|    Dec 17 Mon, 2018 8:38 pm
FLASH NEWS

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പ്രൗഢഗംഭീര തുടക്കം

Published : 5th December 2015 | Posted By: SMR

തിരുവനന്തപുരം: അഭ്രപാളിയില്‍ കാഴ്ചയുടെ ആഘോഷവുമായി കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് തിരിതെളിഞ്ഞു. ലോകസിനിമകളുടെ പ്രദര്‍ശനത്തിനും ക്രിയാത്മക ചര്‍ച്ചകള്‍ക്കും സിനിമാപ്രേമികളുടെ സംഗമത്തിനും വേദിയാകുന്ന ചലച്ചിത്രമേള അടുത്ത ഒരാഴ്ചക്കാലം തലസ്ഥാന നഗരത്തിന് ഉല്‍സവപ്രതീതി നല്‍കും.
നഗരത്തിലെ 13 വേദികളിലായി 64 രാജ്യങ്ങളില്‍ നിന്നുള്ള 180 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ 50 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനമാണ് മേളയില്‍ നടക്കുന്നത്. ഒരു ചിത്രം ഏഷ്യയില്‍ ആദ്യമായാണ് പ്രദര്‍ശനത്തിനെത്തുന്നത്. കനകക്കുന്ന് നിശാഗന്ധിയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലവിളക്ക് തെളിയിച്ച് എട്ടു ദിവസത്തെ ചലച്ചിത്രോല്‍സവം ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥിയായി എത്തിയ ലോകപ്രശസ്ത തബലവാദകന്‍ ഉസ്താദ് സക്കീര്‍ ഹുസൈനായിരുന്നു ഉദ്ഘാടനച്ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രം. സാംസ്‌കാരിക സമ്പത്തുള്ള നാടാണ് കേരളമെന്നും മേളയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സുഖമാണോ എന്ന് മലയാളത്തില്‍ സംസാരിച്ചു സദസ്യരുടെ കൈയ്യടി നേടിയ ഉസ്താദ് സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
സക്കീര്‍ ഹുസൈന്റെ നവീന താളശൈലിയിലുള്ള നാദവിസ്മയമായിരുന്നു ഉദ്ഘാടനചടങ്ങിന്റെ ആകര്‍ഷണം. തുടര്‍ന്ന് ഫ്രെഞ്ച് സംവിധായകന്‍ ജീന്‍ ജാക്വസ് ആനൂഡിന്റെ ത്രീ ഡി ചിത്രം ‘വൂള്‍ഫ് ടോട്ടെം’ പ്രദര്‍ശിപ്പിച്ചു.
ജിയാന്‍ റോങ്ങ് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ചൈനീസ് എഴുത്തുകാരന്‍ ലൂ ജിയാമിന്റെ ആത്മകഥാപരമായ നോവലിനെ അടിസ്ഥാനമാക്കിയ ചിത്രം മംഗോളിയന്‍ ഉള്‍നാടുകളിലെ മനുഷ്യരെ സംസ്‌കൃതരാക്കുക എന്ന ദൗത്യമേറ്റെടുത്ത് യാത്രതിരിക്കുന്ന ബെയ്ജിങ്ങുകാരനായ വിദ്യാര്‍ഥിയെയാണ് ആസ്വാദര്‍ക്ക് മുന്നിലെത്തിച്ചത്. പ്രകൃതിയുടെ വന്യതയും സൗന്ദര്യവും ക്യാമറയിലൊതുക്കുന്നതിലുള്ള ആനൂഡിന്റെ മികവിനു സാക്ഷ്യം കൂടിയാണ് വൂള്‍ഫ് ടോട്ടെം. നൂറുകണക്കിന് പ്രതിനിധികളാണ് ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാന്‍ എത്തിയത്. ടാഗോര്‍, കൈരളി തിയേറ്ററുകളില്‍ ചടങ്ങിന്റെ തല്‍സമയ സംപ്രേഷണവും തുടര്‍ന്ന് സിനിമാ പ്രദര്‍ശനവും ഒരുക്കിയിരുന്നു. ഇന്നു മുതല്‍ എല്ലാ തിയേറ്ററുകളിലും പ്രദര്‍ശനം നടക്കും. ലോകസിനിമാ വിഭാഗത്തില്‍ 90 ചിത്രങ്ങളും അന്തര്‍ദേശീയ മല്‍സരത്തില്‍ 14 ചിത്രങ്ങളും ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ 7 ചിത്രങ്ങളും ‘ഇന്ത്യന്‍ സിനിമാ ഇന്ന്’ വിഭാഗത്തില്‍ 7 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ലിത്വാനിയ, മ്യാന്‍മാര്‍ ചിത്രങ്ങളുണ്ട്. ഫസ്റ്റ് ലുക്ക്, സ്ത്രീശക്തി വിഭാഗങ്ങളില്‍ ഏഴു ചിത്രങ്ങളുണ്ട്.
ത്രീഡി വിഭാഗത്തില്‍ ആറും സമകാലീന മാസ്റ്റര്‍ വിഭാഗത്തില്‍ ഫ്രഞ്ച് സംവിധായകന്‍ ടോണി ഗാറ്റ്‌ലിഫിന്റെ അഞ്ച് ചിത്രങ്ങളും റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ദാരുഷ് മെഹ്ജിയുടെ ആറ് ചിത്രങ്ങളും ജൂറി ഫിലിംസ് വിഭാഗത്തില്‍ മൂന്ന് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ഓസ്‌കാര്‍ അവാര്‍ഡിനായി നിര്‍ദേശിക്കപ്പെട്ട 19 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 5 ചിത്രങ്ങളുടെ ലോക പ്രീമിയര്‍, 2 ചിത്രങ്ങളുടെ ഏഷ്യന്‍ പ്രീമിയര്‍, 53 ചിത്രങ്ങളുടെ ഇന്ത്യന്‍ പ്രീമിയര്‍ എന്നിവയുമുണ്ടാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss