|    Aug 18 Fri, 2017 12:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട: കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍

Published : 3rd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നോട്ട ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചു. ഹരജി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും. ഹരജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. ഭരണഘടനയില്‍ നോട്ട നിയമപരമായ ഒരു വ്യവസ്ഥയല്ലെന്ന് സിബല്‍ കോടതിയില്‍ വ്യക്തമാക്കി. 2013ലെ സുപ്രിംകോടതി നിര്‍ദേശത്തിനു ശേഷം 2014 ജനുവരിയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പുകളില്‍ നോട്ട നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നാണു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആഗസ്ത് എട്ടിനാണു ഗുജറാത്തില്‍ നിന്നുള്ള മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ എന്നിവരാണു മല്‍സരരംഗത്തുള്ളത്. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ബല്‍വന്ത്‌സിന്‍ഹയെ കൂറുമാറ്റി കോണ്‍ഗ്രസ്സില്‍ നിന്നു രാജിവയ്പിച്ച് പട്ടേലിനെതിരേ മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മാത്രം നോട്ട ഉള്‍പ്പെടുത്തിയതിനെതിരേ കോണ്‍ഗ്രസ് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. നോട്ട ഏര്‍പ്പെടുത്തിയ തീരുമാനം ഭരണഘടനാലംഘനവും തിരഞ്ഞെടുപ്പ് നിയമങ്ങളെ അട്ടിമറിക്കുന്നതുമാണെന്നാണ് കോണ്‍ഗ്രസ്സിന്റെ വാദം. അതേസമയം, ഇതു പുതിയ നിര്‍ദേശമല്ലെന്നും 2014 മുതല്‍ പ്രാബല്യത്തിലുള്ളതാണെന്നുമാണ് കമ്മീഷന്റെ നിലപാട്. രാജ്യസഭാ തിരഞ്ഞെടുപ്പുകളില്‍ എംഎല്‍എമാര്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് ബാലറ്റ് പേപ്പര്‍ തന്റെ പാര്‍ട്ടിയുടെ അംഗീകൃത ഏജന്റിനെ കാണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക