|    Jan 20 Fri, 2017 12:49 am
FLASH NEWS

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം; ആലപ്പുഴയ്ക്ക് അംഗീകാരം

Published : 13th July 2016 | Posted By: SMR

ആലപ്പുഴ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിന് ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫും മുന്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോയും ചേര്‍ന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവില്‍ നിന്ന് ഏറ്റുവാങ്ങി. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളെ കണ്ടെത്താന്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) നടത്തിയ സര്‍വേയിലാണ് ആലപ്പുഴ നഗരം ഒന്നാമതെത്തിയത്.
പനാജിയും (ഗോവ), മൈസൂരുവുമാണ് (കര്‍ണാടക) രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മാലിന്യ നിര്‍മാര്‍ജ്ജനം കാര്യക്ഷമമായി നടക്കുന്ന രാജ്യത്തെ 14 നഗരങ്ങളാണ് സിഎസ്ഇ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. കഴിഞ്ഞ ജനുവരിയില്‍, സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്ര നഗര വികസന മന്ത്രാലയം ജനസംഖ്യ മാനദണ്ഡമാക്കി നടത്തിയ ശുചിത്വസര്‍വേയില്‍ ആലപ്പുഴ ഇടം പിടിച്ചിരുന്നില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് സിഎസ്ഇയുടെ സര്‍വേ.
കക്കൂസ് നിര്‍മാണം, മാലിന്യ നിര്‍മാര്‍ജ്ജനം, സ്വതന്ത്ര നിരീക്ഷണം തുടങ്ങിയ ഘടകങ്ങളാണ് സര്‍വേയില്‍ മാനദണ്ഡമായത്. ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയും എയ്‌റോബിക് പ്ലാന്റുകളുമാണ് നഗരത്തെ മാലിന്യമുക്തമാക്കിയത്. നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച എയ്‌റോബിക് പ്ലാന്റുകള്‍ മാലിന്യസംസ്‌കരണത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിടുകയായിരുന്നു.
ദിനംപ്രതി ടണ്‍കണക്കിന് മാലിന്യം സര്‍വോദയപുരത്തെ ഡംപിങ് യാര്‍ഡിലെത്തിച്ചിരുന്നത് എന്നെന്നേക്കുമായി ഇല്ലാതായതോടെ ഇത് അടച്ചുപൂട്ടിയത് പ്രദേശവാസികള്‍ക്കും അനുഗ്രഹമായി. പ്രധാന മാലിന്യ കേന്ദ്രമായിരുന്ന വഴിച്ചേരിയില്‍ സ്ഥാപിച്ച വാട്‌സണ്‍ പാര്‍ക്ക് ഇന്ന് വിദേശികളടക്കമുള്ള പരിസ്ഥിതി സ്‌നേഹികളുടെ സന്ദര്‍ശന കേന്ദ്രമാണ്. ഇവിടെയാണ് നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാന്റും പ്രവര്‍ത്തിക്കുന്നത്.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന അംഗീകാരം ആലപ്പുഴക്ക് ലഭിച്ചതോടെ വിനോദസഞ്ചാര മേഖലയിലടക്കം വന്‍ വളര്‍ച്ചക്ക് അവസരമൊരുക്കും. രാജ്യ തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെയുള്ള മഹാനഗരങ്ങളെ ഏറെ പിന്നിലാക്കിയാണ് ആലപ്പുഴയ്ക്ക് ഈ നേട്ടം ലഭിച്ചിരിക്കുന്നത്.
ബൊബ്ബിളി (ആന്ധ്രപ്രദേശ്), ഐസോള്‍ (മിസോറം ), പൂനെ (മഹാരാഷ്ട്ര), സൂറത്ത് (ഗുജറാത്ത്), സൂര്യപേട്ട് (തെലങ്കാന), ഗാങ്ക്‌ടോക് (സിക്കിം), അഗര്‍ത്തല (ത്രിപുര), ഷിംല (ഹിമാചല്‍ പ്രദേശ്), ബെംഗളൂരു, ചണ്ഡിഗഢ്, ഡല്‍ഹി എന്നിവയാണ് ശുചിത്വനഗരങ്ങളുടെ പട്ടികയിലിടം നേടിയ മറ്റ് നഗരങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക