|    Feb 27 Mon, 2017 3:39 am
FLASH NEWS

രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു

Published : 8th November 2016 | Posted By: Navas Ali kn

indian-currency-3975912
ന്യൂഡല്‍ഹി: രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചു. ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാത്രി മുതല്‍ നോട്ടുകള്‍ അസാധുവാണ്. കള്ളപ്പണവും കള്ളനോട്ടും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ 1000, 500 രൂപ നോട്ടുകള്‍ ബാങ്കില്‍ നിന്നും പോസ്‌റ്റോഫിസുകളില്‍ നിന്നും മാറ്റിവാങ്ങാവുന്നതാണ്. ഇതിന് പ്രത്യേകം ഫീസ് ഈടാക്കില്ല. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, പെട്രോള്‍ പമ്പുകള്‍, ശ്മശാനങ്ങള്‍ എന്നിവ ഈ മാസം 11 വരെ 1000, 500 രൂപ നോട്ടുകള്‍ സ്വീകരിക്കും. എടിഎമ്മുകളില്‍ നിന്നു ദിനംപ്രതി 2,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിന്റെ പരിധി പിന്നീട് ഉയര്‍ത്തും. നോട്ടുകള്‍ തിരിച്ചുനല്‍കുമ്പോള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം.
ഇന്നും നാളെയും എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. ഇന്ന് ബാങ്കുകളും പ്രവര്‍ത്തിക്കില്ല. ഡിസംബര്‍ 30ന് മുമ്പ് നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് തിരിച്ചറിയല്‍ രേഖ ഹാജരാക്കി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നോട്ടുകള്‍ മാറ്റാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 500, 2000 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടനെ പുറത്തിറക്കും. നോട്ടുകളുടെ ഉയര്‍ന്ന മൂല്യം പരിമിതപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ 500, 1000 നോട്ടുകള്‍ക്ക് ഇനി കേവലം പേപ്പറിന്റെ വിലയേ ഉണ്ടാവുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആദ്യം ഹിന്ദിയിലും പിന്നീട് ഇംഗ്ലീഷിലുമാണ് മോദി രാജ്യത്തെ ഇക്കാര്യം അറിയിച്ചത്. പ്രഖ്യാപനം നടത്തുന്നതിന് തൊട്ടു മുമ്പ് പ്രധാനമന്ത്രി മൂന്ന് സൈനികമേധാവികളുമായും ജമ്മുകശ്മീരിലെ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു. അഴിമതിയും കള്ളപ്പണവുമാണ് രാജ്യത്തെ ആമൂലാഗ്രം ബാധിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗം വളരുന്ന രാഷ്ട്രമാണ് നമ്മുടേതെങ്കിലും ആഗോള അഴിമതിയുടെ കാര്യത്തിലും നാം മുമ്പിലാണ്. നിരപരാധികള്‍ക്കു നേരെ നടക്കുന്ന ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം ചെയ്യുന്നവര്‍ ആരാണ്? അതിര്‍ത്തികളില്‍ ശത്രുക്കള്‍ കള്ളനോട്ടുകളാണ് ഉപയോഗിക്കുന്നത്. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള 1.25 ലക്ഷം കോടിയുടെ കള്ളപ്പണം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞ മോദി, കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടയില്‍ 20,000 കോടി രൂപയുടെ കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവന്നുവെന്നും അവകാശപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 479 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day