|    Aug 22 Wed, 2018 12:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യസഭാ ഉപാധ്യക്ഷ പദത്തിലേക്കുള്ള പ്രതിപക്ഷ സ്ഥാനാര്‍ഥി: കോണ്‍ഗ്രസ് നിശ്ചയിക്കും

Published : 8th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന മല്‍സരത്തില്‍ സംയുക്ത സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസ്സിനെ ചുമതലപ്പെടുത്തി. പ്രതിപക്ഷത്തെ മിക്ക പാര്‍ട്ടികളും അവരുടെ അംഗങ്ങളെ നിര്‍ത്താന്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ നേതാക്കള്‍ ഐകകണ്‌ഠ്യേന കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടത്.
സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച മൂന്നു തവണ യോഗം ചേര്‍ന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ഒരു നേതാവ് പറഞ്ഞു. എന്‍സിപി നേതാവ് വന്ദനാ ചവാന്റെ പേരാണ് യോഗങ്ങളില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്. എന്നാല്‍, എന്‍സിപിക്ക് അതില്‍ വലിയ താല്‍പര്യമില്ല. മറ്റു പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ്സിനെ ചുമതലപ്പെടുത്തിയത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വന്ദനാ ചവാനെ സ്ഥാനാര്‍ഥിയാക്കുന്നതിന് ഒരു പാര്‍ട്ടിയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.
ബിഎസ്പി നേതാവ് സതീഷ് ചന്ദ്രമിശ്രയാണ് വന്ദനയുടെ പേര് നിര്‍ദേശിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദെരക് ഒബ്രിയന്‍ പിന്താങ്ങി. കോണ്‍ഗ്രസ് അടക്കം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ വന്ദനയ്ക്കുണ്ടായിരുന്നു. തങ്ങളുടെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് ടിഡിപിയെ പോലുള്ള പാര്‍ട്ടികള്‍ എതിര്‍ക്കുമെന്നു കോണ്‍ഗ്രസ്സിന് ആശങ്കയുണ്ടായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ ടിഡിപി പിന്നീട് സമ്മതിച്ചുവെന്നാണ് ഒരു നേതാവ് പറഞ്ഞത്.
മഹാരാഷ്ട്രക്കാരിയായ വന്ദനാ ചവാനെ നിര്‍ത്തിയാല്‍ എന്‍ഡിഎയിലെ സഖ്യകക്ഷിയായ ശിവസേനയുടെ പിന്തുണ ലഭിക്കുമെന്നായിരുന്നു ചില പ്രതിപക്ഷ നേതാക്കള്‍ കണക്കുകൂട്ടിയിരുന്നത്. പ്രതിപക്ഷവും നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയുമായും ബന്ധപ്പെടുന്നുണ്ട്. ജെഡിയു നേതാവ് ഹരിവംശ് നാരായണ്‍ സിങാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി. നാളെയാണ് വോട്ടെടുപ്പ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss