|    Nov 20 Mon, 2017 1:24 pm
Home   >  Todays Paper  >  page 7  >  

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ടിന് സ്‌റ്റേ ഇല്ല

Published : 4th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിഷേധവോട്ട് (നോട്ട) ഉള്‍പ്പെടുത്തിയ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം  റദ്ദാക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഈ മാസം എട്ടിന് ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ക്കു നല്‍കുന്ന ബാലറ്റില്‍ നിഷേധ വോട്ടിനുള്ള  കോളം ഉള്‍പ്പെടുത്തിയതിനെതിരേ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. എന്നാല്‍, നോട്ടയ്‌ക്കെതിരായ ഹരജിയില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. നോട്ട ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആഗസ്ത് ഒന്നിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. വിഷയം വിശദമായി പരിശോധിക്കാമെന്നും എന്നാല്‍, ഇപ്പോള്‍ നടപടികള്‍ റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിത്‌വ് റോയ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 2014ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്യാന്‍ എന്താണ് ഇത്ര വൈകിയതെന്ന് ബെഞ്ച് ഹരജിക്കാരോട് ആരാഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിഷേധവോട്ട് (നോട്ട) ഉള്‍പ്പെടുത്തിയത് 1961ലെ തിരഞ്ഞടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെയും 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെയും ലംഘനമാണെന്നാണ് ഹരജിക്കാരനായ ഗുജറാത്ത് കോണ്‍ഗ്രസ് ചീഫ് വിപ്പായ സൈലേഷ് മനുഭായി പര്‍മര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക