|    Oct 21 Sun, 2018 9:59 pm
FLASH NEWS

രാജ്യത്തെ സാമ്പത്തികമാന്ദ്യം : ഉത്തരവാദികള്‍ മോദിയും സംഘപരിവാരവും: എം ബി രാജേഷ്

Published : 22nd September 2017 | Posted By: fsq

 

പാലക്കാട്: കഴിഞ്ഞ ആറു പാദങ്ങളിലും ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച കൂപ്പുകുത്തിയതിന്റെ ഉത്തരവാദികള്‍ മുതലാളിത്ത നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നരേന്ദ്രമോദിയും സംഘപരിവാരവുമാണെന്ന് എം ബി രാജേഷ് എംപി കുറ്റപ്പെടുത്തി. ബിഇഎഫ്‌ഐ സ്ഥാപകനേതാവ് നരേഷ്പാലിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചൈനയെ പിന്‍തള്ളി രാജ്യം ഒരു സൂപ്പര്‍ പവറായി എന്ന് വീമ്പിളക്കിയതാണ് ധനമന്ത്രി ജയ്റ്റ്‌ലിയെന്നും രാജേഷ് പറഞ്ഞു. വെന്റിലേറ്ററിലായ ഇന്ത്യന്‍ സമ്പദ്ഘടനയെ രക്ഷിക്കാനായി ഉത്തേജക പാക്കേജുകള്‍ കൊണ്ടുവരുമെന്നാണ് ഇപ്പോള്‍ പറയുന്നത്. അതിന്റെ പേരിലും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് സഹായങ്ങള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കറന്‍സി പിന്‍വലിച്ചതും, മുന്നൊരുക്കമില്ലാതെ ജി എസ്്് ടി നടപ്പിലാക്കിയതും, ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതുമാണ് രാജ്യത്തെ തിരിച്ചടിക്ക് കാരണമായത് .സമസ്ത മേഖലകളെയും വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുത്തിട്ടും പൊതുമേഖലയെ ആകെ സ്വകാര്യവല്‍ക്കരിച്ചിട്ടും രാജ്യം പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് മുതലാളിത്ത നയങ്ങളുടെ പരാജയമാണെന്ന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം സമര്‍ത്ഥിച്ചു. ഈ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാട്ടങ്ങള്‍ വളര്‍ത്തിയെടുത്തുകൊണ്ട് രാജ്യത്തെ രക്ഷിക്കാന്‍ സമസ്ത ജനവിഭാഗങ്ങളും തയ്യാറാവണമെന്നും രാജേഷ് ആഹ്വാനം ചെയ്തു.പൊതുമേഖലാ ബാങ്കുകളുടെ ലയനങ്ങള്‍ വലിയതോതില്‍ ശാഖകള്‍ അടച്ചുപൂട്ടുന്നതിനും, ബാങ്കിങ് സേവനം പരിമിതപ്പെടുത്തുന്നതിനും, തൊഴിലവസരങ്ങള്‍ കുറയ്ക്കുന്നതിനും അതുവഴി രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വഷളാക്കുന്നതിനും വഴിവെക്കുമെന്ന് ബിഇഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് സി ജെ നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. സെമിനാറില്‍ ബാങ്കിങ് പരിഷ്‌കാരങ്ങളും ഇന്ത്യന്‍ സമ്പദ്ഘടനയും എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കാനായി വിപണിയെ സമീപിക്കണമെന്നുപറയുന്നത് അവയെ സ്വകാര്യവല്‍ക്കരിക്കുന്നതിനു വേണ്ടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.യാതൊരു മുന്നൊരുക്കവുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ ജി എസ് ടി നടപ്പിലാക്കിയതിന്റെ ദുരന്തമാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് സാമ്പത്തികവിദഗ്ദ്ധന്‍ വി കെ  പ്രസാദ് അഭിപ്രായപ്പെട്ടു. നികുതിനിരക്ക് കുറച്ച്് വസ്തുക്കളുടെ വില കൂട്ടി വില്‍ക്കുന്ന വ്യാപാരികളെയും വ്യവസായികളെയും നിലയ്ക്കു നിര്‍ത്താനാവശ്യമായ നടപടികളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സാമ്പത്തികമാന്ദ്യം പരിഹരിക്കാനായി കൊണ്ടുവരുന്ന ഉത്തേജക നടപടികളില്‍ സാധാരണ ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയര്‍ത്താനാവശ്യമായ നടപടികള്‍ ഉള്‍പ്പെടുത്തണമെന്ന് സെമിനാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ബി ഇ എഫ് ഐ സംസ്ഥാന സെക്രട്ടറി സജി വര്‍ഗ്ഗീസ് മോഡറേറ്ററായിരുന്നു. അഡ്വ  എംഎസ്  സ്‌കറിയ (സി ഐ ടി യു), ജിപി രാമചന്ദ്രന്‍ (എന്‍സിബിഇ.), ഇ  പഴണിമല (എഐബിഒസി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സര്‍വ്വീസില്‍ നിന്നും വിരമിച്ച ജി ബാലസുബ്രഹ്മണ്യന്  സ്വീകരണവും നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss