|    Aug 19 Sat, 2017 11:02 am
FLASH NEWS

രാത്രികാലങ്ങളില്‍ തിരുവല്ല ഡിപ്പോയില്‍നിന്നു ബസ്സുകളില്ല; ജനം ദുരിതത്തില്‍

Published : 2nd August 2017 | Posted By: fsq

 

തിരുവല്ല: രാത്രികാലങ്ങളില്‍ തിരുവല്ല ഡിപ്പോയില്‍നിന്നും ബസ്സുകളില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. സന്ധ്യ മയങ്ങുന്നതോടെ സ്വകാര്യ ബസ്സുകളുടെ സര്‍വീസ് നിലയ്ക്കുമ്പോള്‍ ജനങ്ങള്‍ ആശ്രയിച്ചിരുന്ന കെഎസ്ആര്‍ടിസിയും രാത്രികാല സര്‍വീസുകള്‍ നടത്താന്‍ തയ്യാറാവാത്തതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഇതുമൂലം ഗ്രാമീണ മേഖലകളിലേക്കുള്ള യാത്രക്കാരാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്. കല്ലുങ്കല്‍, ചാത്തങ്കേരി  ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ വൈകീട്ട്് ഏഴോടെ നിലയ്ക്കും. 6.40നാണ് കല്ലുങ്കല്‍ പ്രദേശത്തേക്കുള്ള അവസാന ബസ്സ്. ചാത്തങ്കേരിയിലേക്ക് 7.10നും മേപ്രാലിലേക്ക് 8.15നുമുള്ള ബസ്സുകള്‍ കഴിഞ്ഞാല്‍ പിന്നീട് യാത്രികര്‍ പെരുവഴിയിലാവും. പിന്നീട് ഓട്ടോറിക്ഷയെ ആശ്രയിക്കുക മാത്രമേ ഈ പ്രദേശത്തുകാര്‍ക്ക് നിവൃത്തിയുള്ളു. ഗ്രാമീണ മേഖലയിലേക്ക് ഓട്ടം വിളിച്ചാല്‍ പോവാന്‍ ഓട്ടോറിക്ഷ ഡ്രൈവറന്മാര്‍ക്ക് മടിയാണ്. അഥവാ പോയാല്‍തന്നെ ഇരട്ടിക്കൂലിയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.വിനോദസഞ്ചാര മേഖലയായ ആലപ്പുഴയിലേക്കുള്ള സര്‍വീസുകള്‍ രാത്രി 9.30ന് അവസാനിക്കും. പത്തനംതിട്ട കോഴഞ്ചേരി ഭാഗത്തേക്ക് രാത്രി 9.45നുള്ള ബസ്സും കടന്നുപോയാല്‍ പിന്നെ യാത്രക്കാരന്റെ ഗതി പറയേണ്ടതില്ല. ഹരിപ്പാട്, എടത്വ റൂട്ടിലേക്കുള്ള അവസാന ബസ്സ് രാത്രി 10.10നാണ്. എടത്വ, ഹരിപ്പാട് ആലപ്പുഴ, പത്തനംതിട്ട, കോഴഞ്ചേരി ഭാഗങ്ങളിലേക്ക് പോവേണ്ട ട്രെയിന്‍ യാത്രികര്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. വൈകിയോടുന്ന ട്രെയിനുകളില്‍ സ്റ്റേഷനിലിറങ്ങി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തുമ്പോഴേക്കും ബസ്സുകള്‍ എല്ലാം കടന്നുപോയിരിക്കും. തെക്കുനിന്ന് വരുന്ന പ്രധാന ട്രെയിനുകള്‍ക്ക് ഹരിപ്പാട് സ്റ്റോപ്പില്ലാത്തതിനാല്‍ സ്ഥിരം യാത്രികര്‍ തിരുവല്ലയില്‍ ഇറങ്ങിയാണ് ഹരിപ്പാട്, എടത്വ, പ്രദേശങ്ങളിലേക്ക് പോകുന്നത്. മലയോര മേഖലകളായ റാന്നി, മല്ലപ്പള്ളി, ചുങ്കപ്പാറ പ്രദേശങ്ങളിലുള്ളവരുടെ യാത്രാദുരിതവും ഏറെയാണ്. 9.30നുള്ള റാന്നി ബസ് പോയാല്‍പിന്നെ 10.10നുള്ള ബസ്സില്‍ കഷ്ടിച്ച് മല്ലപ്പള്ളിയില്‍വരെ എത്താന്‍ കഴിയും. പിന്നീട് അവിടെനിന്നും സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ യാത്രികര്‍                 പെരുവഴിയില്‍ കുരുങ്ങുന്നത് പതിവാണ്. പ്രധാന പാതയായ എംസി റോഡിലൂടെ തെക്കുനിന്നും വടക്കുനിന്നും ദീര്‍ദൂര ബസ്സുകളില്‍  എത്തുന്ന യാത്രികര്‍ തിരുവല്ലയിലിറങ്ങിയാണ് മറ്റ് പ്രദേശങ്ങളിലേക്ക് പോവുന്നത്. തിരുവല്ലയില്‍ നിന്നും വൈകിയുള്ള സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി തയ്യാറാവാത്തതിനാല്‍ തിരുവല്ലയില്‍ കുടുങ്ങുന്നതായാണ് യാത്രക്കാരുടെ പരാതി. പത്തനംതിട്ട ജില്ലയെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന എംസി റോഡ് കടന്നുപോവുന്ന തിരുവല്ലയില്‍നിന്നും രാത്രികാലങ്ങളില്‍ വിവിധ റൂട്ടുകളില്‍                   സര്‍വീസ് നടത്താന്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക