|    Jan 22 Sun, 2017 9:24 am
FLASH NEWS
Home   >  Pravasi  >  Gulf  >  

രാജ്യാന്തര ഖുര്‍ആന്‍ ഓണ്‍ലൈന്‍ മല്‍സര വിജയികളെ പ്രഖ്യാപിച്ചു

Published : 7th June 2016 | Posted By: mi.ptk

gulf

ദുബയ്് : ലോകത്തിലെവിവിധ ഭാഗങ്ങളില്‍ താമസിച്ചു വരുന്ന മലയാളികള്‍ക്ക് ഒരേസമയം ലൈവായി അവരുടെ റൂമുകളിലും ഓഫീസുകളിലും വെച്ച് നേരിട്ട് പങ്കെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ സംഘടിപ്പിച്ച മലയാളം ഇ-ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ചെന്നൈ എസ്.ആര്‍.എം യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി അഷ്ഫാഖ് അഹമ്മദ് ഫൈസി കരസ്ഥമാക്കി.  ഖത്തറിലെ ദോഹയില്‍ താമസിക്കുന്ന മുന്നാ ഷറീന്‍ രണ്ടാം റാങ്കും ഫോര്‍ട്ട് കൊച്ചി ഫാത്തിമ ക്ലിനിക്കിലെ ഡോ: ഖദീജ പി. എം.  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിശുദ്ധ ഖുര്‍ആന്‍ വിവരണ ഗ്രന്ഥത്തിലെ 29ാം ജുസുഇലെ 67 മുതല്‍ 77 വരെയുള്ള 11 അധ്യാങ്ങളിലെ 30 ചോദ്യങ്ങളായിരുന്നു പരീക്ഷയ്ക്ക് തെരഞ്ഞെടുത്തത്. പരമാവധി 30 മിനുറ്റായിരുന്നു അനുവദിച്ച സമയം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തെറ്റ് കൂടാതെ ഉത്തരം എഴുതിയവരെയാണ് വിജയികളായി തിരഞ്ഞെടുത്തത്.
ഒരേ സമയം വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുമ്പോഴുണ്ടാകുന്ന ട്രാഫിക് നിയന്ത്രിക്കുന്നതിനും സാങ്കേതിക സഹായങ്ങള്‍ നല്കുന്നതിനും യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹിസെന്ററിന്റെ ദഅവാവിഭാഗത്തിലെ കമ്പ്യൂട്ടര്‍ പ്രോഫെഷനല്‍ ടീമും പണ്ഡിതന്മാരും രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ പരീക്ഷ കണ്ട്രോള്‍റൂമില്‍ സദാസമയം ജാഗരൂഗരായി നില്‍പുണ്ടായിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും  നവോത്ഥാന പ്രസ്ഥാനമായ കേരള നദ്‌വത്തുല്‍മുജാഹിദീനും അതിന്റെ യു.എ.ഇ പോഷകഘടകമായ ഇന്ത്യന്‍ ഇസ്ലാഹിസെന്ററും സംയുക്തമായാണ് ലോകത്തിലെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചത്.
കൈരളിയുടെ ഓണ്‍ലൈന്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച ഈ നൂതന സംരംഭത്തിന് കേരളത്തിനു അകത്തും പുറത്തുംനിന്ന് വമ്പിച്ച സ്വീകാര്യതയും പ്രോത്സാഹനവുമാണ് ലഭിച്ചതെന്ന് കെ.എന്‍.എം. ജനറല്‍ സെക്രെട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവിയും യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹിസെന്റര്‍ പ്രസിഡണ്ട് എ.പി. അബ്ദുസ്സമദും അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പുറമെ മലയാളികള്‍ കൂടുതല്‍ താമസിച്ചു വരുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, ജി.സി.സി, യു.എസ്.എ, കാനഡ, യൂറോപ്, ആസ്‌ത്രേലിയ, ബ്രൂണൈ ദാറുസ്സലാം, മലേഷ്യ, മാലിദീപ് സിംഗപ്പൂര്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍  പരീക്ഷയില്‍ പങ്കെടുക്കുകയുണ്ടായി. കാര്യമായ പരസ്യമോ പ്രചാരണ പരിപാടികളോ നടത്തില്ലെങ്കിലും 7093 പേര്‍ പരീക്ഷക്ക് രജിസ്ടര്‍ചെയ്തിരുന്നു. 60% മാര്‍ക്ക് നേടിക്കൊണ്ട് മൊത്തം 1692 പേരാണ് വിജയികളായത്. അതില്‍ 22 പേര്‍ 100% മാര്‍ക്ക് നേടി.
ഒന്നാംറാങ്ക് നേടിയ ആള്‍ക്ക് ഒരു ലക്ഷംരൂപയും മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷയുടെ മുഴുവന്‍ ഭാഗങ്ങളും രണ്ടാംറാങ്ക് നേടിയവര്‍ക്ക് 75000 രൂപയും മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷയുടെ മുഴുവന്‍ ഭാഗങ്ങളും മൂന്നാം റാങ്ക് നേടിയ ആള്‍ക്ക് 50000 രൂപയും മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷയുടെ മുഴുവന്‍ ഭാഗങ്ങളും ലഭിക്കും. 4 മുതല്‍ 10 വരെ റാങ്ക് നേടിയവര്‍ക്ക് 10000 രൂപയും തഫ്‌സീര്‍ ഗ്രന്ഥവും 11 മുതല്‍ 25 വരെറാങ്ക് നേടിയവര്‍ക്ക് 2500 രൂപയോ മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷയുടെ മുഴുവന്‍ ഭാഗങ്ങളുയോലഭിക്കും. 26 മുതല്‍ 100 വരെറാങ്ക് നേടിയവര്‍ക്ക് 1000 രൂപയോ 1350 രൂപയുടെ ഇസ്ലാമിക ഗ്രന്ഥങ്ങമോ ലഭിക്കും. 60% മാര്‍ക്ക് നേടി വിജയിച്ച എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതാണ്.
പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ പരിശുദ്ധ റമദാനില്‍ ദുബയ്് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡിനോട് ചേര്‍ന്ന് നടക്കുന്ന എം.എം. അക്ബറിന്റെ പ്രഭാഷണ വേദിയില്‍ വെച്ച് വിതരണം ചെയ്യും. പരീക്ഷയില്‍ പങ്കെടുത്തവരെയും പ്രത്യേകിച്ച് സമ്മാനങ്ങള്‍ നേടിയവരെയും കെ.എന്‍.എം. ജനറല്‍സെക്രെട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവിയും യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹിസെന്റര്‍ പ്രസിഡണ്ട് എ.പി. അബ്ദുസ്സമദും പ്രത്യേകം അഭിനന്ദിച്ചു. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ചെയ്ത അല്‍മനാര്‍ ഇസ്ലാമിക്‌സെന്റര്‍ ചെയര്‍മാനും റിജെന്‍സി ഗ്രൂപ്പ് ചെയര്‍മാനുമായ ശംസുദ്ധീന്‍ മുഹിയുദ്ധീനും പരീക്ഷയുടെ വിജയത്തിന് വേണ്ടി പ്രവൃത്തിച്ച പ്രവ്രത്തകരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായി ഇവര്‍ എടുത്തുപറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക