|    Jan 19 Thu, 2017 5:48 am
FLASH NEWS

രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് പുറത്തുനിന്നുള്ളവര്‍

Published : 17th March 2016 | Posted By: sdq

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ഫെബ്രുവരി ഒമ്പതിന് ജവഹര്‍ലാല്‍ നെഹ്‌റു സ ര്‍വകലാശാലാ കാംപസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ പുറത്തുനിന്ന് എത്തിയവരാണ് രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതെന്ന് കാംപസ്തല അന്വേഷണ സമിതി. ഇത്തരക്കാര്‍ കാംപസില്‍ വന്ന് മുദ്രാവാക്യം വിളിച്ചതിന് പരിപാടിയുടെ സംഘാടകരായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ഉത്തരവാദികളാണെന്നും സമിതിയുടെ റിപോര്‍ട്ടില്‍ പറയുന്നു. ഇവര്‍ മുഖം മറച്ചാണ് എത്തിയത്. ജെഎന്‍യു വിദ്യാര്‍ഥികളായ മുജീബ് ഘട്ടു, മഹമ്മദ് ഖദീര്‍ എന്നിവരാവാം മുഖംമൂടി ധരിച്ചെത്തിയതെന്നു സംശയമുണ്ടെന്നും ഇവര്‍ക്ക് മുഖംമൂടി ധാരികളുമായി സാദൃശ്യമുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിവാദ മുദ്രാവാക്യങ്ങള്‍ ഉയരുമ്പോള്‍ ഉമര്‍ ഖാലിദ്, അനിര്‍ബന്‍, അശുതോഷ്, രമാ നാഗ, ശ്വേതരാജ്, ഗാര്‍ഗി അധികാരി, ചിന്റു കുമാരി, ബന്യോല്‍സന ലാഹിരി, റുബീന സെയ്ഫ്, അഞ്ജലി എന്നിവര്‍ അവിടെയുണ്ടായിരുന്നു. മണിപ്പൂരിനും നാഗാലാന്‍ഡിനും സ്വാതന്ത്ര്യം വേണമെന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളും അവിടെ ഉയര്‍ന്നു. എന്നാല്‍, ആരെല്ലാമാണ് അത് ഉയര്‍ത്തിയതെന്നു വ്യക്തമല്ല. പുറമെ നിന്നെത്തിയവര്‍ക്ക് രാജ്യദ്രോഹപരമായ മുദ്രാവാക്യം വിളിക്കാന്‍ സൗകര്യം ഉണ്ടാവുകയെന്നത് അതീവ ദൗര്‍ഭാഗ്യകരമായ കാര്യമാണ്. പുറമെനിന്നുള്ളവരുടെ സാന്നിധ്യമാണ് എല്ലാ തകിടംമറിച്ചത്. വളരെ മോശമായ സാഹചര്യങ്ങളിലേക്കു കാര്യങ്ങളെത്താന്‍ അതു കാരണമായി. പരിപാടിയുടെ അനുമതിക്കായി ചെയ്യേണ്ട മുഴുവന്‍ നടപടിക്രമങ്ങളും ഉമറും അനിര്‍ബനും പാലിച്ചിരുന്നില്ലെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തി.
പുറമെനിന്നുള്ളവരുടെ സാന്നിധ്യം സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവരുടെ മുഖം കൂടുതല്‍ സമയവും മറച്ചനിലയിലായിരുന്നു. കശ്മീരില്‍ നിന്ന് ഇന്ത്യ പോവുക, കശ്മീരിനു സ്വാതന്ത്ര്യം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇവരാണ് ഉയര്‍ത്തിയതെന്നും പറയുന്ന സമിതി, കനയ്യ കുമാര്‍ വിവാദ മുദ്രാവാക്യം വിളിച്ചെന്ന ആരോപണം സംബന്ധിച്ചു പരാമര്‍ശിക്കുന്നില്ല.
പരിപാടി നടക്കുമ്പോള്‍ ഒരുഭാഗത്ത് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, യൂനിയന്‍ മുന്‍ അധ്യക്ഷന്‍ അശുതോഷ്, രമാ നാഗ എന്നിവരുടെ നേതൃത്വത്തില്‍ ഒരുവിഭാഗം വിദ്യാര്‍ഥികളും ജെഎന്‍യു ഘടകം എബിവിപി നേതാവ് സൗരഭ് ശര്‍മയുടെ നേതൃത്വത്തില്‍ മറ്റൊരുവിഭാഗം വിദ്യാര്‍ഥികളും മുഖാമുഖം നിലയുറപ്പിച്ച് മുദ്രാവാക്യം വിളിച്ചു. ഇതു സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് സംഘര്‍ഷം ഒഴിവാക്കി. കനയ്യ അടക്കമുള്ള ഒരു വിദ്യാര്‍ഥി നേതാവും ഉത്തവാദിത്തത്തോടെ കാര്യങ്ങള്‍ നീക്കിയില്ലെന്നും ജെഎന്‍യു അധ്യാപകന്‍ രാകേഷ് ഭട്‌നഗര്‍ അധ്യക്ഷനായ സമിതി കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക