|    Jan 18 Wed, 2017 5:32 pm
FLASH NEWS

രാജ്യാന്തര പാചകമല്‍സരം; വിദേശ ഷെഫുമാര്‍ സാധനം ശേഖരിച്ചത് നാട്ടിലെ ചന്തകളില്‍നിന്ന്

Published : 26th September 2016 | Posted By: SMR

കൊച്ചി: 15 രാജ്യങ്ങളിലെ പാചകവിദഗ്ധര്‍ തങ്ങളുടെ വിഭവങ്ങള്‍ക്കുള്ള സാധനങ്ങള്‍ ശേഖരിക്കാനായി കൊച്ചിയിലെ മാര്‍ക്കറ്റുകളില്‍ ചുറ്റിനടന്നപ്പോള്‍ അത് നാട്ടുകാര്‍ക്കു കൗതുകമായി. കേരള ടൂറിസത്തിന്റെ നേതൃത്വത്തില്‍ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്ന സ്‌പൈസ് റൂട്ട് രാജ്യാന്തര പാചകമല്‍സരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. മല്‍സരത്തിന്റെ വ്യവസ്ഥകള്‍പ്രകാരം ഷെഫുമാര്‍ കൊച്ചിയിലെ വരാപ്പുഴ, എറണാകുളം മാര്‍ക്കറ്റുകളില്‍നിന്നു തന്നെ സാധനങ്ങള്‍ സംഭരിക്കണമെന്നുണ്ടായിരുന്നു. തങ്ങള്‍ക്കു വേണ്ടതെല്ലാം ലഭിക്കുമോ എന്ന സംശയത്തില്‍ മാര്‍ക്കറ്റിലിറങ്ങിയ വിദേശ ഷെഫുമാര്‍ ആവേശഭരിതരായി. ”കാണാനും കേള്‍ക്കാനും മണത്തുനോക്കാനുമൊക്കെ എന്തെല്ലാം സാധനങ്ങള്‍”- ഇറ്റലിയില്‍നിന്നെത്തിയ ജിയാനിലുക്ക മെനെല്ല അദ്ഭുതംകൂറി.
ഇന്നലെ നടത്തിയ മല്‍സരത്തിന് മുന്നോടിയായി പ്രാദേശികമായി കൃഷിചെയ്ത ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്നതിനു പുറമേ പരിചയപ്പെടുന്നതിനും പ്രാദേശിക ഭക്ഷണരീതികള്‍ മനസ്സിലാക്കുന്നതിനും ഷെഫുമാര്‍ ഈ അവസരം ഉപയോഗിച്ചു. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള സുഗന്ധവ്യഞ്ജന നാവികപാതയിലുടനീളമുള്ള രുചിഭേദങ്ങള്‍ ആഘോഷിക്കാ ന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പുതിയ സംരംഭമായ സ്‌പൈസസ് റൂട്ട് കളിനറി ഫെസ്റ്റിവല്‍ യുനെസ്‌കോ, ടൂറിസം മന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് കേരള ടൂറിസം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച ഭക്ഷ്യമേള ഇന്നുവരെ ബോള്‍ഗാട്ടി പാലസ് ആന്റ് ഐലന്‍ഡ് റിസോര്‍ട്ടില്‍ നടക്കും. ഈജിപ്ത്, ഇറാന്‍, ലബ്‌നാന്‍, ജര്‍മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, തായ്‌ലന്‍ഡ്, ഒമാന്‍, തുര്‍ക്കി, ഖത്തര്‍, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, മലേസ്യ, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ പ്രമുഖ ഷെഫുമാര്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ ഭക്ഷ്യ-സാംസ്‌കാരിക സവിശേഷതകള്‍ പരിചയപ്പെടുകയും പരമ്പരാഗത കേരള പാചകരീതിയെപ്പറ്റിയുള്ള പ്രദര്‍ശനം കാണുകയും ചെയ്തതിനു ശേഷമാണ് പാചകമല്‍സരത്തില്‍ പങ്കെടുത്തത്. പാചകമേള വോളന്റിയര്‍മാരായ പാചകവിദ്യാര്‍ഥികള്‍ക്കും ഇത് അറിവിന്റെ കലവറയായിമാറി. കൊച്ചി കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, കോവളത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌െമന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളിലെ 34 വിദ്യാര്‍ഥികളാണ് പാചകമല്‍സരത്തില്‍ വോളന്റിയര്‍മാരായി എത്തിയത്. പാചകമല്‍സരത്തില്‍ വേറിട്ടുനിന്നത് ഇറ്റലിയില്‍നിന്നുള്ള 26കാരന്‍ ജിയാന്‍ ലൂക്കയായിരുന്നു. മല്‍സരത്തില്‍ ഏറ്റവും വേഗത്തില്‍ പാചകം പൂര്‍ത്തിയാക്കിയത് ജിയാന്‍ലൂക്കയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 243 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക