|    Nov 14 Wed, 2018 5:04 pm
FLASH NEWS

രാജ്യറാണിക്ക് സ്വതന്ത്രമായി ഓടാന്‍ ഇനി കോച്ചുകള്‍ എത്തണം

Published : 17th March 2018 | Posted By: kasim kzm

നഹാസ്  എം  നിസ്താര്‍

മലപ്പുറം: മലബാറുകാരുടെ നാളുകളായുള്ള കാത്തിരിപ്പിന് അറുതിയാവുന്നു. രാജ്യറാണി എക്‌സ്പ്രസ് സ്വതന്ത്ര ട്രെയിനാക്കാന്‍ ദക്ഷിണ റെയില്‍വേ ടൈംടേബിള്‍ സമിതിയുടെ അനുമതി ലഭിച്ചു. അതേസമയം, സ്വതന്ത്ര സര്‍വീസ് ആരംഭിക്കാന്‍ പുതിയ 18 കോച്ചുകള്‍ കൂടി എത്തണം. നിലവില്‍ എട്ട് കോച്ചുകളുമായാണ് രാജ്യറാണി അമൃതയോടൊപ്പം യാത്ര തുടരുന്നത്. കോച്ചുകള്‍ ഉള്‍പ്പെടെ റേക്ക് ലഭ്യമായാല്‍ സ്വതന്ത്ര ട്രെയിന്‍ ഓടിത്തുടങ്ങാനാവുമെന്നാണ് ഉദ്യോഗസ്ഥ വിലയിരുത്തല്‍.
സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ പാലക്കാട് ഡിആര്‍എം നരേഷ് ലല്‍വാനി റെയില്‍വേ സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ചിരുന്നു. നിലമ്പൂരില്‍നിന്നു രാത്രി 8.50ന് എട്ടു ബോഗികളുമായി പുറപ്പെട്ട് ഷൊര്‍ണൂരില്‍ അമൃത എക്‌സ്പ്രസുമായി ഘടിപ്പിച്ചാണ് നിലവില്‍ ട്രെയിന്‍ യാത്ര തുടരുന്നത്. രണ്ടാഴ്ച മുമ്പ് ചെന്നൈയില്‍ ചീഫ് ഓപറേഷന്‍സ് മാനേജര്‍ അനന്തരാമന്റെ സാന്നിധ്യത്തില്‍ ടൈംടേബിള്‍ സമിതി സമയക്രമം അംഗീകരിച്ചു. ഇനിമുതല്‍ 16 ബോഗികളാണ് ഉണ്ടാവുക. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ റേക്ക് നിര്‍ത്താനുള്ള സ്ഥലക്കുറവുമൂലം തല്‍കാലം കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. നേമം സ്‌റ്റേഷന്‍ യാര്‍ഡ് വിപുലീകരണം പൂര്‍ത്തിയായാല്‍ അങ്ങോട്ടുനീട്ടും.
ഉച്ചയ്ക്ക് 2.55 ന്റെ നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ നിലമ്പൂര്‍ കോട്ടയം എന്നപേരില്‍ സര്‍വീസ് നടത്താനും അനുമതി നല്‍കി. ഇപ്പോള്‍ എറണാകുളത്തുനിന്ന് കോട്ടയം പാസഞ്ചറായാണ് ഓടുന്നത്. ഹാള്‍ട്ടിങ്്് കേന്ദ്രങ്ങളില്‍ രാജ്യറാണി ജീവനക്കാരുടെ വിശ്രമകേന്ദ്രം ഉദ്യോഗസ്്ത്ഥര്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. വനിതാ ജീവനക്കാര്‍ക്ക് പ്രത്യേക സൗകര്യം ക്രമീകരിക്കും. പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ വിളക്കുകള്‍ സജ്ജമാക്കാനും ഹൈമാസ്റ്റ് വിളക്ക് കൂടുതല്‍ നേരം പ്രവര്‍ത്തിപ്പിക്കാനും നിര്‍ദേശിച്ചു. രാജ്യറാണിക്ക് കൂടുതല്‍  റേക്കിന് റെയില്‍വേ ബോര്‍ഡില്‍ ചര്‍ച്ച നടന്നിട്ടുണ്ട്്്. രാമംകുത്ത് സബ്‌വേ നിര്‍മാണത്തിന് ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റ് റെയില്‍വേ അംഗീകരിച്ചതായി ഡിആര്‍എം അറിയിച്ചു. ആസ്തി വികസന നിധിയില്‍നിന്ന് 50 ലക്ഷം അബ്ദുല്‍ വഹാബ് എംപിയും മറ്റു തുകയ്ക്ക് എംപിമാരായ എ കെ ആന്റണി, വയലാര്‍ രവി എന്നിവരുടെ സഹായവും തേടും. രാജ്യ റാണി ഉള്‍പ്പെടെ 14 സര്‍വീസുകളാണ് നിലമ്പൂര്‍- ഷൊര്‍ണൂര്‍ റൂട്ടില്‍ നടക്കുന്നത്. ഇത് ലാഭകരമാണെന്ന് റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് സ്ലീപ്പര്‍ കോച്ചുകളില്‍ 216 ഉം എസിയില്‍ 54 ഉം രണ്ട് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ 210 ഉം അംഗപരിമിതര്‍ക്കും വനിതകള്‍ക്കും റിസര്‍വ് ചെയ്ത രണ്ട് എസ്എല്‍ആര്‍ കോച്ചുകളില്‍ 90 ഉം അടക്കം 570 പേര്‍ക്കുള്ള സീറ്റിങ് കപ്പാസിറ്റിയടക്കം എട്ട് കോച്ചുകളാണ് നിലവിലുള്ളത്. ഇതില്‍ നാലെണ്ണം റിസര്‍വേഷന്‍ ഉള്ളതും നാല് റിസര്‍വ് ചെയ്യാത്തതുമാണ്.  പാളം ബലപ്പെടുത്തലും, അറ്റകുറ്റപ്പണികളും ഉടന്‍ നടക്കും. 12 കോച്ചുകള്‍ നിര്‍ത്തുന്ന ഫഌറ്റ് ഫോമുകള്‍ 18 കോച്ചിനുള്ളതാക്കി മാറ്റേണ്ടതുണ്ട്. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.
നിലമ്പൂര്‍, വാണിയമ്പലം, മേലാറ്റൂര്‍, അങ്ങാടിപ്പുറം സ്‌റ്റേഷനുകള്‍ ശക്തമാക്കും. പട്ടിക്കാട് മാത്യകാ റെയില്‍വേ സ്റ്റേഷന്‍ ഉടന്‍ നവീകരിക്കും. അങ്ങാടിപ്പുറത്ത് ഇരുഭാഗത്തേക്കും യാത്രക്കാര്‍ക്ക് മഴയും വെയിലും ഏല്‍ക്കാതെയുള്ള കാത്തിരിപ്പ് ഷെഡുകള്‍ക്ക് പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്. കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും.  നിലവില്‍ മലബാറിനെ അനന്തപുരിയുമായി ബന്ധിപ്പിക്കുന്ന രാജ്യറാണി സ്വതന്ത്ര ട്രൈയിന്‍ ആക്കണമെന്നാവശ്യം തുടക്കം മുതലേ ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ മാസത്തെ റെയില്‍വേ ടൈംടേബിളില്‍ രാജ്യറാണി സ്വതന്ത്യ െ്രെടയിനിന്റെ ഷെഡ്യൂള്‍ ഉണ്ടാവുമെന്നാണറിയുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യചരിത്ര പ്രാധാന്യമുള്ള നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയെ കേന്ദ്ര റെയില്‍വേ രാജ്യത്തെ ഏറ്റവും ദൈ്യര്‍ഘ്യം കുറഞ്ഞ കാനനപാതയാക്കിയും പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss