|    Mar 17 Sat, 2018 12:15 pm
Home   >  Todays Paper  >  page 7  >  

രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കി ; ശരത് യാദവിനെതിരേ കടുത്ത നടപടിയുമായി ജെഡിയു

Published : 13th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബിഹാറില്‍ വിശാല മതേതര സഖ്യത്തെ തകര്‍ത്ത് ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചതോടെ ജെഡിയുവില്‍ ആരംഭിച്ച തര്‍ക്കം രൂക്ഷമായി. ജെഡിയു-ബിജെപി സഖ്യത്തെ എതിര്‍ത്ത മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിനേതൃസ്ഥാനത്തുനിന്നു മാറ്റി. ജെഡിയു മുന്‍ ദേശീയ അധ്യക്ഷനും പാര്‍ട്ടിയുടെ രാജ്യസഭാ കക്ഷിനേതാവുമായ ശരത് യാദവിനെ സ്ഥാനത്തുനിന്നു നീക്കി. പാര്‍ട്ടിതാല്‍പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് നടപടി. ശരത് യാദവിനു പകരമായി രാമചന്ദ്ര പ്രസാദ് സിങിനാണ് രാജ്യസഭാ കക്ഷിനേതാവിന്റെ ചുമതല നല്‍കിയിരിക്കുന്നത്. സിങിനെ പുതിയ കക്ഷിനേതാവായി തിരഞ്ഞെടുത്തുകൊണ്ടുള്ള ഔദ്യോഗിക കത്ത് പാര്‍ട്ടി എംപിമാര്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനെ കണ്ടു കൈമാറി. ജെഡിയുവിനു രാജ്യസഭയില്‍ 10 അംഗങ്ങളാണുള്ളത്. അതേസമയം, നിതിഷ്‌കുമാര്‍ എന്‍ഡിഎ കണ്‍വീനറാവാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. രണ്ട് കേന്ദ്രമന്ത്രി സ്ഥാനവും ജെഡിയുവിന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ആഗസ്ത് 19ന് ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ നടക്കുന്ന ജെഡിയു ദേശീയ നിര്‍വാഹകസമിതി യോഗത്തിനുശേഷം എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.മറ്റൊരു മുതിര്‍ന്ന ജെഡിയു നേതാവും രാജ്യസഭാംഗവുമായ അലി അന്‍വര്‍ അന്‍സാരിയെ കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്തിരുന്നു. ബിജെപിയെ നേരിടാനുള്ള ബദല്‍ രൂപപ്പെടുത്തുന്നതിനായി വെള്ളിയാഴ്ച സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരേ നടപടിയെടുത്തത്. ബിഹാറിലെ ജെഡിയു-ബിജെപി സഖ്യസര്‍ക്കാരിനെതിരേ ആദ്യമായി പരസ്യമായി രംഗത്തെത്തിയത് അലി അന്‍വര്‍ അന്‍സാരിയായിരുന്നു. രാജ്യസഭയില്‍ അടുത്ത ഏപ്രില്‍ വരെ കാലാവധിയുള്ള അന്‍സാരി ഇതു രണ്ടാം തവണയാണ് രാജ്യസഭാംഗമാവുന്നത്. ബിജെപിയുടെ സാമൂഹിക-സാമ്പത്തിക നയങ്ങളെ ശക്തമായി എതിര്‍ക്കുന്നയാളാണ് അന്‍സാരി. പാര്‍ട്ടി തനിക്കെതിരേ എന്തു നടപടി സ്വീകരിച്ചാലും അതു നേരിടാന്‍ താന്‍ തയ്യാറാണെന്ന് അന്‍സാരി വ്യക്തമാക്കി. ജെഡിയു പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനിലായതോടെ രാജ്യസഭയില്‍ അന്‍സാരിയുടെ ഇരിപ്പിടം പിറകിലേക്കു മാറും. തുടര്‍ന്ന്, പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായിരിക്കില്ല. അടുത്ത ബജറ്റ് സെഷന്‍ തീരുമ്പോള്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുകയും ചെയ്യും. അതേസമയം, യഥാര്‍ഥ ജെഡിയു തന്നോടൊപ്പമാണെന്നും ജെഡിയു നിതീഷ് കുമാറിന്റേതല്ലെന്നും അതു തന്റേതുകൂടിയാണെന്നും ശരത് യാദവ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss