|    Dec 11 Tue, 2018 3:19 am
FLASH NEWS
Home   >  Pravasi  >  Gulf  >  

രാജ്യത്ത് അദൃശ്യമായ മാധ്യമ നിയന്ത്രണം. കരണ്‍ ഥാപര്‍

Published : 12th November 2018 | Posted By: ke

ഷാര്‍ജ: അടിയന്തിരാവസ്ഥയ്ക്ക് സമാനമായ മാധ്യമനിയന്ത്രണം ഇന്ത്യയില്‍ നിലനില്‍ക്കുന്നതായും, കഴിഞ്ഞ മൂന്നുവര്‍ഷമായി കേന്ദ്രത്തിലെ ഭരണകക്ഷിയില്‍ നിന്ന് അപ്രഖ്യാപിത വിലക്ക് നേരിടുകയാണ് താനെന്നും പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപര്‍ പറഞ്ഞു.
മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് ലിറ്ററേച്ചര്‍ ഫോറത്തില്‍ നടന്ന പരിപാടിയില്‍ തന്റെ ‘ഡെവിള്‍സ് അഡ്വക്കേറ്റ്’ എന്ന പുസ്തകത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖലീജ് ടൈംസിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക അഞ്ജന ശങ്കറാണ് ചടങ്ങ് നിയന്ത്രിച്ചത്

ഇന്ദിര ഗാന്ധിയുടെ അടിയന്തിരാവസ്ഥക്കാലത്ത് മാധ്യമങ്ങള്‍ പ്രത്യക്ഷവിലക്കിന് വിധേയമായപ്പോള്‍ മോദിയുടെ ഭരണകാലത്ത് അദൃശ്യമായ വിലക്കുകളും നിയന്ത്രണങ്ങളുമാണ് രാജ്യത്തെ മാധ്യമങ്ങളും ബുദ്ധിജീവികളും നേരിടുന്നത്. പ്രധാനമന്ത്രിക്ക് അനഭിമതരായ മാധ്്യമപ്രവര്‍ത്തകര്‍ പരോക്ഷമായി നിശ്ശബ്ദരാക്കപ്പെടുന്നു. ഇന്ത്യയിലെ പ്രമുഖപത്രങ്ങളില്‍ ജോലിചെയ്തിരുന്ന മൂന്നോളം മുതിര്‍ന്ന പത്രാധിപര്‍മാര്‍ക്കും നിരവധി കോളമെഴുത്തുകാര്‍ക്കും അനേകം ടെലിവിഷന്‍ അവതാരകര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും ഭരണകക്ഷിയുടെയും അസഹിഷ്ണുതയാണ് ഇതിന് പിന്നില്‍. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹവുമായി നടത്തിയ അഭിമുഖം മുതലാണ് താന്‍ മോദിക്ക് അനഭിമതനായതെന്ന് കരണ്‍ ഥാപര്‍ പറഞ്ഞു. അന്നത്തെ അഭിമുഖം അലസിപ്പിരിഞ്ഞുവെങ്കിലും തന്നോട് പ്രതികാരം ചെയ്യുമെന്ന് മോദി പറഞ്ഞതായി വിശ്വസനീയവൃത്തങ്ങളില്‍ നിന്ന് അറിഞ്ഞിരുന്നു. മോദി പ്രധാനമന്ത്രിയായതിനുശേഷം ബിജെപിയുടെ നേതാക്കളോ കേന്ദ്രമന്ത്രിമാരോ തനിക്ക് അഭിമുഖം നല്കുന്നില്ല. ബിജെപിയുടെ ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് ഈ അപ്രഖ്യാപിതവിലക്ക് എന്ന് അറിയാന്‍ കഴിഞ്ഞു.

ഒരു മാധ്യമപ്രവര്‍ത്തകനെ നിശ്ശബ്ദമായി നിഷ്‌ക്രിയനാക്കണമെങ്കില്‍ അയാളുടെ തൊഴില്‍മേഖലയില്‍ നിസ്സഹകരണം പാലിച്ചാല്‍ മതിയാകുമെന്ന് സ്വന്തം അനുഭവം ചൂണ്ടിക്കാട്ടിക്കൊണ്ട് കരണ്‍ ഥാപര്‍ പറഞ്ഞു. വിമര്‍ശനം ദഹിക്കാത്ത സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്നും മോദി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ സ്ഥിതി ഇതിലും മോശമാകാനാണ് സാദ്ധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യം എന്നത് ഭൂരിപക്ഷാഭിപ്രായം മാത്രമല്ലെന്നും സുതാര്യത, ഉത്തരവാദിത്തബോധം, സഹിഷ്ണുത എന്നിവയെല്ലാം ജനാധിപത്യത്തിന്റെ അവിഭാജ്യഭാഗങ്ങങ്ങളാണെന്ന് കരണ്‍ ഥാപര്‍ പറഞ്ഞു. ജനാധിപത്യമെന്നത് വാസ്തവത്തില്‍ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കിടയിലുള്ള പെരുമാറ്റ സംഹിതയാണ്. രാജ്യത്തെ ഞെട്ടിച്ച ഗൗരി ലങ്കേഷ് വധത്തിന് ശേഷം ചില നേതാക്കള്‍ സംഭവത്തെ പ്രകീര്‍ത്തിച്ചത് തന്നെ അമ്പരപ്പിച്ചു. അതിലേറെ തന്നെ ഞെട്ടിച്ചത് ആ നേതാക്കളില്‍ പലരേയും പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്നുവെന്നതാണ്. നിഷ്ഠൂരമായ ഒരു കൊലപാതകത്തെ ന്യായീകരിക്കുന്ന വ്യക്തികളെ എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി ഫോളോ ചെയ്യുന്നുവെന്നത് തനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്ന് കരണ്‍ ഥാപര്‍ പറഞ്ഞു. അടിയന്തിരാവസ്ഥയില്‍ ഭാരതത്തിലെ ജനങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ ഒപ്പമാണ് നിന്നത്. ജനങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ മൂല്യം നന്നായറിയാം. ഭാവിയിലും അവര്‍ ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാരുമായുള്ള സൗഹൃദം തന്റെ തൊഴില്‍ മെച്ചപ്പെടുത്താന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് കരണ്‍ ഥാപര്‍ പറഞ്ഞു. സൗഹൃദം കൊണ്ട് ഇരുകൂട്ടര്‍ക്കും പ്രയോജനമുണ്ടാകാറില്ല. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് കേംബ്രിഡ്ജില്‍ പഠിക്കുമ്പോള്‍ അവിടെ വിദ്യാര്‍ത്ഥിനിയായിരുന്ന ബേനസീര്‍ ഭൂട്ടോയുമായുണ്ടായിരുന്ന സൗഹൃദത്തേക്കുറിച്ചും, പിന്നീട് അവര്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായപ്പോള്‍ പലവട്ടം അഭിമുഖം നടത്തിയതിനേക്കുറിച്ചും അദ്ദേഹം വിവരിച്ചു. പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തനത്തെയും ടെലിവിഷനിലെ വാര്‍ത്താവതാരകരേക്കുറിച്ചും പരാമര്‍ശിക്കവേ, വിനയമാണ് അഭിമുഖം നടത്തുകയും വാര്‍ത്ത അവതരിപ്പിക്കുകയും ചെയ്യുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ട അടിസ്ഥാനഗുണമെന്ന് കരണ്‍ ഥാപര്‍ പറഞ്ഞു. വിനയരഹിതവും വിദ്വേഷം നിറഞ്ഞതുമായ പെരുമാറ്റം വാര്‍ത്ത അവതരിപ്പിക്കുന്ന വ്യക്തിയെ പ്രേക്ഷകരില്‍ നിന്ന് അകറ്റുകയേയുള്ളൂ. അമിതാബ് ബച്ചന്‍, പി. വി. നരസിംഹറാവു, ജയലളിത തുടങ്ങിയവരുമായി അഭിമുഖം നടത്തിയപ്പോഴുള്ള അനുഭവങ്ങളും കരണ്‍ ഥാപര്‍ പങ്കുവച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss