|    Mar 27 Mon, 2017 6:27 am
FLASH NEWS

രാജ്യാന്തര നിയമസമിതിയിലേക്ക് ആര്‍എസ്എസ് പ്രവര്‍ത്തകന്‍; കേന്ദ്ര നടപടി വിവാദത്തില്‍

Published : 15th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള രാജ്യാന്തര നിയമസമിതിയിലേക്ക് ഇന്ത്യയുടെ പ്രതിനിധിയായി ആര്‍എസ്എസ് പ്രവര്‍ത്തകനെ നാമനിര്‍ദേശം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി വിവാദത്തില്‍. നിയമമേഖലയില്‍ ഒട്ടും യോഗ്യതയില്ലാത്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അനിരുദ്ധ് രജ്പുത്തിനെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നാഷനല്‍ ലോ കമ്മിഷനി(ഐഎ ല്‍സി)ലേക്കു നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. അറിയപ്പെട്ട നിയമപണ്ഡിതര്‍, വിവിധ വിദേശകാര്യമന്ത്രാലയങ്ങളിലെ മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയാണ് പൊതുവെ ഐഎല്‍സിയിലേക്കു നാമനിര്‍ദേശം ചെയ്യാറുള്ളത്. ഈ കീഴ്‌വഴക്കം ലംഘിച്ചാണ് കുറഞ്ഞ പ്രവൃത്തിപരിചയവും നിയമരംഗത്ത് പുതുമുഖവുമായ അനിരുദ്ധിന്റെ പേര് ഇന്ത്യ നിര്‍ദേശിച്ചത്.
വിവിധ രാജ്യങ്ങളില്‍ നിന്നു നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ ഏറ്റവും പ്രായംകുറഞ്ഞയാളാണ് 33കാരനായ അനിരുദ്ധ്. സമിതിയിലേക്കുള്ള നോമിനികളില്‍ ഏറ്റവും പ്രവൃത്തിപരിചയം കുറവുള്ള ആളും ഇദ്ദേഹം തന്നെ. നാമനിര്‍ദേശം ചെയ്യുമ്പോള്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. നാമനിര്‍ദേശം ചെയ്തശേഷം മാത്രമാണ് അനിരുദ്ധിന് പിഎച്ച്ഡി ലഭിച്ചത്. ആറുവര്‍ഷം സുപ്രിംകോടതിയില്‍ പ്രാക്ടീസ് ചെയ്ത പരിചയം മാത്രമാണ് അനിരുദ്ധിനുള്ളത്. എന്നാല്‍, അനിരുദ്ധിന്റെ നാമനിര്‍ദേശം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വിദേശകാര്യമന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ സമിതിയുടെ കാലാവധി ഈ ഡിസംബര്‍ 31ന് അവസാനിക്കുകയാണ്. 2017-2021 വരെയുള്ള കാലയളവിലേക്ക് ഏഷ്യയില്‍ നിന്ന് ഏഴ് അംഗങ്ങളെയാവും തിരഞ്ഞെടുക്കുക. ജൂണ്‍ ഒന്നായിരുന്നു നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന ദിവസം.
ഏഴു സീറ്റുകളില്‍ ചൈന, ഖത്തര്‍, ജപ്പാന്‍, ജോര്‍ദാന്‍,ദക്ഷിണകൊറിയ, ഇന്തോനേഷ്യ തുടങ്ങിയ ആറു രാജ്യങ്ങളിലെ അംഗങ്ങള്‍ നിലവിലെ പ്രതിനിധികളാണ്. ഇവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യത കൂടുതലാണ്.
മുന്‍ വിദേശകാര്യമന്ത്രി, വിരമിച്ച ജഡ്ജി, മൂന്ന് മുന്‍ അറ്റോര്‍ണി ജനറല്‍മാര്‍, വിവിധ പദവികള്‍ വഹിച്ച എട്ട് മുന്‍ അംബാസഡര്‍മാര്‍, യുഎന്‍ രക്ഷാസമിതിയുടെ രണ്ട് മുന്‍ അധ്യക്ഷന്‍മാര്‍, പത്തിലേറെ നിയമപണ്ഡിതന്‍മാര്‍, വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രാലയങ്ങളിലെ നിയമകാര്യ ഉപദേഷ്ടാക്കള്‍ തുടങ്ങി 34 അംഗങ്ങളടങ്ങുന്നതാണ് ഐഎല്‍സി സഭ.
യുഎന്‍ അംഗരാജ്യങ്ങളിലെ നിയമോപദേശകരുടെ കോ-ഓഡിനേറ്ററായി സേവനമനുഷ്ഠിച്ച നരീന്ദര്‍ സിങ് ആയിരുന്നു ഇതിനു മുമ്പ് ഇന്ത്യയുടെ പ്രതിനിധി. കാലാവധി 2007ല്‍ അവസാനിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ വീണ്ടും ഇന്ത്യ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. 2007ല്‍ നടന്ന വോട്ടെടുപ്പില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച രണ്ടാമനായിരുന്നു സിങ്. വിദേശകാര്യമന്ത്രാലയത്തിലെ മുന്‍ ഉപദേഷ്ടാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തനിക്കു പകരക്കാരനായി അനിരുദ്ധിന്റെ പേര് നിര്‍ദേശിച്ചത് ഞെട്ടിച്ചെന്ന് അദ്ദേഹം പ്രതികരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക