|    Sep 26 Wed, 2018 5:02 am
FLASH NEWS

രാജ്യത്തെ ഭയം ഗ്രസിച്ചുകൊണ്ടിരിക്കുന്നു: ഉദയപ്രകാശ്

Published : 13th August 2018 | Posted By: kasim kzm

കോഴിക്കോട്: ജനാധിപത്യം ധ്വംസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ എല്ലായിടത്തുനിന്നും ഉയര്‍ന്നുകേള്‍ക്കുന്നത് ജനാധിപത്യത്തിന്റെ വിലാപമാണെന്നും എഴുത്തുകാരനും ദലിത് ആക്ടിസിറ്റുമായ ഉദയപ്രകാശ്.
ടൗണ്‍ ഹാളില്‍ ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ജനാധിപത്യത്തിലെ എഴുത്ത്’ എന്ന സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ജെഎന്‍യു സര്‍വകലാശാലയിലെ മുന്‍ അധ്യാപകന്‍ കൂടിയായ ഉദയ പ്രകാശ്. അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ അടുത്തകാലത്തായി പലരുടെയും ജീവന്‍ ഹനിക്കപ്പെട്ടു. തനിക്കും ഭയം തോന്നുന്നുണ്ട്. ഈ ഭയം രാജ്യത്തെ മുഴുവന്‍ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഇരുണ്ട കാലഘട്ടത്തെ കവിതയിലൂടെയും കഥയിലൂടെയും നോവലിലൂടെയും പ്രതിരോധിക്കണം. 1993 മുതല്‍ ഡോക്യുമെന്ററി ചിത്രീകണങ്ങള്‍ക്കായി കേരളത്തില്‍ താന്‍ വരുന്നുണ്ട്. അന്ന് കേരളം രാജ്യത്തിനു തന്നെ മാതൃകയായിരുന്നു. ആ പാരമ്പര്യം ഇന്ന് കേരളത്തിന് നഷ്ടമായിരിക്കുന്നു. എന്നാലും കേരളത്തിലേക്ക് വരുമ്പോള്‍ തനിക്കു സുരക്ഷിതത്വ ബോധം തോന്നാറുണ്ടെന്നും വീണ്ടും ഇവിടേക്ക് വരാന്‍ തോന്നുമെന്നും അദ്ദേഹം പറഞ്ഞു. കേരളം പോലെ മധ്യപ്രദേശിലേക്ക് പോകുമ്പോഴും തനിക്ക് സുരക്ഷിതത്വം തോന്നാറുണ്ടെന്നും ഇടതുപക്ഷത്തിന് ഈ സംസ്ഥാനങ്ങളില്‍ ലഭിച്ച വേരോട്ടമായിരിക്കാം ഈ പ്രദേശങ്ങള്‍ ഇങ്ങനെത്തന്നെ നിലനില്‍ക്കാന്‍ കാരണമെന്നും ഉദയ പ്രകാശ് അഭിപ്രായപ്പെട്ടു.
ജനാധിപത്യം പരിപോഷിക്കുന്നത് സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് സെമിനാറില്‍ സംസാരിക്കുകയായിരുന്ന എഴുത്തുകാരന്‍ ഡോ. ടി ടി ശ്രീകുമാര്‍ പറഞ്ഞു. ജനാധിപത്യപരമായ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളുടെ മികച്ച ഉദാഹരണമാണ് ഇന്ത്യയില്‍ ന്യൂനപക്ഷമായിരുന്ന ജൈനബ്രാഹ്മണര്‍ ഉപയോഗിച്ചിരുന്ന സംസ്‌കൃതം ഭാഷയെ ഉദ്ധരിക്കാന്‍ മുഗള്‍ ഭരണാധികാരികള്‍ നടത്തിയ ശ്രമങ്ങള്‍. ഇതിന്റെ ഭാഗമായി ഉപനിഷത്തുകളും മഹാഭാരതവുമെല്ലാം പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇന്ന് വ്യത്യസ്തമായ ശബ്ദങ്ങളെ മുഴുവന്‍ ഭരണകൂടം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. സെമിനാറില്‍ പി എന്‍ ഗോപീകൃഷ്ണന്‍, എം നന്ദകുമാര്‍, ഡോ. എന്‍ എം സണ്ണി, അനില്‍കുമാര്‍ തിരുവോത്ത്, സജീഷ് നാരായണന്‍ സംസാരിച്ചു. പ്രമുഖ വാദ്യകലാകാരനായ ഹരിഗോവിന്ദന്റെ നിര്യാണത്തെതുടര്‍ന്ന് ഇന്ന് രണ്ടുമണിക്ക് നടത്തേണ്ടിയിരുന്ന ‘എഴുത്തിലെ ബഹുസ്വരതയും ജനാധിപത്യവും’ എന്ന സെമിനാര്‍ മാറ്റിവെച്ചു. നാളത്തെ പരിപാടികള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ഗുലാബ് ജാന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss