|    Sep 21 Fri, 2018 1:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യസഭയില്‍ നോട്ട വേണ്ടെന്ന് കോടതി

Published : 22nd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ “നോട്ട’ അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വോട്ട് ചെയ്യാതെ “നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം സുപ്രിംകോടതി റദ്ദാക്കി. നേരിട്ടുള്ള തിരഞ്ഞെടുപ്പുകള്‍ ഉദ്ദേശിച്ചാണ് “നോട്ട’യെന്നും മറിച്ചുള്ളവയ്ക്ക് ഇതു ബാധകമല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നേരിട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ ഒരു പ്രതിവിധിയായിട്ടാണ് നോട്ടഅനുവദിച്ചിരിക്കുന്നതെന്നു വ്യക്തമാക്കിയ കോടതി, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ “നോട്ട’ ഉള്‍പ്പെടുത്തിയാല്‍ അതു ജനാധിപത്യത്തിന്റെ വിശുദ്ധി തകര്‍ക്കുക മാത്രമല്ല, കൂറുമാറ്റത്തിനും അഴിമതിക്കും കാരണമാവുമെന്നും നിരീക്ഷിച്ചു. ഒരു വോട്ടിന് ഒരു മൂല്യമെന്ന ആശയത്തെ “നോട്ട’ തകര്‍ക്കുകയും അഴിമതിക്ക് വാതില്‍ തുറക്കുകയും ചെയ്യുമെന്നും ബെഞ്ച് നിരീക്ഷിച്ചു. “നോട്ട’ അനുവദിച്ചാല്‍ ക്രോസ് വോട്ടിങിനും അഴിമതിക്കും സാധ്യതയുണ്ടെന്നു കാട്ടി ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ശൈലേന്ദ്ര മനുഭായി സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലിന്റെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ “നോട്ട’ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നായിരുന്നു ഹരജി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ “നോട്ട’ ഉള്‍പ്പെടുത്തിയാല്‍ അതു കുതിരക്കച്ചവടത്തിനും അഴിമതിക്കും വഴിവയ്ക്കുമെന്നാണ് ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചത്. നോട്ടയ്ക്കുള്ള സംവിധാനം ഒരുക്കുക വഴി വോട്ട് ചെയ്യാതിരിക്കലിനെ പ്രോല്‍സാഹിപ്പിക്കുകയാണു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നതെന്ന് നേരത്തേ കോടതി നിരീക്ഷിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss