|    Apr 27 Fri, 2018 2:49 am
FLASH NEWS
Home   >  Editpage  >  Lead Article  >  

രാജ്യത്ത് ദ്രോഹിക്കപ്പെടുന്നവര്‍

Published : 2nd March 2016 | Posted By: SMR

slug-nilapadutharaവ്യക്തികളുടെയോ സമുദായങ്ങളുടെയോ ഇതുവരെയുള്ള സാമൂഹികജീവിതത്തെയോ നിലനില്‍പ്പിനെയോ ഒക്കെത്തന്നെ ഒരു നിമിഷംകൊണ്ട് അസാധുവാക്കാന്‍ കഴിയുന്ന ഒന്നാണ് രാജ്യദ്രോഹം എന്ന ആരോപണം. പോലിസ്, കോടതി, മാധ്യമങ്ങള്‍ എന്നിവയില്‍നിന്നുള്ള ആക്രമണങ്ങളോ ചോദ്യംചെയ്യലോ ഒറ്റപ്പെടുത്തലോ നേരിടേണ്ടി വരുന്നപോലെ തന്നെ ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ ജീവിതം ദുരിതമായി മാറ്റുന്നത് സാമൂഹികമായ ഒറ്റപ്പെടലായിരിക്കണം. കുറ്റവാളിയോ അപകടകാരിയോ ആയി വീക്ഷിക്കപ്പെടുമ്പോള്‍ ആരോപണങ്ങളെ നിഷേധിക്കാന്‍പോലും അവസരം ലഭിക്കാതെ വരുന്നത് ഈ ആരോപണം സൃഷ്ടിക്കുന്ന ഒരു കുരുക്കാണ്. ദേശം, ദേശീയത, മതേതരത്വം എന്നിങ്ങനെയുള്ള സങ്കല്‍പങ്ങള്‍ക്ക് ഒരു ദിവ്യപരിവേഷം കൊടുത്തിട്ടുണ്ട്. ചരിത്രത്തില്‍നിന്ന് അടര്‍ത്തിമാറ്റി ദേശം എന്നത് പ്രകൃതിദത്തമായതോ അല്ലെങ്കില്‍ ആത്യന്തികമായ സത്യമോ ആയി കാണുകയും ദേശരാഷ്ട്രത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി മുദ്രകുത്തപ്പെടുകയും ചെയ്യും.

ഡല്‍ഹിയിലെ ജെഎന്‍യു എന്ന പ്രമുഖ സര്‍വകലാശാലയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ അപകടകരമാവുന്നത് ദേശത്തെ ചുറ്റിപ്പറ്റിയുള്ളതായതുകൊണ്ടാണ്. സംഘ പരിവാരം ലക്ഷ്യംവച്ച ഒരു വ്യവഹാരത്തിലേക്ക് ഇടതു സംഘടനകളെയടക്കം കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് അവരുടെ വിജയം. എന്നാല്‍, ഈ സംവാദങ്ങള്‍ സംഘപരിവാരം ഉദ്ദേശിച്ച അതിര്‍ത്തികള്‍ക്ക് പുറത്തുപോവുന്നതിന്റെ ലക്ഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. കനയ്യകുമാറിനെ അറസ്റ്റ് ചെയ്യുകയും ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നിവരെ കീഴടങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതോടെ വിഷയം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു എന്നത് കാര്യങ്ങള്‍ സംഘപരിവാരത്തിന്റെ കൈപ്പിടിയില്‍ നില്‍ക്കുന്നില്ലെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.
ഫെബ്രുവരി 9ന്, ജെഎന്‍യുവിലെ തീവ്ര ഇടതുപക്ഷ സംഘടനയെന്നു പറയപ്പെടുന്ന ഡിഎസ്‌യുവില്‍നിന്നു കഴിഞ്ഞ വര്‍ഷം രാജിവച്ചിരുന്ന ഏതാനും വിദ്യാര്‍ഥികളാണ് ദി കണ്‍ട്രി വിത്തൗട്ട് എ പോസ്‌റ്റോഫിസ് എന്ന സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നത്. അഫ്‌സല്‍ ഗുരുവിന്റെ ജുഡീഷ്യല്‍ കൊലപാതകത്തിനെതിരേ പ്രതിഷേധിക്കാനും സ്വയംനിര്‍ണയാവകാശത്തിനു വേണ്ടി പോരാടുന്ന കശ്മീരി ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും വേണ്ടിയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. സംഘര്‍ഷഭീതികാരണം ജെഎന്‍യു അധികാരികള്‍ എബിവിപിയുടെ സമര്‍ദ്ദത്തിനു വഴങ്ങി പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഐസ,എസ്എഫ്‌ഐ, എഐഎസ്എഫ് എന്നീ ഇടതുസംഘടനകളുടെ കൂടി പങ്കാളിത്തത്തോടെ സമാധാനപരമായി പരിപാടി സംഘടിപ്പിക്കുകയായിരുന്നു. കാംപസിനുള്ളില്‍നിന്നും പുറത്തുനിന്നും വന്ന കശ്മീരികളെയും സംഘാടകരെയും പ്രകോപിപ്പിക്കുകയാണ് എബിവിപി ചെയ്തത്.
കശ്മീര്‍ ജനതയുടെ ഭാഗത്തുനിന്ന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ സൈനിക നടപടിക്കെതിരേ ഉയരുന്ന മുദ്രാവാക്യങ്ങള്‍ക്ക് രാഷ്ട്രീയമായ ഒരു ചരിത്രമുണ്ട്. അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതും മൃതദേഹം കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കാത്തതും വ്യാപകമായ പ്രതിഷേധം കശ്മീരില്‍ ഉണ്ടാക്കിയിരുന്നു. ഇന്ത്യയിലെ തന്നെ സാമൂഹിക-രാഷ്ട്രീയ മുഖ്യധാരയിലെ പ്രമുഖരും നിയമവിദഗ്ധരും സിനിമാരംഗത്തുള്ളവരും ഒക്കെ അഫ്‌സല്‍ ഗുരുവിന്റെ തൂക്കിക്കൊലയ്‌ക്കെതിരേ നീതിനിഷേധം എന്ന നിലയില്‍ പ്രതിഷേധിച്ചിരുന്നു. ഈ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വരുന്നത് ആദ്യമല്ല. ഡിഎസ്‌യു നേരത്തേയും കശ്മീര്‍ വിഷയത്തില്‍ സമാനമായ രാഷ്ട്രീയ നിലപാടാണ് പുലര്‍ത്തിയിരുന്നത്. എന്നാല്‍, ഈ വിഷയത്തെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന നിലയിലേക്ക് സംഘപരിവാരം ബോധപൂര്‍വം മാറ്റുകയാണുണ്ടായത്. അഫ്‌സല്‍ ഗുരുവിന്റെ വിഷയത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിനും നീതിന്യായവ്യവസ്ഥയ്ക്കും എതിരേ ഉണ്ടായ വിമര്‍ശനങ്ങളെ പാകിസ്താനിലേക്ക് സ്ഥാപിച്ചുകൊണ്ട്, പാകിസ്താനുമായി ബന്ധിപ്പിച്ചുകൊണ്ട് അസാധുവാക്കുക എന്നതാണ് സംഘപരിവാരം ചെയ്തത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരേയും സൈനിക നടപടികള്‍ക്കെതിരായ വിമര്‍ശനങ്ങളെയും അഭിസംബോധന ചെയ്യേണ്ടതുണ്ട്. യുപിഎ സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന പി ചിദംബരം തന്നെ 2001ലെ പാര്‍ലമെന്റ് ആക്രമണത്തിലെ അഫ്‌സല്‍ ഗുരുവിന്റെ പങ്കിനെക്കുറിച്ച് സംശയം ഉന്നയിക്കുകയും ആ കേസില്‍ എടുത്ത തീരുമാനം തെറ്റായിരിക്കാം എന്നു പറയുകയും ചെയ്തിരിക്കുന്നു.
കനയ്യകുമാറിന്റെ അറസ്റ്റോടെ എഐഎസ്എഫും എസ്എഫ്‌ഐയും ചെയ്തത്, അഫ്‌സല്‍ ഗുരു വിഷയത്തില്‍ പ്രതിഷേധം നടത്തിയ മറ്റു വിദ്യാര്‍ഥികളെ തള്ളിപ്പറഞ്ഞുകൊണ്ട് സ്വയം ഏറ്റവും നല്ല ദേശപ്രേമികളായി അവകാശപ്പെടുക എന്നതായിരുന്നു. യഥാര്‍ഥ രാജ്യദ്രോഹികള്‍ ശിക്ഷ കിട്ടാതെ വിലസുമ്പോള്‍ രാജ്യദ്രോഹികള്‍ക്കെതിരേ നിന്ന കനയ്യകുമാര്‍ രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യപ്പെട്ടുവെന്നതരത്തിലുള്ള പോസ്റ്ററുകള്‍ എഐഎസ്എഫ് കാംപസില്‍ നിറയെ പതിച്ചു. ജെഎന്‍യുവിലെ തങ്ങള്‍ക്കെതിരായ ഭീകരാന്തരീക്ഷംമൂലം അവിടെനിന്നു മാറിനില്‍ക്കേണ്ടിവന്ന ഉമര്‍ ഖാലിദിന്റെ ഉള്‍പ്പെടെയുള്ള വിഷയം ഉന്നയിക്കാന്‍ ഈ ഇടതുസംഘടനകള്‍ തയ്യാറായതുമില്ല. ദേശസ്‌നേഹികള്‍/ദേശദ്രോഹികള്‍ എന്ന തലത്തില്‍ ഒരു ദ്വന്ദ്വം ഉണ്ടാക്കാന്‍ സംഘ പരിവാരം ലക്ഷ്യംവച്ചത് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ സാധിച്ചുകൊടുത്തു. ഈ കോലാഹലങ്ങള്‍ക്കിടയില്‍ ഡല്‍ഹിയിലും മറ്റും കശ്മീരികള്‍ക്കെതിരേ നടന്ന പോലിസ് അതിക്രമം വലിയ വാര്‍ത്താപ്രാധാന്യം നേടാതെ പോയി. ദേശം എന്ന അതിവൈകാരികമായ ഒരു ഘടകത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ സംഘപരിവാരത്തിനു കഴിഞ്ഞു. സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ സാധാരണയായി യുദ്ധങ്ങളും പാര്‍ലമെന്റ് ആക്രമണങ്ങള്‍പോലുള്ളവയും അരങ്ങേറുന്നത് യാദൃച്ഛികമായിരിക്കില്ലെന്നതും പലതും നാടകങ്ങളാണെന്നതും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഈ ദേശീയ വ്യവഹാരം വരുന്നതോടുകൂടി ഭരണപക്ഷവും പ്രതിപക്ഷവും സിവില്‍സമൂഹ വിപ്ലവകാരികളും എല്ലാം ഒരേ പാളയത്തില്‍ വരുന്ന മാന്ത്രികത കാണാന്‍ കഴിയും.
രോഹിത് വെമുലയുടെ സ്ഥാപനാധിഷ്്ഠിത കൊലപാതകത്തിനുശേഷം ഇന്ത്യയിലെ ഇടതുപക്ഷം പ്രതിസന്ധിയിലായിരുന്നു. ദലിത്, ബഹുജന്‍, മുസ്‌ലിം വിദ്യാര്‍ഥിരാഷ്ട്രീയം കൂടുതല്‍ ദൃശ്യത നേടുകയും ജാതിവിരുദ്ധത ഒരു മുഖ്യ രാഷ്ട്രീയ വ്യവഹാരമായി മാറുകയും ചെയ്തു. ഇത് ഇടതു വിദ്യാര്‍ഥി സംഘടനകളുടെ രാഷ്ട്രീയത്തിന്റെ പരിമിതി തുറന്നുകാണിക്കുകയും അവര്‍ അപ്രസക്തരായി മാറുന്നുവെന്ന ബോധം ഉണ്ടാക്കുകയും ചെയ്തു. അവര്‍ക്ക് പുതുശ്വാസം കിട്ടിയത് ജെഎന്‍യു വിഷയത്തിലൂടെയായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേയുള്ള ഏക ബദല്‍ ഇടതു പക്ഷമാണെന്ന രീതിയില്‍ വരെ കാര്യങ്ങള്‍ ഉന്നയിക്കുകയാണ് ഇപ്പോള്‍ ഇടതുപക്ഷക്കാര്‍ ചെയ്യുന്നത്.
അക്കാദമികരംഗത്തെ മാറ്റങ്ങള്‍, പ്രത്യേകിച്ചും ദേശരാഷ്ട്രം, ദേശീയവാദം, മതേതരത്വം’ എന്നിവയെക്കുറിച്ചൊക്കെയുള്ള സൈദ്ധാന്തിക അന്വേഷണങ്ങള്‍, ജാതിവിരുദ്ധ വ്യവഹാരങ്ങള്‍ എന്നിവ ഹിന്ദു ദേശീയവാദം’ എന്നിവയ്ക്കുണ്ടാക്കുന്ന പ്രതിസന്ധികള്‍, സാമൂഹികമാധ്യമങ്ങളിലൂടെ ഇവ പൊതുവ്യവഹാരങ്ങളില്‍ കടന്നുകൂടുകയും ചെയ്യുന്നതുകൊണ്ട് അക്കാദമികരംഗങ്ങളിലും കലാലയങ്ങളിലും ഇടപെടേണ്ടത് സംഘപരിവാരത്തിന് ആവശ്യമായിവരുന്നതുകൊണ്ടാണ് ഹൈദരാബാദിലും ജെഎന്‍യുവിലും അവരുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായത്. ഇതിനാല്‍ കലാലയങ്ങള്‍ ഇനിയും സംഘര്‍ഷഭരിത പ്രദേശങ്ങളായി തുടരാനാണു സാധ്യത. ദലിത്, ബഹുജന്‍, മുസ്‌ലിം, കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ എന്നിവരെ സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്കുള്ളിലുള്ള വിവേചനങ്ങളെയും ഹിംസകളെയുംപോലെ തന്നെ ഭരണകൂടത്തിന്റെയും സംഘ പരിവാരത്തിന്റെയും ഹിംസകളെയും ചെറുത്തുനില്‍ക്കുക എന്നതായിരിക്കും വെല്ലുവിളി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss