|    Jan 17 Tue, 2017 2:18 pm
FLASH NEWS

രാജ്യത്ത് പ്രതിശീര്‍ഷ ജലലഭ്യത കുറയുന്നു

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് പ്രതിശീര്‍ഷ ജല ലഭ്യത കുറഞ്ഞുവരുന്നതായി രാജ്യസഭയില്‍ എംപി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് ജലവിഭവ, നദീ വികസന സഹമന്ത്രി ഡോ. സഞ്ജീവ് ബല്യാന്‍ അറിയിച്ചു. സംയോജിത ജലവിഭവ വികസനത്തിനുള്ള ദേശീയ കമ്മീഷന്റെ 1999ലെ കണക്കുപ്രകാരം 2025ല്‍ വിവിധ ആവശ്യങ്ങള്‍ക്കായി വേണ്ടിവരുന്ന മൊത്തം ജലത്തിന്റെ അളവ് 843 ബില്യണ്‍ ക്യുബിക് മീറ്ററായിരിക്കും.
2050ല്‍ ഇത് 1180 ബില്യണ്‍ ക്യുബിക് മീറ്ററായിരിക്കും. വര്‍ധിച്ചുവരുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങള്‍ കഴിയും തോറും രാജ്യത്ത് ജലത്തിന്റെ പ്രതിശീര്‍ഷ ലഭ്യത കുറഞ്ഞുവരുന്നതായി മറുപടിക്കൊപ്പം മന്ത്രി നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 1951ല്‍ ജനസംഖ്യ 36.1 കോടിയും പ്രതിശീര്‍ഷ ജല ലഭ്യത 5177 ക്യുബിക് മീറ്ററുമായിരുന്നു. 2001ല്‍ ജനസംഖ്യ 102.7 കോടിയായിരിക്കേ പ്രതിശീര്‍ഷ ജല ലഭ്യത 1820 ക്യുബിക് മീറ്ററായിരുന്നു. 2011ല്‍ ജനസംഖ്യ 121 കോടിയും പ്രതിശീര്‍ഷ ജലലഭ്യത 1545 ക്യുബിക് മീറ്ററുമായിരുന്നു. 2025ല്‍ പ്രതീക്ഷിക്കപ്പെടുന്ന ജനസംഖ്യ 139.4 കോടിയും പ്രതീക്ഷിക്കപ്പെടുന്ന പ്രതിശീര്‍ഷ ജല ലഭ്യത 1341 ക്യുബിക് മീറ്ററുമാണ്. 2050ല്‍ പ്രതീക്ഷിക്കപ്പെടുന്ന ജനസംഖ്യ 164 കോടിയും പ്രതീക്ഷിക്കപ്പെടുന്ന ജലലഭ്യത 1140 ക്യുബിക് മീറ്ററുമാണ്.
രാജ്യത്ത് ജലത്തിന്റെ ശരാശരി വാര്‍ഷിക ലഭ്യത 1869 ബില്യണ്‍ ക്യുബിക് മീറ്ററാണെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, ഭൂമിശാസ്ത്രപരമായ പരിമിതികള്‍ കൊണ്ടും മറ്റു പരിമിതികള്‍ കൊണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ജലത്തിന്റെ അളവ് 1123 ബില്യണ്‍ ക്യുബിക് മീറ്റര്‍ മാത്രമാണ്.
രാജ്യത്ത് ജലവിഭവത്തിന്റെ ഭാവി ആവശ്യകത മുന്നില്‍ കണ്ട് നിരവധി നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചുവരുന്നു. ജലസംഭരണികളുടെ സംരക്ഷണം, പരമ്പരാഗത നീര്‍ത്തടങ്ങളുടെ സംരക്ഷണം,  മഴവെള്ള സംഭരണം, ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്തല്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക