിലെത്തുന്നതോടെ കോടതിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാക്കിയെടുക്കാം. വന്യമൃഗങ്ങളുടെ സൈ്വര്യ വിഹാരത്തിന് തടസമാകാതെയും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുമുള്ള ഗതാഗതമാര്‍ഗങ്ങള്‍ കര്‍ണാടകയുമായി നടത്തുന്ന ചര്‍ച്ചയില്‍ അവതരിപ്പിക്കും. പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നുള്ള എതിര്‍പ്പുകള്‍ മറികടക്കാനായി ആവശ്യമെങ്കില്‍ അവരുമായി വസ്തുതകള്‍  ബോധ്യപ്പെടുത്താനായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കും. കേസിന്റെ നടപടികളും ഊര്‍ജിതമാക്കും. അനുകൂല വിധി സമ്പാദിക്കുന്നതിനായി അഭിഭാഷക പാനലിനെ നിയോഗിക്കുക, പാത അടച്ചിട്ടത് മൂലമുള്ള സാമ്പത്തിക നഷ്ടം കണക്കാക്കാനായി  സര്‍വേ നടത്തുക തുടങ്ങിയ ആവശ്യങ്ങളെ കുറിച്ച് പഠിച്ച് വിവരം അറിയിക്കും. നിരോധന സമയത്ത് കൂടുതല്‍ ബസ് സര്‍വീസ്സുകള്‍ ആരംഭിക്കുന്നതിനായി വകുപ്പുതല തീരുമാനം ഇരു സംസ്ഥാനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ട്. സര്‍വീസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും. എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു, മുനിസിപ്പല്‍ ചെയര്‍മാന്‍ സി കെ സഹദേവന്‍, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ ശശാങ്കന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി എ ഭാസ്‌കരന്‍, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി  അസീസ് വേങ്ങൂര്‍, ഫ്രീഡം ടു മൂവ് കണ്‍വീനര്‍ റ്റി ജി ചെറുതോട്ടില്‍, കെ എന്‍ സജീവ്, കെ പി സജു, സക്കരിയ വാഴക്കണ്ടി, പ്രദീപ് ഉഷ, കെ മനോജ് കുമാര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss