|    Jan 25 Wed, 2017 12:58 am
FLASH NEWS

രാജ്യസ്‌നേഹം എന്നാല്‍ ജനസ്‌നേഹം

Published : 14th February 2016 | Posted By: swapna en

ഉബൈദ് തൃക്കളയൂര്‍

airlift-poster

 


കേവലം വിനോദോപാധി മാത്രമല്ല, സമൂഹത്തിന് ഉദാത്തമായ സന്ദേശങ്ങള്‍ പകര്‍ന്നുകൊടുക്കാനും സിനിമ പ്രയോജനപ്പെടുത്താമെന്ന് കാണിച്ചുതരുന്ന ചിത്രമാണ് ‘എയര്‍ലിഫ്റ്റ്’. രാജ്യത്തെ ചില ബിംബങ്ങളോടോ വ്യക്തികളോടോ ഭക്തിയും ആരാധനാഭാവവും പ്രകടിപ്പിക്കുന്നതോ, അതിര്‍ത്തി സംരക്ഷണത്തിന്റെ പേരില്‍ അയല്‍പക്ക രാഷ്ട്രങ്ങളിലെ പട്ടാളക്കാരോടും ജനങ്ങളോടും ശത്രുതയും വിദ്വേഷവും വച്ചുപുലര്‍ത്തുന്നതോ അല്ല രാജ്യസ്‌നേഹമെന്നും ജനങ്ങളെ സ്‌നേഹിക്കലാണ് യഥാര്‍ഥ രാജ്യസ്‌നേഹമെന്നും രാജാകൃഷ്ണമേനോന്‍ സംവിധാനം നിര്‍വഹിച്ച ‘എയര്‍ലിഫ്റ്റ്’ എന്ന ഹിന്ദി സിനിമ ഉദ്‌ഘോഷിക്കുന്നു.


1990 ആഗസ്തിലാണ് സദ്ദാം ഹുസയ്ന്‍ കുവൈത്ത് ആക്രമിച്ചത്. ഇക്കാലത്ത് കുവൈത്തില്‍ കുടുങ്ങിയ, 1,70,000 ഇന്ത്യക്കാരെ സ്വദേശത്തെത്തിക്കാന്‍ അവിടെ ബിസിനസ്സുകാരനായ ഒരു ഇന്ത്യക്കാരന്‍ നടത്തുന്ന ഇടപെടലുകളും ശ്രമങ്ങളുമാണ് സിനിമയുടെ പ്രമേയം. യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരം തന്നെയാണ് സിനിമ. 59 ദിവസം കൊണ്ട് 488 വിമാനങ്ങളുടെ സഹായത്തോടെ ഒന്നേമുക്കാല്‍ ലക്ഷത്തോളം ഇന്ത്യക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിച്ചുവെന്നത് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ സംഭവമായിരുന്നു. വ്യോമമാര്‍ഗത്തിലൂടെയുള്ള ചരിത്രം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമെന്ന് ലോകം വിധിയെഴുതി. ഇതിന് നേതൃത്വം നല്‍കിയ എയര്‍ ഇന്ത്യക്ക് ഗിന്നസ് ബുക്കില്‍ പ്രവേശനം നേടാനും സാധിച്ചു.
വളരെ നാളത്തെ കഠിനാധ്വാന ഫലമായാണ് ‘എയര്‍ ലിഫ്റ്റ്’ പ്രേക്ഷകരിലേക്കെത്തുന്നത്. ഇറാഖിന്റെ കുവൈത്താക്രമണവും ഇന്ത്യന്‍ അഭയാര്‍ഥികളുടെ മോചനവുമായി ബന്ധപ്പെട്ട മുഴുവന്‍ സംഭവങ്ങളും പഠനവിധേയനാക്കി വികസിപ്പിച്ചെടുത്തതാണ് കഥ. രണ്ടു ലക്ഷത്തോളം ഇന്ത്യക്കാരുടെ നിസ്സഹായത കണ്ട് മനസ്സലിഞ്ഞ്, യുദ്ധമുഖത്ത് കുടുങ്ങിയ ഈ നിരപരാധികളെ എങ്ങനെ സ്വദേശത്തേക്കെത്തിക്കാം എന്നു ചിന്തിച്ച്, മാത്തുണ്ണി(സണ്ണി) മാത്യൂസ്, വേദി എന്നീ രണ്ട് സുഹൃത്തുക്കള്‍ ഒരു അനൗദ്യോഗിക കമ്മിറ്റിക്ക് രൂപം നല്‍കി. ഇവരുടെ ത്യാഗനിര്‍ഭരമായ ശ്രമങ്ങളാണ് കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷയ്ക്ക് ഇടയാക്കിയതെന്ന് വിദേശപത്രങ്ങള്‍ പോലും റിപോര്‍ട്ട് ചെയ്തിരുന്നു. ‘മാത്യൂസ് ദ മെസ്സിഹ’ എന്നാണ് പത്രങ്ങള്‍ മാത്തുണ്ണി മാത്യൂസിനെ വിശേഷിപ്പിച്ചത്. ഈ രണ്ടു വ്യക്തികളുടെയും സമ്മിശ്ര പ്രതിരൂപമായാണ് രഞ്ജിത് കഠ്‌യാല്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് രാജാകൃഷ്ണമേനോന്‍ പറയുന്നു.  30 കോടി രൂപയുടെ ബജറ്റിലാണ് ചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2016 ജനുവരി 22ന് ലോകവ്യാപകമായി റിലീസ് ചെയ്തു. റിപബ്ലിക് ദിനത്തോടനുബന്ധിച്ചിറങ്ങിയ രാജ്യസ്‌നേഹച്ചിത്രം എന്ന ഖ്യാതികൂടി ‘എയര്‍ലിഫ്റ്റ്’ നേടി. രഞ്ജിത് കഠ്‌യാല്‍ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ്കുമാറാണ്. ഭാര്യ അമൃതയായി നിംറത് കൗറും വേഷമിടുന്നു.

കഠ്‌യാലിന്റെ മനംമാറ്റം

airlift-akshay-kumar-iraqഏതുവിധേനയും ലാഭമുണ്ടാക്കുക           എന്നു മാത്രം ലക്ഷ്യമിട്ടിരുന്ന ദയാവായ്പില്ലാത്ത ഒരു പക്കാ ബിസിനസ്സുകാരന്‍-  അതായിരുന്നു രഞ്ജിത് കഠ്‌യാല്‍. ഇറാഖിലും കുവൈത്തിലും അദ്ദേഹത്തിന് വ്യാപാരത്തിന്റെയും സൗഹൃദത്തിന്റെയും ആഴത്തിലുള്ള വേരുകളുണ്ട്. കഠ്‌യാല്‍ തന്നെ ഒരു കുവൈത്തിയായാണ് സ്വയം കണക്കാക്കുന്നത്. പൊതുവെ അയാള്‍ക്ക് ഇന്ത്യക്കാരോട് വലിയ താല്‍പര്യമൊന്നുമില്ല. കുവൈത്തില്‍ വലിയൊരു മാന്‍ഷന്‍ അയാള്‍ക്കുണ്ട്. രഞ്ജിത്തും ഭാര്യ അമൃത കഠ്‌യാലും മകള്‍ സിമുവും അതില്‍ സസുഖം വസിക്കുകയായിരുന്നു.
ഒരു വൈകുന്നേരം, ഇറാഖ് കുവൈത്തിനെ ആക്രമിച്ചു എന്ന വിവരം ലഭിക്കുന്നു രഞ്ജിത്തിന്. പലപ്പോഴായി ഉണ്ടാവാറുള്ള അതിര്‍ത്തികളിലെ ചെറിയ കടന്നുകയറ്റങ്ങളായിരിക്കുമെന്നാണ് കരുതിയത്. കാര്യങ്ങളൊക്കെ ശാന്തമാവുന്നതുവരെ മകളെയും കൊണ്ട് കുറച്ചു ദിവസത്തേക്ക് ലണ്ടനില്‍ പോയി താമസിക്കാന്‍ അയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടു. അധികം താമസിയാതെ അയാള്‍ക്ക് കാര്യത്തിന്റെ കിടപ്പ് ബോധ്യപ്പെടുന്നു. ആക്രമണം നിസ്സാര കശപിശയല്ല. ഇറാഖ് സൈന്യം കുവൈത്തിലേക്ക് ഇരച്ചുകയറുകയാണ്. അവര്‍ കുവൈത്തി പൗരന്‍മാര്‍ക്ക് നേരെ നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ കഠ്‌യാലും ഡ്രൈവര്‍ നായരും ഇന്ത്യന്‍ എംബസിയിലേക്ക് കാറോടിച്ചു. ഇറാഖ് പട്ടാളക്കാര്‍ അവരെ തടഞ്ഞു. ഡ്രൈവര്‍ നായരെ വെടിവച്ചു കൊല്ലുകയും ചെയ്തു. കഠ്‌യാല്‍, താന്‍ കുവൈത്തിയല്ല; ഇന്ത്യക്കാരനാണെന്ന് ബോധ്യപ്പെടുത്താന്‍ ആധികാരിക രേഖകള്‍ കാണിച്ച് കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനിടെ പട്ടാളക്കാരന് മറുഭാഗത്തേക്ക് ശ്രദ്ധ തിരിക്കേണ്ടി വന്നതുകൊണ്ടുമാത്രം രഞ്ജിത് കഠ്‌യാലിന് രക്ഷപ്പെടാന്‍ സാധിച്ചു.
അതുവരെ ഇന്ത്യക്കാരുടെ വീട് തന്നെയായിരുന്നു കുവൈത്ത്. പെട്ടെന്നാണ് എല്ലാം തകര്‍ക്കപ്പെട്ടതും കൊള്ള ചെയ്യപ്പെട്ടതും. 1,70,000 ഇന്ത്യക്കാര്‍ അഭയാര്‍ഥികളായി മാറിയിരിക്കുന്നു! എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഭയവിഹ്വലരായി കുടിയൊഴിപ്പിക്കപ്പെട്ട് കഴിയുന്ന ഹതഭാഗ്യര്‍.
കഠ്‌യാല്‍ ഇറാഖി മേജര്‍ ഖലഫിനെ കണ്ടുമുട്ടിയത് തുണയായി. കഠ്‌യാലിനെ മേജറിന് നേരത്തേ അറിയാം. കഠ്‌യാലിനും കുടുംബത്തിനും രക്ഷപ്പെടാന്‍ എന്തു സഹായവും ചെയ്തുകൊടുക്കാന്‍ മേജര്‍ സന്നദ്ധനാണ്; ഒരു ബിസിനസ്സ് ഡീല്‍ എന്ന നിലയ്ക്ക്. എന്നുവച്ചാല്‍ പണം കൊടുത്താല്‍             രക്ഷപ്പെടാന്‍ സഹായിക്കാമെന്ന്! കഠ്‌യാല്‍ ധൃതിപ്പെട്ട് വീട്ടിലെത്തിയപ്പോള്‍ വീട് സൈന്യം കൊള്ളയടിച്ചതായാണ് കാണാന്‍ കഴിഞ്ഞത്. ഭാര്യയും മകളും അദ്ദേഹത്തിന്റെ ഓഫിസില്‍ സുരക്ഷിതരായി എത്തിയിരിക്കുന്നു. കഠ്‌യാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന ചില സുഹൃത്തുക്കളെ കണ്ടു. ഇന്ത്യക്കാര്‍ ഒരുമിച്ചു നില്‍ക്കേണ്ടുന്നതിന്റെ ആവശ്യകത അയാള്‍ അവരെ ബോധ്യപ്പെടുത്തി.

ഹൃദയസ്പൃക്കായ വശങ്ങള്‍

akshyമേജര്‍ ഖലഫിനെ ഉപയോഗപ്പെടുത്തി രക്ഷപ്പെടാന്‍ അമൃത അപേക്ഷിച്ചെങ്കിലും സാധാരണഗതിയില്‍ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു മാത്രം മുന്‍ഗണന നല്‍കാറുള്ള രഞ്ജിത് പക്ഷേ, തയ്യാറാവുന്നില്ല. തന്നെപോലെ പൊടുന്നനെ അഭയാര്‍ഥികളായി മാറിയ ആയിരക്കണക്കിന് നിരാലംബരായ ഇന്ത്യക്കാരെ വിട്ട് സുരക്ഷയുടെ ചക്രവാളങ്ങളിലേക്ക് പറന്നുയരാന്‍ അയാളുടെ മനസ്സനുവദിക്കുന്നില്ല. അയാള്‍ മാറുകയായിരുന്നു. മുഴുവന്‍ ഇന്ത്യക്കാരെയും കൊണ്ടേ കുവൈത്ത് വിടൂ എന്ന തീരുമാനത്തോടൊപ്പം നില്‍ക്കാന്‍ ഭാര്യ അമൃതയും സന്നദ്ധയാവുന്നു.
അഭയാര്‍ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിനിടയില്‍ നിരവധി ദുര്‍ഘടങ്ങള്‍ തരണം ചെയ്യേണ്ടിവരുന്നുണ്ട് കഠ്‌യാലിന്. ഇന്ത്യക്കാരുടെ താമസം, ഭക്ഷണം എന്നിവയ്ക്കു പുറമെ യാത്രാരേഖകള്‍ ഉണ്ടാക്കല്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും അനുമതി ലഭ്യമാക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍. മിക്കവരുടെയും പാസ്‌പോര്‍ട്ടുകള്‍ അവരുടെ സ്‌പോണ്‍സര്‍മാര്‍ സൂക്ഷിച്ചിരിക്കയായിരുന്നല്ലോ.
ഇന്ത്യന്‍ അഭയാര്‍ഥി ക്യാംപില്‍ ഇറാഖ് പട്ടാളക്കാരില്‍ നിന്നെങ്ങനെയോ രക്ഷപ്പെട്ട് കൈക്കുഞ്ഞുമായെത്തിയ ഒരു കുവൈത്തി യുവതിയെ ഇന്ത്യക്കാര്‍ സംരക്ഷിക്കുന്നതിന്റെയും രക്ഷാമാര്‍ഗമൊരുക്കുന്നതിന്റെയും ഹൃദയസ്പൃക്കായ രംഗങ്ങളുണ്ട് ചിത്രത്തില്‍. രാജ്യാതിര്‍ത്തികള്‍ക്കപ്പുറമുള്ള മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തഭാവങ്ങളാണവ. അക്ഷയ്കുമാറിന്റെ കരിയറിലെ ഒരു വഴിത്തിരിവായാണ് ‘എയര്‍ ലിഫ്റ്റ്’ കണക്കാക്കപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 265 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക