|    Dec 11 Tue, 2018 1:11 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

‘രാജ്യദ്രോഹി, നിങ്ങളോട് കണക്ക് ചോദിക്കും’ ശബ്ദരേഖ പുറത്ത്

Published : 23rd November 2018 | Posted By: kasim kzm

ആങ്കറ: ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ അവസാന നിമിഷങ്ങളിലെ ശബ്ദരേഖ തുര്‍ക്കി ന്യൂസ് വെബ്‌സൈറ്റ് പുറത്തുവിട്ടു. രണ്ടു ശബ്ദരേഖകളാണ് വെബ്‌സൈറ്റ് പുറത്തുവിട്ടത്. ഒക്ടോബര്‍ 2ന് ഖഷഗ്ജി കോണ്‍സുലേറ്റില്‍ എത്തിയ ഉച്ചയ്ക്ക് 1.14ന് റെക്കോഡ് ചെയ്ത ഓഡിയോ ആണ് ഒന്ന്.
“”എന്റെ കൈ വിടൂ. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ’’ എന്ന് ഖഷഗ്ജി പറയുന്ന ശബ്ദരേഖയാണ് കോണ്‍സുലേറ്റിലെ എ യൂനിറ്റില്‍ നിന്നു റെക്കോഡ് ചെയ്തത്. ഏഴു മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഈ ശബ്ദരേഖയില്‍ ഖഷഗ്ജിയും കൊലപാതക സംഘത്തിലെ നാലു പേരും തമ്മിലുള്ള വഴക്കാണ് കേള്‍ക്കുന്നത്. പിന്നീട് സംഘം ഖഷഗ്ജിയെ കോണ്‍സുലേറ്റിലെ ബി യൂനിറ്റിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നു റെക്കോഡ് ചെയ്തതില്‍ ശാരീരികമായി ആക്രമിക്കുന്നതിന്റെയും ശബ്ദം കേള്‍ക്കുന്നുണ്ട്. അടിക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ശബ്ദങ്ങളുണ്ട്.
ഈ ശബ്ദരേഖയില്‍ മറ്റു മൂന്നു പേരുടെ ശബ്ദം കേള്‍ക്കാം. ശബ്ദരേഖയിലുളള ഒരാള്‍ സൗദി കിരീടാവകാശിയുടെ സഹായിയായ മഹര്‍ അബ്ദുല്‍ അസീസ് മുത്‌രിബിന്റേതാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
സൗദി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് അല്‍ ഉതൈബിയാണ് മറ്റൊരാള്‍. ഖഷഗ്ജിയെ ബി യൂനിറ്റിലേക്ക് എത്തിക്കുമ്പോള്‍ “”രാജ്യദ്രോഹി, നിങ്ങളോട് കണക്കു ചോദിക്കും’’ എന്ന് മുത്‌രിബ് പറയുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം. ഖഷഗ്ജി കോണ്‍സുലേറ്റിലെത്തിയ ഉടനെ സി യൂനിറ്റില്‍ നിന്നു 19 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം നടത്തിയതായും റിപോര്‍ട്ടിലുണ്ട്. ഇതില്‍ 13 മിനിറ്റ് നീണ്ട, മുത്‌രിബും കിരീടാവകാശിയുടെ അടുത്ത സഹായി സൗദ് അല്‍ ഖഹ്താനിയും തമ്മിലുള്ള സംഭാഷണവും ഉള്‍പ്പെടും. മൂന്നു പേര്‍ അതിവേഗത്തില്‍ പടി ഇറങ്ങുന്ന ശബ്ദവും റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്യുന്നു.
ഖഷഗ്ജിയെ നിശ്ശബ്ദനാക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദേശം നല്‍കുന്ന ടെലിഫോണ്‍ സംഭാഷണം സിഐഎ റെക്കോഡ് ചെയ്തതായി ഡയറക്ടര്‍ ജീന ഹാസ്‌പെല്‍ വ്യക്തമാക്കിയതായും തുര്‍ക്കി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് തുര്‍ക്കി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കിരീടാവകാശിയും യുഎസിലെ സൗദി അംബാസഡറും തമ്മിലുള്ള സംഭാഷണമാണ് തുര്‍ക്കിയിലെ ഹുര്‍റിയത് പത്രം പുറത്തുവിട്ടിരിക്കുന്നത്. കഴിയുന്നത്ര വേഗം ഖഷഗ്ജിയെ ഇല്ലാതാക്കണമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദേശം നല്‍കിയതായും റിപോര്‍ട്ടിലുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss