|    Dec 12 Wed, 2018 9:02 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യത്തെ 25ഓളം സ്ഥലങ്ങളുടെ പേരുമാറ്റത്തിന് കേന്ദ്രാനുമതി

Published : 12th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ രാജ്യത്തെ പ്രമുഖ നഗരങ്ങള്‍ ഉള്‍പ്പെടെ 25ഓളം സ്ഥലങ്ങളുടെ പേരുമാറ്റത്തിന് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അനുമതി നല്‍കിയതായി വെളിപ്പെടുത്തല്‍. പശ്ചിമബംഗാളിന്റെ പേരുമാറ്റാനുള്ള നിര്‍ദേശം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.
ബംഗ്ലാ എന്ന പുതിയ പേരാണ് പശ്ചിമബംഗാളിനു പകരമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലുള്ളത്. ഉത്തര്‍പ്രദേശിലെ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കുമെന്നും ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കുമെന്നും പ്രഖ്യാപനമുണ്ടായെങ്കിലും ഇതുസംബന്ധിച്ച ശുപാര്‍ശകളൊന്നും ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടില്ല.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള രാജമുന്‍ഡ്രിയുടെ പേര് രാജാമഹേന്ദ്രവാരം എന്നാക്കുന്നതിനും ഒഡീഷയിലെ ഔട്ടര്‍ വീലറിന്റെ പേര് എപിജെ അബ്ദുള്‍ കലാം ഐലന്‍ഡ് എന്നാക്കുന്നതിനും അടക്കമുള്ളവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
റെയില്‍വേ മന്ത്രാലയം, തപാല്‍വകുപ്പ്, സര്‍വേ ഓഫ് ഇന്ത്യ എന്നിവയുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥലങ്ങളുടെ പേരുമാറ്റുന്നതിന് അനുമതി നല്‍കുന്നത്. മാറ്റാനുദ്ദേശിക്കുന്ന പുതിയ പേര് നിലവില്‍ മറ്റു സ്ഥലങ്ങള്‍ക്കൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാവും പേരുമാറ്റല്‍. എന്നാല്‍ സംസ്ഥാനങ്ങളുടെ പേര് മാറ്റുന്നതിന് ഭരണഘടനാ ഭേദഗതിതന്നെ വേണ്ടിവരും. എന്നാല്‍, നഗരങ്ങളുടെയോ ഗ്രാമങ്ങളുടെയോ പേരു മാറ്റുന്നതിന് ഉത്തരവ് മാത്രം മതിയാവും.
പശ്ചിമബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കുന്നതിനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരില്‍നിന്ന് ലഭിച്ചിരുന്നുവെങ്കിലും അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ പേരുമായി സാദൃശ്യമുള്ളതിനാല്‍ ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ്. അഹ്മദാബാദിന്റെ പേര് കര്‍ണാവതി എന്നാക്കി മാറ്റുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളുടെ പേരു മാറ്റുമെന്ന് പാര്‍ട്ടി നേതാവ് രാജാ സിങ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
മുഗള്‍സരായ് റെയില്‍വേ സ്‌റ്റേഷന്റെ പേര് ദീന്‍ ദയാല്‍ ഉപാധ്യായ സ്‌റ്റേഷന്‍ എന്നാക്കി മാറ്റുന്നതിന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അനുമതി നല്‍കിയിരുന്നു. മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനല്‍സിന്റെ പേര് ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍സ് എന്നാക്കി മാറ്റുന്നതിനും അനുമതി നല്‍കിയിരുന്നു.
ഒരു സംസ്ഥാനത്തിന്റെ പേര് അവസാനമായി മാറ്റിയത് 2011ലാണ്. ഒറീസയുടെ പേര് അന്ന് ഒഡീഷ എന്നാക്കി മാറ്റിയിരുന്നു. ബോംബെയുടെ പേര് 1995ലാണ് മുംബൈ എന്നാക്കി മാറ്റിയത്. 1996ല്‍ മദ്രാസിന്റെ പേര് ചെന്നൈ എന്നാക്കി. 2001ല്‍ കല്‍ക്കട്ടയുടെ പേര് കൊല്‍ക്കത്ത എന്നാക്കി. കര്‍ണാടകയിലെ ബാംഗ്ലൂര്‍ അടക്കമുള്ളവയുടെ പേര് മാറ്റുന്നതിന് കേന്ദ്രം അനുമതി നല്‍കിയത് 2014 ലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss