|    Jan 20 Fri, 2017 11:30 am
FLASH NEWS

രാജ്യത്തെ കീഴ്‌കോടതികളില്‍ 5,111 ജഡ്ജിമാരുടെ കുറവ്

Published : 19th October 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രിംകോടതിയിലെയും 24 ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ കുറവ് കേന്ദ്രീകരിച്ച് ചര്‍ച്ച നടക്കുന്നതിനിടെ അതിലും ദയനീയമായ അവസ്ഥയുമായി കീഴ്‌കോടതികള്‍. രാജ്യത്തെ നീതിനിര്‍വഹണ സംവിധാനത്തിന്റെ നട്ടെല്ലെന്ന് കരുതപ്പെടുന്ന കീഴ്‌കോടതികളിലെ ജഡ്ജിമാരുടെ കുറവ് സുപ്രിംകോടതിയെക്കാളും ഹൈക്കോടതികളെക്കാളും കഷ്ടമാണെന്നാണ് കേന്ദ്ര നിയമ മന്ത്രാലയത്തില്‍ നിന്ന് ലഭ്യമായ രേഖകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തെ വിവിധ കീഴ്‌കോടതികളിലായി 5,111 ജഡ്ജിമാരുടെ കുറവുണ്ടെന്നാണ് നിയമ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്ക്. ജൂണ്‍ 30 വരെയുള്ള കണക്കു പ്രകാരം, 21,303 ജഡ്ജിമാരാണ് രാജ്യത്തെ വിവിധ കീഴ്‌കോടതികളില്‍ വേണ്ടത്. എന്നാല്‍, 16,192 ജഡ്ജിമാര്‍ മാത്രമാണ് ഈ കോടതികളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതായത് 5,111 ജഡ്ജിമാരുടെ കുറവ്. രാജ്യത്തെ വലിയ 11 സംസ്ഥാനങ്ങളിലെ കീഴ്‌കോടതികളിലേക്കുള്ള ജഡ്ജിമാരെ നിയമിക്കുന്നത് ഹൈക്കോടതികളാണ്. എന്നാല്‍, മറ്റു 17 സംസ്ഥാനങ്ങളിലെ കീഴ്‌കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നത് സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വീസ് കമ്മീഷനുകളാണ്. കീഴ്‌കോടതികളില്‍ ഏറ്റവും കൂടുതല്‍ ജഡ്ജിമാരുടെ ഒഴിവുള്ളത് പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിലാണ്. ഇവിടെ 794 ജഡ്ജിമാരുടെ ഒഴിവുകളാണ് നിയമനം കാത്തുകിടക്കുന്നത്. തൊട്ടുപിറകില്‍ യഥാക്രമം ബിഹാറും ഉത്തര്‍പ്രദേശുമാണ്. ബിഹാറില്‍ 792ഉം ഉത്തര്‍പ്രദേശില്‍ 595ഉം കീഴ്‌കോടതി ജഡ്ജിമാരുടെ ഒഴിവുകളാണുള്ളത്. ഇന്ത്യയിലെ വിവിധ കോടതികളിലായി മൂന്ന് കോടിയോളം കേസുകളാണ് തീര്‍പ്പ് കല്‍പ്പിക്കാനായി കാത്തുകെട്ടിക്കിടക്കുന്നത്.
അതേസമയം, രാജ്യത്തെ 24 ഹൈക്കോടതികളിലായി 450 ജഡ്ജിമാരുടെ ഒഴിവുകളാണ് നികത്താനുള്ളത്.  കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്തെ ജില്ലാ കോടതികളിലും കീഴ്‌കോടതികളിലും ഫയല്‍ചെയ്ത സിവില്‍ കേസുകളില്‍ 11 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2005ല്‍ 40,69,073 സിവില്‍ കേസുകളാണ് ഫയല്‍ ചെയ്തതെങ്കില്‍ 2015ല്‍ ഇത് 36,22,815 ആയി കുറഞ്ഞിട്ടുണ്ടെന്ന് നിയമ മന്ത്രാലയത്തിലെ ഉന്നത സമിതി തയ്യാറാക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇതേകാലയളവില്‍ തീരുമാനം കാത്തുകിടക്കുന്ന സിവില്‍ കേസുകളുടെ എണ്ണത്തില്‍ 16ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 2005ല്‍ 72,54,145 സിവില്‍ കേസുകളാണ് തീരുമാനമാവാതെ കിടന്നിരുന്നതെങ്കില്‍ 2015ല്‍ ഇത് 84,056,47 ആയി വര്‍ധിച്ചു. 2005ല്‍ രാജ്യത്തെ വിവിധ ജില്ലാ, കീഴ്‌കോടതികളിലായി 11,682 ജഡ്ജിമാരാണ് ഉണ്ടായിരുന്നത്. ഇത് 2015ല്‍ 16,070 ആയി വര്‍ധിച്ചെങ്കിലും തീരുമാനം കാത്തുകിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നതെന്നാണ് നിയമ മന്ത്രാലയത്തിന്റെ നിരീക്ഷണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക