|    Jul 21 Fri, 2017 2:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാജ്യദ്രോഹ കേസുകളില്‍ ഹര്‍ദികിനു ജാമ്യം

Published : 9th July 2016 | Posted By: SMR

അഹ്മദബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിന് രണ്ടു രാജ്യദ്രോഹ കേസുകളില്‍ ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അടുത്ത ആറു മാസത്തേക്ക് ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജസ്റ്റിസ് എ ജെ ദേശായി ജാമ്യം അനുവദിച്ചത്. എന്നാല്‍, ഹാര്‍ദികിന് ഇപ്പോള്‍ ജയിലില്‍ നിന്നു പുറത്തുവരാനാവില്ല. മെഹ്‌സാന ജില്ലയിലെ വിസ്‌നഗറില്‍ എംഎല്‍എയുടെ ഓഫിസില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട മറ്റൊരു കേസ് കോടതിയിലുണ്ട്. ഈ കേസിലെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.
ക്രമസമാധാന പ്രശ്‌നത്തിലേക്കു നയിക്കുന്ന ഒരു പ്രവര്‍ത്തനവും ഹര്‍ദിക് നടത്തില്ലെന്ന ഉറപ്പ് രേഖാമൂലം സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകരോട് കോടതി നിര്‍ദേശിച്ചു. ജാമ്യവ്യവസ്ഥകള്‍ ഉത്തരവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സംവരണ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ ഹര്‍ദിക് പട്ടേല്‍ 2015 ഒക്ടോബര്‍ മുതല്‍ ജയിലിലാണ്. അഹ്മദാബാദിലും സൂറത്തിലും അദ്ദേഹത്തിനെതിരേ രണ്ടു രാജ്യദ്രോഹക്കേസുകള്‍ നിലവിലുണ്ട്. ഹര്‍ദികിനു ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ അഭിഭാഷകന്‍ നിതീഷ് ആമിന്‍ എതിര്‍ത്തു. ജാമ്യം നല്‍കിയാല്‍ ഹര്‍ദിക് ആക്രമണം ആവര്‍ത്തിക്കുമെന്നു സര്‍ക്കാരിന് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജയിലിനു പുറത്ത് ഹര്‍ദികിന്റെ സാന്നിധ്യം ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കുമെന്നും ആമിന്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ആശങ്കയകറ്റാന്‍ ഗുജറാത്തിനു പുറത്ത് ആറുമാസം കഴിയാന്‍ തന്റെ കക്ഷി ഒരുക്കമാണെന്ന് ഹര്‍ദികിന്റെ അഭിഭാഷകന്‍ സുബിന്‍ ദര്‍ജ ബോധിപ്പിച്ചു. ജാമ്യം ലഭിക്കുന്നതിന് ഹര്‍ദിക് വാഗ്ദാനം ചെയ്ത ഉറപ്പ് സര്‍ക്കാര്‍ മുന്‍വാദങ്ങളില്‍ നിരസിച്ചിരുന്നു. ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ചേക്കാവുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് താന്‍ ഒഴിഞ്ഞുനില്‍ക്കുമെന്നും
എന്നാല്‍, സമാധാനപരമായി ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പട്ടേല്‍ സമുദായത്തിനുവേണ്ടി പ്രക്ഷോഭം തുടരുമെന്നുമായിരുന്നു പട്ടേല്‍ പറഞ്ഞിരുന്നത്. രാജ്യദ്രോഹ കേസുകളില്‍ സൂറത്ത്, അഹ്മദാബാദ് കോടതികള്‍ തന്റെ ജാമ്യാപേക്ഷകള്‍ തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ദിക് ഹൈക്കോടതിയെ സമീപിച്ചത്. പട്ടേല്‍ സമുദായത്തിന് ഒബിസി സംവരണം നടപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് അക്രമത്തിനു പ്രേരിപ്പിച്ചു എന്നാണ് ഹര്‍ദികിനെതിരായ കേസ്. കഴിഞ്ഞവര്‍ഷം ആഗസ്ത് 25ന് ഹര്‍ദികിന്റെ നേതൃത്വത്തില്‍ അഹ്മദാബാദില്‍ നടന്ന റാലിക്കിടെ ഉണ്ടായ അക്രമത്തിലും പോലിസ് വെടിവയ്പിലും 10 പേര്‍ മരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക