|    Mar 23 Thu, 2017 10:06 pm
FLASH NEWS

രാജ്യദ്രോഹക്കേസുകളില്‍ പുനപ്പരിശോധന ആവശ്യപ്പെട്ട് ഹരജി

Published : 19th August 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസുകളില്‍ പുനപ്പരിശോധന ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി. രാജ്യദ്രോഹക്കേസ് ദുരുപയോഗം ചെയ്യുന്നത് സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായ വിദ്യാര്‍ഥികള്‍, ആക്ടിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ മനസ്സില്‍ ഭീതിക്കു കാരണമായിട്ടുണ്ടെന്ന് കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടന സമര്‍പിച്ച ഹരജിയില്‍ പറയുന്നു.
രാജ്യദ്രോഹക്കേസ് ദുരുപയോഗം ചെയ്യുന്നതു തടയണം. രാജ്യദ്രോഹ വകുപ്പുപ്രകാരം കേസെടുക്കുന്നതിനു നിശ്ചിതനിബന്ധനകള്‍ വയ്ക്കണം. ഒരാള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് സുപ്രിംകോടതി വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ ഒരു പ്രതിരോധ ആയുധമായാണ് രാജ്യദ്രോഹ നിയമങ്ങളെ സര്‍ക്കാര്‍ കാണുന്നത്. രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാത്തവര്‍ക്കെതിരേ പ്രതികാരനടപടിയുടെ ഭാഗമായും ഈ വകുപ്പു ചുമത്തുന്നുണ്ട്. ഭരണകൂടത്തിന്റെ എതിര്‍ചേരിയിലുള്ളവരെ നിശ്ശബ്ദരാക്കാനും രാജ്യദ്രോഹക്കുറ്റം ഉപയോഗിക്കുന്നുണ്ടെന്നും ഹരജിക്കാര്‍ വ്യക്തമാക്കുന്നു.
രാജ്യദ്രോഹവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പുനപ്പരിശോധിക്കണം. ഇതിനു കോടതി മുന്‍കൈയെടുക്കണം. ഭരണകൂടത്തെ അട്ടിമറിക്കല്‍, കലാപം ആളിക്കത്തിക്കല്‍ എന്നീ രാജ്യദ്രോഹക്കേസിന് ആധാരമായ കുറ്റം ചെയ്യാത്തവര്‍ക്കെതിരെയാണ് അടുത്തിടെ ചുമത്തപ്പെട്ട ഏതാണ്ടെല്ലാ രാജ്യദ്രോഹക്കേസുകളും എടുത്തിട്ടുള്ളത്.
രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് അതിനുള്ള കാരണം ഡിജിപി, പോലിസ് കമ്മീഷനര്‍ വഴി ബോധിപ്പിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരേണ്ടതുണ്ടെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.
ബംഗളൂരുവില്‍ സ്വാതന്ത്ര്യദിനത്തില്‍ കശ്മീരിനെ കുറിച്ചുള്ള സെമിനാര്‍ നടത്തിയതുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷനലിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിനു പിന്നാലെയാണ് സുപ്രിംകോടതിയില്‍ ഹരജി എത്തിയിരിക്കുന്നത്. പരിപാടിക്കിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന ആര്‍എസ്എസ് വിദ്യാര്‍ഥി സംഘടനയായ എബിവിപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബംഗളൂരു പോലിസ് ആംനസ്റ്റിയുടെ ഇന്ത്യ ഘടകത്തിനെതിരേ കേസെടുത്തത്. 2014ല്‍ മാത്രം 47 രാജ്യദ്രോഹക്കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്‌തെന്നാണ് നാഷനല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്ക്.

(Visited 31 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക