|    Oct 23 Mon, 2017 5:30 pm
FLASH NEWS
Home   >  Sports  >  Football  >  

രാജ്യാന്തര ഫുട്‌ബോള്‍ താരം സി കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

Published : 18th May 2017 | Posted By: ev sports


തിരുവനന്തപുരം: രാജ്യാന്തര ഫുട്‌ബോള്‍ താരം സി കെ വിനീതിനെ ഏജീസ് ഓഫിസില്‍ നിന്ന് പിരിച്ചുവിട്ടു. ജോലിയില്‍ സ്ഥിരമായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് വിനീതിന് ജോലി ലഭിച്ചത്. വിനീതിനെ പുറത്താക്കാന്‍ ഏജീസ് നടപടി സ്വീകരിക്കുന്നതായി നേരത്തേ റിപോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എ സി മൊയ്തീന്‍ കണ്‍ട്രോളര്‍ ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ശശികാന്ത് ശര്‍മക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ സി ഗോപിനാഥനും കത്തയച്ചിരുന്നു. സ്‌പോര്‍ട്ട്‌സ് ക്വാട്ടയിലൂടെയാണ് വിനീതിന് ജോലി ലഭിച്ചതെന്നും ഇത്തരത്തിലുള്ള നിലപാട് അദ്ദേഹത്തിന്റെ പ്രതിഭയെ തളര്‍ത്തുമെന്നും ഇരുവരും ഓര്‍മപ്പെടുത്തിയിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കണ്ടില്ല.
2012ല്‍ ദേശീയ ടീമില്‍ ഇടം നേടിയതിനെ തുടര്‍ന്നാണ് വിനീതിന് ഏജീസ് ഓഫിസില്‍ സര്‍ക്കാര്‍ ജോലി നല്‍കിയത്. 2013ലായിരുന്നു ഓഡിറ്റര്‍ റാങ്കില്‍ നിയമനം. ഐ ലീഗില്‍ ബംഗളുരു എഫ്‌സിയുടെയും ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും കളിക്കാരനാണ് വിനീത്. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യത മല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായ വിനീത് ഇപ്പോള്‍ ഫെഡറേഷന്‍സ് കപ്പിനായി കട്ടക്കിലാണ്. ഇതിനിടയിലാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലിന്റെ അറിയിപ്പ് ഉണ്ടായത്. ദേശീയ ടീമിലെയും ഐഎസ്എല്‍ ഉള്‍പ്പെടെയുള്ള ലീഗുകളിലെയും കളിത്തിരക്കുകള്‍ മൂലം വിനീതിന് ജോലിക്ക് ഹാജരാകാനായിരുന്നില്ല. അതേ സമയം, ജോലിയില്‍ നിന്ന് പുറത്താക്കിതായ ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്ന് സി കെ വിനീത് ഒരു ചാനലിനോട് പ്രതികരിച്ചു. ഇതിനെതിരെ മറ്റു നടപടികള്‍ക്കില്ലെന്നും കളിയിലാണ് തന്റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കി.
അതിനിടെ തൊഴിലില്‍ നിന്നു പിരിച്ചുവിട്ട നടപടി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന യുവജന കമ്മീഷന്‍ കേന്ദ്ര യുവജന കാര്യ മന്ത്രാലയത്തിന് കത്തയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക