|    Oct 19 Fri, 2018 6:25 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ നടപടികള്‍

Published : 21st September 2017 | Posted By: fsq

 

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.  ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജെയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. ലഭ്യമായ എല്ലാ സാമ്പത്തിക സൂചനകളും ശ്രദ്ധിച്ചിട്ടുണ്ടെന്നും ആവശ്യമായ കൂടുതല്‍ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നുമാണ് ജെയ്റ്റ്‌ലി ഇന്നലെ വ്യക്തമാക്കിയത്. പരപ്രേരണ കൂടാതെ സംരംഭങ്ങളില്‍ മുന്‍കൈ എടുക്കാന്‍ സന്നദ്ധതയുള്ള സര്‍ക്കാരാണ് തങ്ങളുടേത്. ആവശ്യമുള്ളപ്പോള്‍ സന്ദര്‍ഭത്തിന് അനുസരിച്ച് പ്രതികരിക്കും. ഉചിതമായ നടപടികളാണ് സ്വീകരിക്കുന്നത്. പരിഷ്‌കരണ അജണ്ടയിലൂടെയാണ് തങ്ങള്‍ സ്ഥിരമായി സഞ്ചരിക്കുന്നതെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു.രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിച്ചുവെങ്കിലും ഇവയുടെ എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്നും രാജ്യത്തിന്റെ വികസനത്തിന് പണം കണ്ടെത്തുന്നതിനാണ് എക്‌സൈസ് തീരുവകള്‍ ഉപയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അമേരിക്കയില്‍ ക്രൂഡ് ഓയിലിന്റെ സംസ്‌കരണത്തില്‍ ഇടിവുണ്ടായതാണ് ആഭ്യന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കാന്‍ കാരണം. അമേരിക്കയില്‍ ആഞ്ഞടിച്ച ഇര്‍മ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ  സാഹചര്യങ്ങളും ഇന്ത്യയില്‍ ഇന്ധന വിലവര്‍ധനയ്ക്ക് കാരണമായെന്ന് അരുണ്‍ ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. വികസനത്തിനു ആവശ്യമായ പണം  നികുതി വരുമാനത്തിലൂടെയാണ് കണ്ടെത്തുന്നത്. മിക്ക സംസ്ഥാനങ്ങളും നികുതി വരുമാനം കുറയ്ക്കാന്‍ തയ്യാറല്ല. വില വര്‍ധനവിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി വരുമാനം കുറയ്ക്കാന്‍ തയ്യാറല്ല.  – ജെയ്റ്റ്‌ലി പറഞ്ഞു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ സര്‍ക്കാരിന്റേത് നയപരമായ നിലപാടാണ്. നന്നായി ആലോചിച്ച് എടുത്ത തീരുമാനം ആയതിനാല്‍ ആ നിലപാടില്‍ മാറ്റമില്ല. അനധികൃത കുടിയേറ്റക്കാര്‍ തിരികെ പോവണം. ഇക്കാര്യത്തില്‍ വ്യക്തമായ സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്. ഇക്കാര്യത്തില്‍ എന്താണ് വിദേശനയം, നമ്മുടെ മാനുഷിക പരിഗണനകള്‍ എന്തൊക്കെയാണ് എന്ന കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ നമ്മള്‍ ബംഗ്ലാദേശിനെ സഹായിക്കുന്നുണ്ട്. ഭക്ഷ്യധാന്യങ്ങളും മറ്റു വസ്തുക്കളും മാനുഷിക സഹായമായി അയച്ചുകൊടുക്കുന്നുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ദേശീയ സുരക്ഷാ സാഹചര്യങ്ങളില്‍ എന്തു സംഭവിക്കും ജനസംഖ്യാപരമായ സന്തുലിതാവസ്ഥയുട പ്രത്യാഘാതങ്ങള്‍ എന്നീ ഘടകങ്ങളും പരിഗണിച്ചാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ തീരുമാനം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss