|    Jul 20 Fri, 2018 1:56 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കം

Published : 15th September 2017 | Posted By: fsq

 

അഹ്മദാബാദ്: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. 1.10 ലക്ഷം കോടി രൂപ ചെലവു വരുന്ന ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അഹ്മദാബാദില്‍ നിന്ന് മുംബൈ വരെയാണ്. ബുള്ളറ്റ് ട്രെയിന്‍ വരുന്നതോടെ  യാത്രാസമയം ഏഴു മണിക്കൂറില്‍ നിന്ന് മൂന്നു മണിക്കൂറായി കുറയും. മണിക്കൂറില്‍ 320 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ ശരാശരി വേഗം. പരമാവധി വേഗം 350 കിലോമീറ്ററും. താനെയ്ക്കും വിരാറിനുമിടയ്ക്ക് 21 കിലോമീറ്റര്‍ ഭൂഗര്‍ഭപാതയാണ്. ഇതില്‍ ഏഴു കിലോമീറ്റര്‍ ദൂരം കടലിനടിയിലൂടെയാണ്. എക്‌സിക്യൂട്ടീവ്, ഇക്കോണമി എന്നിങ്ങനെ രണ്ടുതരം സീറ്റുകളുണ്ടാവും. 10 കോച്ചുകളാണ് ട്രെയിനിനുണ്ടാവുക. ഇതില്‍ ഒരേസമയം 750 പേര്‍ക്ക് യാത്രചെയ്യാന്‍ സൗകര്യമുണ്ടാവും. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സും അഹ്മദാബാദിലെ സബര്‍മതിയും ഉള്‍പ്പെടെ 12 സ്‌റ്റേഷനുകളില്‍ നിര്‍ത്തും. രാജധാനി എക്‌സ്പ്രസ്സിന്റെ രണ്ടാം ക്ലാസ് എസി ടിക്കറ്റ് നിരക്കിന് സമാനമായിരിക്കും നിരക്ക്. 2022 ആഗസ്ത് 15നകം പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഈ പദ്ധതി ഇന്ത്യക്കുള്ള ജപ്പാന്റെ വലിയ സമ്മാനമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്തോ-ജപ്പാന്‍ പങ്കാളിത്തം ഏറെ പ്രത്യേകതയുള്ളതും തന്ത്രപ്രധാനവുമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രതികരിച്ചു. സബര്‍മതിയിലെ അത്‌ലറ്റിക് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.  അതിവേഗമുള്ള തീവണ്ടി ഇന്ത്യയില്‍ നടപ്പാക്കി പുതിയൊരു ഇന്ത്യ നിര്‍മിക്കുന്നതിനെപ്പറ്റി രണ്ടുവര്‍ഷം മുമ്പു തന്നെ മോദി തന്നോട് സംസാരിച്ചതായും ആബെ അറിയിച്ചു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഇന്ത്യയില്‍ നടപ്പാക്കുന്നതിനായി 88,000 കോടി രൂപ 0.1 ശതമാനം പലിശയ്ക്കാണ് ജപ്പാന്‍ ഇന്ത്യക്ക് വായ്പ നല്‍കിയതെന്ന് മോദി വ്യക്തമാക്കി. ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച പ്രതിപക്ഷത്തിനെ മോദി വിമര്‍ശിച്ചു. എന്തിനാണ് ഇന്ത്യയില്‍ ഇത്തരമൊരു ട്രെയിനിന്റെ ആവശ്യമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നതെന്നു മോദി പറഞ്ഞു. 1964 ലാണ് ജപ്പാനില്‍ ബുള്ളറ്റ് ട്രെയിന്‍ ആരംഭിച്ചത്. ഈ സാങ്കേതികവിദ്യ ഇപ്പോള്‍ 15 രാജ്യങ്ങളില്‍ നടപ്പാക്കിയതായും മോദി വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss