|    Dec 16 Sun, 2018 1:55 pm
FLASH NEWS
Home   >  Kerala   >  

രാജ്യസഭ സീറ്റ്; കലാപക്കൊടിയുമായി യുവ കോണ്‍ഗ്രസ് എംഎല്‍എമാര്‍

Published : 3rd June 2018 | Posted By: sruthi srt

കോഴിക്കോട്: രാജ്യസഭാ സീറ്റില്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ കലാപം.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ പി ജെ കുര്യന്‍ ഈ സീറ്റില്‍ മല്‍സരിക്കരുതെന്നാണ് ഇവരുടെ ആവശ്യം.വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, അനില്‍ അക്കര, ഹൈബി ഈഡന്‍, റോജി എം. ജോണ്‍ എന്നീ എംഎല്‍എമാരാണ് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്നുംയുവാക്കളെയാണ് പരിഗണിക്കേണ്ടതെന്നും  ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു.
2005 മുതല്‍ കുര്യന്‍ സാര്‍ രാജ്യസഭയിലുണ്ട് . നിലവില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനുമാണ്. അദ്ദേഹത്തിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ലാതെ തന്നെ ഇനി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുവാന്‍ അദ്ദേഹം തയ്യാറാവണം എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടത്.

റോജി എം ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോണ്‍ഗ്രസ്സ് പ്രസിഡന്റായി ചുമതലയേറ്റ എഐസിസി സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരെയും സദസ്സില്‍ ഇരുത്തി, ഒഴിച്ചിട്ട സ്‌റ്റേജ് ചൂണ്ടി കാണിച്ച് രാഹൂല്‍ ഗാന്ധി രാജ്യത്തെ യുവാക്കളോട് പറഞ്ഞത് പാര്‍ട്ടി വേദികള്‍ (സ്ഥാനങ്ങള്‍) അവര്‍ക്കായി ഒഴിച്ചിട്ടിരിക്കുന്നു എന്നാണ്. ശ്രീ. പി ജെ കുര്യനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ അത് ഓര്‍ക്കണമെന്നും, അര്‍ഹതയുള്ള മറ്റ് പലര്‍ക്കും വേണ്ടി വഴി മാറികൊടുക്കണമെന്നും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
ചെങ്ങന്നൂര്‍ നല്‍കുന്ന പാഠം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി തയ്യാറാകണം. തോല്‍വിയുടെ ഉത്തരവാദിത്വം ആരുടെയും തലയില്‍ കെട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ഉള്‍പ്പെടെ പ്രചരണ രംഗത്ത് ഉണ്ടായിരുന്ന
എല്ലാവര്‍ക്കും അതില്‍ പങ്കുണ്ട്.
ഇനി ആവശ്യം തൊലിപ്പുറത്തെ ചികില്‍സയല്ല. സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്ന പ്രകടമായ മാറ്റങ്ങള്‍ അനിവാര്യമാണ്. മരണം വരെ പാര്‍ലമെന്റിലൊ അസ്സംബ്ലിയിലൊ ഉണ്ടാവണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കള്‍ കോണ്‍ഗ്രസ്സിന്റെ ശാപമാണ്. പല പാര്‍ട്ടി സ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവരെ മാറ്റാന്‍ പാര്‍ട്ടി തയാറായില്ലെങ്കില്‍ ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ഇനിയും അടങ്ങിയിരിക്കില്ല എന്നതിന്റെ സൂചനകളാണ് കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളായി ഉയര്‍ന്ന് കേള്‍ക്കുന്നത്. ആ വികാരത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു, തലമുറ മാറ്റത്തിന് വേണ്ടി ഒരു കാലത്ത് ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ഇപ്പോഴത്തെ നേതൃത്വം അത് ഉള്‍ക്കൊള്ളാന്‍ തയാറാകും എന്ന് വിശ്വസിക്കുന്നു.

വിടി ബല്‍റാമിന്റെ വാക്കുകള്‍

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വരുന്നു. ഒഴിവുള്ള മൂന്ന് സീറ്റുകളില്‍ ഒരെണ്ണത്തില്‍ യു.ഡി.എഫിനാണ് വിജയ സാധ്യത. മുന്നണി ധാരണ പ്രകാരം ഇത്തവണ കോണ്‍ഗ്രസിനാണ് ആ സീറ്റ് ലഭിക്കുന്നത്.
പാര്‍ലമെന്ററി അവസരങ്ങളൊക്കെ ചില വ്യക്തികള്‍ കുത്തകയാക്കുന്നത് ജനാധിപത്യത്തിന് പൊതുവിലും കോണ്‍ഗ്രസ് സംഘടനക്ക് പ്രത്യേകിച്ചും അത്ര ഭൂഷണമല്ല. ചില ഉന്നത നേതാക്കന്മാര്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ നിലനില്‍ക്കേണ്ടത് സംഘടനയുടെ വിശാല താത്പര്യങ്ങള്‍ക്ക് ഗുണകരമായേക്കാം. ചില പാര്‍ലമെന്റ്/അസംബ്ലി മണ്ഡലങ്ങളില്‍ വിജയസാധ്യത പരിഗണിച്ചും ചിലരെ ആവര്‍ത്തിച്ച് മത്സരിപ്പിക്കേണ്ടി വന്നേക്കാം. എന്നാല്‍ പാര്‍ട്ടി എംഎല്‍എമാരുടെ വോട്ട് കൊണ്ട് വിജയം സുനിശ്ചിതമായ രാജ്യസഭയിലേക്ക് അങ്ങനെ ചിലര്‍ക്ക് മാത്രം വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.
കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റമുണ്ടാകേണ്ട സമയം സമാഗതമായിരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, പാര്‍ട്ടിയെ പുറത്തുനിന്ന് പ്രതീക്ഷാപൂര്‍വ്വം ഉറ്റുനോക്കുന്ന പൊതുസമൂഹവും ഈ വികാരമാണ് പങ്കുവെക്കുന്നത്. നേതൃത്ത്വത്തിലുള്ള വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല, പ്രവര്‍ത്തന ശൈലിയുടേയും രാഷ്ട്രീയ മുന്‍ഗണനകളുടേയും സമീപന രീതികളുടേയും സമൂഹവുമായുള്ള ആശയ വിനിമയത്തിന്റേയുമൊക്കെ കാര്യങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ അനിവാര്യമാണ്. അല്ലാത്തപക്ഷം പാര്‍ട്ടി നേരിടാന്‍ പോകുന്നത് നിലനില്‍പ്പിന്റെ ഭീഷണിയാണ്.
രാജ്യസഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്‌സഭയിലും അംഗമായിട്ടുള്ള ശ്രീ പി.ജെ.കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതിനായി ഈ അവസരത്തെ ഔചിത്യപൂര്‍വ്വം ഉപയോഗപ്പെടുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലും രാജ്യസഭ ഉപാധ്യക്ഷന്‍ എന്ന നിലയിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടും.
പകരമായി പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഇതുവരെ പാര്‍ലമെന്ററി അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പരിഗണന നല്‍കാനാണ് ഇത്തവണ കോണ്‍ഗ്രസ് നേതൃത്ത്വം ശ്രദ്ധിക്കേണ്ടത്. ചെറുപ്പക്കാര്‍ പാര്‍ലമെന്റിലേക്ക് വന്നിട്ട് പതിറ്റാണ്ടുകളായി. സാമൂഹിക, പ്രാദേശിക പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഒരു വനിതയോ മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രതിനിധിയോ മലബാര്‍ ജില്ലകളില്‍ നിന്നുള്ള ഒരു നേതാവോ ഒക്കെ പരിഗണിക്കപ്പെടുന്നതും ഉചിതമായിരിക്കും.
ഇത്തരം പലവിധ പരിഗണനകള്‍ വച്ചുകൊണ്ട് തഴെപ്പറയുന്ന പേരുകള്‍ (മുന്‍ഗണനാടിസ്ഥാനത്തിലല്ല ) പരിഗണിക്കാവുന്നതാണെന്ന് തോന്നുന്നു:
ഷാനിമോള്‍ ഉസ്മാന്‍: എഐസിസി സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ, ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. മികച്ച സംഘാടക, വാഗ്മി.
ഡോ.മാത്യു കുഴല്‍നാടന്‍: പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്. യൂത്ത് കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ സെക്രട്ടറി. നിയമ, സാമ്പത്തിക കാര്യ വിദഗ്ദന്‍.
ടി.സിദ്ധീഖ്: കോഴിക്കോട് ഡിസിസി പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ട്, മികച്ച സംഘാടകന്‍, പ്രഭാഷകന്‍.
എം.ലിജു: ആലപ്പുഴ ഡിസിസി പ്രസിഡണ്ട്, രാഷ്ട്രീയ കാര്യ സമിതി അംഗം, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ട്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി. നല്ല സംഘാടകന്‍.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍: മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി, സേവാദള്‍ മുന്‍ സംസ്ഥാന ചെയര്‍മാന്‍, മികച്ച പ്രഭാഷകന്‍.
അര്‍ഹതപ്പെട്ട നിരവധി പേര്‍ ഇനിയും ഈ പ്രസ്ഥാനത്തിലുണ്ട്, എന്നാലും കാര്യമായ അവസരങ്ങള്‍ ഇതുവരെ ലഭിക്കാത്ത ചിലരുടെ പേരുകള്‍ പ്രത്യേകമായി എടുത്തു പറയുന്നു എന്നേയുള്ളൂ. ഇക്കൂട്ടത്തില്‍പ്പെട്ട ആരെങ്കിലുമാണ് രാജ്യസഭ സ്ഥാനാര്‍ത്ഥി എങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിനേ സംബന്ധിച്ച് അതൊരു പുതിയ തുടക്കമായിരിക്കും. പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമുള്ള ക്രിയാത്മകമായ ഒരു സന്ദേശമായിരിക്കും.
ഈ ദിശയിലുള്ള അഭിപ്രായങ്ങള്‍ ബഹുമാന്യനായ അഖിലേന്ത്യാ കോണ്‍ഗ്രസ് അധ്യക്ഷനെയും മറ്റ് മുതിര്‍ന്ന നേതാക്കളേയും ഉചിതമാര്‍ഗേന അറിയിക്കുന്നുണ്ട്. ഒരു ബഹുജന പ്രസ്ഥാനമെന്ന നിലയില്‍ ഇക്കാര്യങ്ങളില്‍ ഒരു പൊതു ചര്‍ച്ച ഉണ്ടാവുന്നതിലും അപാകതയില്ല എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയും പറയുന്നത്. അതുള്‍ക്കൊള്ളാനും കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാനും കഴിയുന്നവരാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍ എന്നാണ് എന്റെ പ്രതീക്ഷ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss