|    May 23 Tue, 2017 8:38 am
FLASH NEWS

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതില്‍ അഭിമാനിക്കുന്നു: ഉമര്‍ ഖാലിദ്

Published : 19th March 2016 | Posted By: G.A.G

umarkhalid

ന്യൂഡല്‍ഹി: ജയിലിലടയ്ക്കപ്പെട്ടതില്‍ പശ്ചാത്താപമില്ലെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതില്‍ അഭിമാനം കൊള്ളുന്നതായും ജെ എന്‍ യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്.അരുന്ധതിറോയ്, ബിനായക് സെന്‍ തുടങ്ങിയവര്‍ക്കുമേല്‍ ചുമത്തപ്പെട്ട അതേ രാജ്യദ്രോഹക്കുറ്റം തങ്ങളുടെ പേരില്‍ ചുമത്തിയതില്‍ അഭിമാനിക്കുന്നുവെന്നും പട്യാലഹൗസ് കോടതി ആറുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് അനിര്‍ബന്‍ ഭട്ടാചാര്യയ്‌ക്കൊപ്പം ജയില്‍ മോചിതനായ ഉമര്‍  ജെഎന്‍യു ക്യാംപസില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
ശബ്്ദമുയര്‍ത്തിയതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടവരുടെ പട്ടികയിലേക്കാണ് ഞങ്ങളുടെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ജയിലിലായതില്‍ നാണക്കേട് തോന്നുന്നില്ല. ക്രിമിനലുകള്‍ അധികാരത്തിലിരിക്കുന്നവരാണ്. ജയിലിലുള്ളത് ശബ്ദമുയര്‍ത്തിയവരും.

ഞാന്‍ ഇസലാമിക അനുഷ്ഠാനങ്ങള്‍ പിന്തുടര്‍ന്നിരുന്നില്ല.പക്ഷേ ഇസ്‌ലാമിക തീവ്രവാദിയായാണ് ഞാന്‍ അറിയപ്പെട്ടത്. അപ്പോള്‍  മുസലിം വേഷവിധാനങ്ങളോടെ ജീവിക്കുന്ന ഒരാളായിരുന്നു ഞാനെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?-ഉമര്‍ ഖാലിദ് ചോദിച്ചു.
അഭിപ്രായസ്വാതന്ത്ര്യം അപകടത്തിലാണെന്ന് കരുതുന്നില്ല- അത് അധികാരത്തിലിരിക്കുന്നവര്‍ക്കുമാത്രമുള്ളതാണെന്നു മാത്രമേയുള്ളു.പ്രവീണ്‍ തൊഗാഡിയയെയും യോഗി ആദിത്യനാഥിനെയും പോലുള്ളവര്‍ക്ക്് എല്ലാ അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ട്- തന്റെ 35 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ഉമര്‍ പറഞ്ഞു.
oMAR 2ഇന്നലെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി റിമാന്‍ഡില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കും ഉപാധികളോടെ ആറുമാസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഇരുവരും 25,000 രൂപ വീതം കെട്ടിവയ്ക്കണമെന്നും ഡല്‍ഹി വിട്ടുപോവരുതെന്നും പട്യാലഹൗസ് കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജി രീതിഷ്‌സിങ് നിര്‍ദേശിച്ചിട്ടുണ്ട്. ഇരുവരും ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നും രാജ്യത്തെ പ്രശസ്തമായ സ്ഥാപനത്തില്‍ ഗവേഷണം നടത്തുകയാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

പരിപാടിയുടെ വീഡിയോദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം പുറത്തുവരാന്‍ സമയമെടുക്കും. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് ജാമ്യം നല്‍കിയ ഹൈക്കോടതി നിരീക്ഷണങ്ങളെ ഉദ്ധരിച്ച സെഷന്‍സ് ജഡ്ജി, ഇരുവരും ഒളിച്ചോടാന്‍ പോവുന്നില്ലെന്നും സാഹചര്യത്തെളിവുകള്‍ ഹാജരാക്കൂവെന്നും പറഞ്ഞു.
ഇക്കഴിഞ്ഞ 23നാണ് ഉമറിനെയും അനിര്‍ബനെയും പോലിസ് അറസ്റ്റ് ചെയ്തത്. കനയ്യകുമാറിന്റെ ജാമ്യവ്യവസ്ഥയില്‍ ഡല്‍ഹി വിടരുതെന്ന നിര്‍ദേശമില്ലായിരുന്നു. സമാന കേസില്‍ അറസ്റ്റിലായ തങ്ങള്‍ക്കും കനയ്യയെ പോലെ ജാമ്യം വേണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. ആരോപിക്കപ്പെടുന്ന കേസുമായി തങ്ങള്‍ക്ക് ബന്ധമില്ല. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടില്ല. പ്രചരിപ്പിക്കപ്പെട്ട വീഡിയോദൃശ്യങ്ങള്‍ വ്യാജമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ജാമ്യാപേക്ഷയെ പോലിസ് ശക്തമായി എതിര്‍ത്തു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന പരിപാടിയുടെ മുഖ്യസംഘാടകരാണ് ഇവരെന്നും ഭരണകൂടത്തിനെതിരായ വിദ്വേഷം ഇളക്കിവിടുകയായിരുന്നു ലക്ഷ്യമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day