|    Oct 22 Mon, 2018 6:38 am
FLASH NEWS

രാത്രികാലങ്ങളിലും വെറ്ററിനറി ഡോക്ടര്‍മാര്‍ കര്‍മനിരതരാവും

Published : 24th May 2017 | Posted By: fsq

 

കല്‍പ്പറ്റ: മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ രാത്രികാലങ്ങളിലും വെറ്ററളനറി ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. കര്‍ഷകര്‍ക്ക് ഇവരുടെ സേവനം ഇതോടെ 24 മണിക്കൂറും ലഭ്യമാവും. നേരത്തെ രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ മാത്രമാണ് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം കിട്ടിയിരുന്നത്. രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരെ കിട്ടാത്തതിനാല്‍ നിരവധി കര്‍ഷകര്‍ക്ക് ദുരിതം നേരിട്ടിരുന്നു. മഴക്കാലത്തും മറ്റും കന്നുകാലികള്‍ക്ക് അസുഖം വന്നാല്‍ അടിയന്തര ചികില്‍സ നല്‍കാന്‍ യാതൊരു മാര്‍ഗവും കര്‍ഷകര്‍ക്കുണ്ടായിരുന്നില്ല. ഇതെല്ലാം കണക്കിലെടുത്താണ് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, പനമരം ബ്ലോക്കുകളില്‍ കരാറടിസ്ഥാനത്തില്‍ കൂടുതല്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിച്ചു. മൃഗഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ ഗ്രാമങ്ങളിലെ നിരവധി കര്‍ഷകര്‍ ഈ മേഖലയില്‍ നിന്ന് അകലാന്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ നിയമനം ത്വരിതപ്പെടുത്തിയത്. വേനല്‍ച്ചൂടിലെ ഉല്‍പാദന നഷ്ടവും അസുഖങ്ങളും തടയാനായി ജില്ലയിലെ 19 പഞ്ചായത്തുകളില്‍ 2 ലക്ഷം രൂപ ചെലവഴിക്കുകയുണ്ടായി. പട്ടികവര്‍ഗ വകുപ്പുമായി സഹകരിച്ച് പുല്‍പ്പള്ളി, മൂപ്പൈനാട്, മേപ്പാടി, കാട്ടിക്കുളം, നൂല്‍പ്പുഴ, പനമരം പഞ്ചായത്തുകളില്‍ ജീവനോപാധി പദ്ധതികള്‍ നടപ്പാക്കുന്നതിന് 49 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചു. ഒരാള്‍ക്ക് അഞ്ച് ആടുകളെ വാങ്ങാന്‍ 25,000 രൂപ സബ്‌സിഡി നല്‍കുന്ന പദ്ധതി പ്രകാരം ജില്ലയില്‍ 30 യൂനിറ്റുകളും 10 താറാവ് കുഞ്ഞുങ്ങള്‍ക്കും കൂടിനുമായി 1,200 രൂപ സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ 60 യൂനിറ്റുകളും നിലവില്‍ വന്നു. ആട് കര്‍ഷക പരിശീലനം, സുല്‍ത്താന്‍ ബത്തേരിയില്‍ എഗ്‌ഫെസ്റ്റ്, ഇന്‍വസ്റ്റേഴ്‌സ് മീറ്റ് എന്നിവയ്ക്കായി 15.22 ലക്ഷം രൂപ ചെലവഴിച്ചു. തെരുവുനായ വന്ധ്യംകരണ ശസ്ത്രക്രിയക്ക് 6 ലക്ഷം രൂപയും നാട്ടാനകളുടെ ചികില്‍സക്കായി 2.35 ലക്ഷം രൂപയും ചെലവിട്ടു. കന്നുകാലികളിലെ വന്ധ്യത തടയാനായി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും 5 ലക്ഷം രൂപ ചെലവില്‍ മിഷന്‍ നന്ദിനി എന്ന പേരില്‍ ഹോര്‍മോണ്‍-വൈറ്റമിന്‍ ചികില്‍സയും നടത്തി. മൂന്നു കുത്തിവയ്പുകള്‍ക്ക് ശേഷവും ഗര്‍ഭിണിയാവാത്ത പശുക്കള്‍ക്കാണ് ചികില്‍സ നല്‍കിയത്. കിടാരികള്‍ക്ക് പകുതി വിലയ്ക്ക് കാലിത്തീറ്റ നല്‍കുന്ന പദ്ധതിയില്‍ 1,177 കര്‍ഷകര്‍ക്ക് ധനസഹായം നല്‍കി. മൃഗങ്ങളുടെ പൊതു ആരോഗ്യ സ്ഥിതി അറിയാനായി ഒരു പഞ്ചായത്തിലെ രണ്ടിടങ്ങളില്‍ ക്യാംപ് നടത്താന്‍ വകുപ്പ് 1.65 ലക്ഷം രൂപ ചെലവഴിച്ചു. വെറ്ററിനറി ലാബുകളുടെ നവീകരണം, മൃഗാശുപത്രി വികസന സമിതി എന്നിവയ്ക്കായി 2.9 ലക്ഷം രൂപ ചെലവഴിച്ചു. വിജ്ഞാന വ്യാപന പരിശീലന പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണം, വീട്ടുപടിക്കല്‍ ചികില്‍സ, എക്‌സിബിഷന്‍, സ്‌കൂള്‍-ജന്തുക്ഷേമ ക്യാംപുകള്‍ എന്നിവയ്ക്ക് 3.52 ലക്ഷം രൂപയും മൃഗസംരക്ഷണ വകുപ്പ് ഇതിനകം  ചെലവിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss