|    Jan 21 Sat, 2017 1:37 am
FLASH NEWS

രാജ്യസ്‌നേഹം തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി

Published : 2nd December 2015 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യ സ്‌നേഹം തെളിയിക്കാന്‍ ആര്‍ക്കും ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 125 കോടി ഇന്ത്യക്കാരുടെ രാജ്യസ്‌നേഹത്തെക്കുറിച്ച് ആരും ചോദ്യം ഉന്നയിക്കേണ്ടതില്ല. ആരും തന്നെ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമില്ലെന്ന് രാജ്യസഭയിലെ ഭരണഘടന ചര്‍ച്ചയ്ക്കു മറുപടി പറയുന്നതിനിടെ മോദി വ്യക്തമാക്കി.
അക്രമ സംഭവങ്ങള്‍ സമൂഹത്തിനും രാജ്യത്തിനും കളങ്കമേല്‍പിക്കുന്നതാണ്. അക്രമങ്ങളുടെ വേദന എല്ലാവരും അനുഭവിക്കുന്നു. ഇന്ത്യയെ പോലെ ഒട്ടേറെ വൈവിധ്യങ്ങള്‍ ഉള്ള ഒരു രാജ്യത്ത് ശിഥിലീകരണത്തിന് സാധ്യതകള്‍ ഉണ്ടെങ്കിലും രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്തണം. ഭരണഘടന രൂപീകരണത്തില്‍ പണ്ഡിറ്റ് നെഹ്‌റു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വിസ്മരിക്കാനാവുന്നതല്ലെന്നും മോദി പറഞ്ഞു. മുതിര്‍ന്നവരുടെ സഭയായ രാജ്യസഭയ്ക്കാണു താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. രാജ്യസഭയുടെ ഔന്നത്യത്തില്‍ തര്‍ക്കമില്ലെന്നും മോദി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിനു വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്ലുകള്‍ പാസ്സാവണമെങ്കില്‍ പ്രതിപക്ഷത്തിന്റെ സന്‍മനസ് അനിവാര്യമാണെന്നും മോദി പറഞ്ഞു. രാജ്യസഭ ജനങ്ങള്‍ തിരഞ്ഞെടുക്കപ്പെടാത്തവരുടെ സഭയാണെന്ന് തിങ്കളാഴ്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. ഇതിനെ പ്രതിപക്ഷാംഗങ്ങള്‍ രാജ്യസഭയില്‍ അപലപിച്ചിരുന്നു.
അതേസമയം, രാജ്യസഭയില്‍ മോദി നടത്തിയ പ്രസംഗത്തിന് മറുപടിയായി ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം നടത്തി. ഭരണഘടനയുടെ മഹത്വം പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന കേന്ദ്ര മന്ത്രിമാരെയും പാര്‍ട്ടി നേതാക്കളേയും നിയന്ത്രിക്കാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
ഹരിയാനയില്‍ ദലിത് കുഞ്ഞുങ്ങളെ ചുട്ടുക്കൊന്ന സംഭവത്തെ അവഹേളിച്ച കേന്ദ്ര മന്ത്രി വി കെ സിങിനെതിരേ നടപടി എടുത്തില്ല. എന്തുകൊണ്ടാണ് ഇത്രയും നാളായിട്ട് ഈ സംഭവത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ പോലും രാജ്യദ്രോഹ കുറ്റത്തിന്റെ പരിധിയില്‍പ്പെടുത്തുകയാണെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, അസഹിഷ്ണുത വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ മറുപടി നല്‍കിയ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ വിശദീകരണത്തില്‍ തൃപ്തരാവാത്ത പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്ത്യയില്‍ മുസ്‌ലിംകളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുത രാജ്യ സുരക്ഷയെ ബാധിക്കുന്നുണ്ട്. വൈവിധ്യങ്ങളെ ബഹുമാനിക്കുന്ന തരത്തിലാണ് ഇന്ത്യ സംവിധാനിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യയില്‍ വിദ്വേഷവും വിദേശത്ത് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയും ഒരുമിച്ച് കൊണ്ടുപോവാനാവില്ലെന്നും തരൂര്‍ വിമര്‍ശിച്ചു. വിദേശ മാധ്യമങ്ങള്‍ വരെ ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയെ കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. ഇത് ഇന്ത്യയുടെ പ്രതിച്ഛായക്ക് ഉണ്ടാക്കിയ കളങ്കം നിസ്സാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 98 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക