|    Aug 16 Thu, 2018 7:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാജ്യത്തെ ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ യുദ്ധപ്രഖ്യാപനം: രാഷ്ട്രപതി

Published : 15th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ദുര്‍ബല സമൂഹത്തിനെതിരേ ഒരുവിഭാഗം നടത്തുന്ന അതിക്രമങ്ങള്‍ രാജ്യത്തിന്റെ ധാര്‍മിക ചിന്തകള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തു കുറച്ചുകാലമായി അസഹിഷ്ണുത അതിന്റെ വൃത്തികെട്ട തലയുയര്‍ത്തി നില്‍ക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
70ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണു ദലിതുകള്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ച് രാഷ്ട്രപതി പരോക്ഷമായി പരാമര്‍ശിച്ചത്. ഇത്തരം ശക്തികളെ ആലോചനാവിശാലതയുള്ള പൊതുസമൂഹം ഒറ്റപ്പെടുത്തുമെന്നും രാജ്യത്തിന്റെ വളര്‍ച്ച തുടരുമെന്നു തനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും കടമയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഓരോ അതിക്രമവും പരിഷ്‌കൃത സമൂഹത്തിന്റെ ആത്മാവിലാണു മുറിവേല്‍പ്പിക്കുക. ചെറിയ ഇടവേളകളില്‍ സര്‍ക്കാരിനെ തിരഞ്ഞെടുക്കുകയെന്നതിനേക്കാള്‍ വലുതാണ് ജനാധിപത്യമെന്നത്. പൗരസ്വാതന്ത്ര്യത്തിന്റെ മരം വളരുന്നതു ജനാധിപത്യംകൊണ്ട് പരിപാലിക്കപ്പെടുമ്പോഴാണ്. ഭിന്നിപ്പിന്റെ രാഷ്ട്രീയ അജണ്ടയുള്ള വ്യക്തികളും സംഘങ്ങളും ഭരണഘടനാ അട്ടിമറിയിലേക്കാണു നയിക്കുന്നത്. നമ്മുടെ ഭരണഘടന ഒരു രാഷ്ട്രീയ, നിയമ വ്യവസ്ഥ മാത്രമല്ല, അതിനു വൈകാരികതയും സംസ്‌കാരവും സാമൂഹിക ഉത്തരവാദിത്തങ്ങളുമുണ്ട്.
വിവിധ വിഭാഗങ്ങളെ പരിപാലിക്കുന്നതിലാണു രാജ്യത്തിന്റെ നാനാത്വം കുടികൊള്ളുന്നത്. ഭരണകൂടത്തിന്റെ ഓരോ ഘടകത്തിന്റെയും ചുമതലകളും ഉത്തരവാദിത്തങ്ങളും ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. മറ്റൊരുവന്റെ സംസ്‌കാരത്തോടും മൂല്യങ്ങളോടും വിശ്വാസങ്ങളോടുമുള്ള നമ്മുടെ ബഹുമാനമാണ് ഇന്ത്യയെ ഒരുമിച്ചു ചേര്‍ത്ത അതുല്യ സവിശേഷത. ബഹുസ്വരതയുടെ സത്ത നിലകൊള്ളുന്നത് നമ്മുടെ വൈജാത്യത്തെ പരിപോഷിപ്പിക്കുന്നതിലും നാനാത്വത്തെ വിലമതിക്കുന്നതിലുമാണ്.
69 വര്‍ഷം മുമ്പ് ഇതേ ദിവസം പണ്ഡിറ്റ് നെഹ്‌റു തന്റെ സുപ്രസിദ്ധമായ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചത് സത്യമാണ്, അതായത് ഒരു രാജ്യത്തിന്റെ ചരിത്രത്തില്‍, പ്രധാന നിമിഷങ്ങളുണ്ടാവുന്നത് നാം പഴയതില്‍ നിന്നു പുതുമയിലേക്കു ചുവടുവയ്ക്കുമ്പോഴാണ്, രാജ്യത്തിന്റെ ആത്മാവ് ശബ്ദം തേടുമ്പോഴാണ്. പക്ഷേ, അത്തരം സന്ദര്‍ഭങ്ങള്‍ ഭാഗ്യത്തിന്റെ കടാക്ഷംകൊണ്ട് അദ്ഭുതകരമായി വരുന്ന ഒന്നല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഒരു രാജ്യം അത്തരമൊരു സന്ദര്‍ഭം സൃഷ്ടിക്കാന്‍ അധ്വാനിക്കണം. 600 ദശലക്ഷം യുവാക്കളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന, ഡിജിറ്റല്‍ ഇന്ത്യയെയും സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയെയും നൈപുണിയാര്‍ന്ന ഇന്ത്യയെയും നിര്‍മിക്കുന്ന ഒരു ഭാവി സൃഷ്ടിച്ചെടുക്കണം. 100കണക്കിന് സ്മാര്‍ട്ട് നഗരങ്ങളും ഗ്രാമങ്ങളുമുള്ള ഇന്ത്യയെ നാം നിര്‍മിക്കുമ്പോള്‍, അവ സാങ്കേതികവിദ്യയാല്‍ ചലിക്കുന്നതും സഹാനുഭൂതിയുള്ളതുമായ സമൂഹനിര്‍മിതിയിലേക്കു നയിക്കുന്ന ഇടങ്ങളാവുമെന്നു നാം ഉറപ്പുവരുത്തണം. മുഴുവന്‍ ഇന്ത്യയും വളരുമ്പോള്‍ മാത്രമേ ഇന്ത്യ വളരുകയുള്ളൂ. പുറത്താക്കപ്പെടുന്നവരെ കൂടി വികസനപ്രക്രിയയില്‍ ഉള്‍ക്കൊള്ളിക്കണം. വേദനിക്കപ്പെട്ടവരെയും ഒറ്റപ്പെടുത്തപ്പെട്ടവരെയും മുഖ്യധാരയിലേക്കു തിരികെക്കൊണ്ടുവരണം- രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss