|    Oct 23 Tue, 2018 11:43 am
FLASH NEWS
Home   >  Editpage  >  Lead Article  >  

രാജ്യത്തിന്റെ ഐക്യമാണ് പ്രധാനം

Published : 16th December 2015 | Posted By: SMR

തൈക്കൂട്ടത്തില്‍ സക്കീര്‍

നൂറ്റാണ്ടുകളായി ഇന്ത്യയെ ഗ്രസിച്ച ശാപമാണ് വര്‍ഗീയത. ഡല്‍ഹിയുടെ വടക്കുപടിഞ്ഞാറുള്ള കുരുക്ഷേത്ര സമതലത്തില്‍ സഹോദരന്മാര്‍ തമ്മില്‍ നടത്തിയ രക്തച്ചൊരിച്ചിലായിരുന്നു മഹാഭാരത യുദ്ധം. ഇതിഹാസകാവ്യമായ മഹാഭാരത കഥകള്‍ വീണ്ടും വീണ്ടും അരങ്ങേറുകയാണ്. സമസ്ത രംഗങ്ങളിലും വൈവിധ്യത്തിന്റെ മഹാഭൂപടം ഇന്ത്യ ഒരുക്കിവച്ചിട്ടുണ്ട്. ചരിത്രത്തിന്റെ എണ്ണമറ്റ രഥഘോഷയാത്രകള്‍ ഇന്ത്യന്‍ മണ്ണിലൂടെ കടന്നുപോയി.
നാഗരികതകളും സാമ്രാജ്യങ്ങളും നഗരങ്ങളും വിദ്യാകേന്ദ്രങ്ങളും ഉയിരെടുക്കുകയും വളര്‍ന്നു പന്തലിച്ച് ഒടുവില്‍ തകര്‍ന്നടിഞ്ഞുവീഴുകയും ചെയ്തു. അവയ്ക്കു മേല്‍ വീണ്ടും വീണ്ടും സംസ്‌കൃതികള്‍ ഉയര്‍ന്നുപൊന്തി. നാഗരികതയുടെ തുടക്കം മുതല്‍ തുടങ്ങിയ മനുഷ്യവാസത്തിന്റെ ശൃംഖല ഇടമുറിയാതെ തുടര്‍ന്നുകൊണ്ടേയിരുന്നു. ആ കാലപ്രവാഹത്തിലൂടെ ഏതൊക്കെയോ ദേശങ്ങളില്‍ നിന്നു ഭിന്നവംശങ്ങളിലും ഭാഷാവിഭാഗങ്ങളിലും പെട്ടവര്‍ കടന്നുവന്ന് ഇവിടത്തെ ജനതയില്‍ അലിഞ്ഞുചേര്‍ന്നു. കുടിയേറ്റങ്ങളും അധിനിവേശങ്ങളും യുദ്ധങ്ങളും ആവര്‍ത്തിച്ചിട്ടും സംസ്‌കൃതിയുടെ പ്രാചീനമായ തുടര്‍ച്ച ഇന്ത്യയില്‍ മുറിഞ്ഞുപോയില്ല.
രാമജന്മഭൂമിയും ശ്രീരാമക്ഷേത്രവും ചൂടുപിടിച്ച വിവാദമായി മാറിയത് 1980കള്‍ മുതലായിരുന്നു. അതിനു മുമ്പും അയോധ്യയും ബാബരി മസ്ജിദുമെല്ലാം നിലനിന്നിരുന്നു. യഥാര്‍ഥത്തില്‍ ഇതൊരു രാഷ്ട്രീയ മുതലെടുപ്പിന്റെ പര്യായമായി മാറിയത് മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അവതരണത്തിനു ശേഷമാണ്. ബാബരി മസ്ജിദ് തകര്‍ത്തത് മതേതര ഇന്ത്യയുടെ ഹൃദയത്തിനു മുറിവേല്‍പിച്ചു. വാസ്തവത്തില്‍ ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നം രാഷ്ട്രീയമായി കുത്തിപ്പൊക്കിയ നാടകമായിരുന്നു.
മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കിയാല്‍ മേല്‍ജാതി ഹിന്ദുക്കളും കീഴ്ജാതി ഹിന്ദുക്കളും തമ്മില്‍ ഭിന്നതകള്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് ഭയപ്പെട്ടു. ഇത് വര്‍ഗീയ ശക്തികള്‍ക്കു പിന്‍ബലമേകുമെന്നു മനസ്സിലാക്കിയാണ് ആ റിപോര്‍ട്ട് നടപ്പാക്കാന്‍ ഇന്ദിരാഗാന്ധി തയ്യാറാകാതിരുന്നത്. വി പി സിങ് മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയുണ്ടായി. റിപോര്‍ട്ട് നടപ്പാക്കേണ്ടതായിരുന്നുവെങ്കിലും വ്യാപകമായ ചര്‍ച്ച നടത്താതെയാണ് വി പി സിങ് സര്‍ക്കാര്‍ നടപടിയെടുത്തത്. അധഃസ്ഥിത ജനവിഭാഗങ്ങള്‍ തങ്ങളില്‍ നിന്നു കൈവിട്ടുപോകുമെന്ന ഭയം മൂലമാണ് ബാബരി മസ്ജിദ് മുന്‍നിര്‍ത്തി വര്‍ഗീയ പ്രക്ഷോഭങ്ങള്‍ക്ക് സംഘപരിവാര ശക്തികള്‍ മുന്നിട്ടിറങ്ങിയത്.
1990കളില്‍ അയോധ്യാ പ്രശ്‌നത്തിനു തീപിടിക്കുന്നതിനു വളരെക്കാലം മുമ്പുതന്നെ മന്ദിര്‍-മസ്ജിദ് വിവാദം കുത്തിപ്പൊക്കാന്‍ ബ്രിട്ടിഷുകാര്‍ പരിശ്രമിച്ചു. മീര്‍ബാഖിയെന്ന ബാബറിന്റെ സേനാനായകനാണ് 1528ല്‍ ബാബരി മസ്ജിദ് പണിതുയര്‍ത്തിയത്. പള്ളിക്കകത്തു രേഖപ്പെടുത്തിയിരുന്ന ലിഖിതങ്ങള്‍ ചിലപ്പോള്‍ യഥാര്‍ഥമാകണമെന്നില്ല. എങ്കിലും പേര്‍ഷ്യന്‍ ഭാഷയില്‍ തന്റെ യജമാനനെ പ്രകീര്‍ത്തിക്കുന്ന വരികള്‍ രേഖപ്പെടുത്തിയിരുന്നു: ‘സ്വര്‍ഗത്തോളം ഉയര്‍ന്നുനില്‍ക്കുന്ന നീതിയുടെ വിളനിലങ്ങള്‍. ബാബറുടെ കല്‍പന പ്രകാരം സഹൃദയനായ മീര്‍ബാഖി പണിതതാണ് ഈ ദേവതകളുടെ കൊട്ടാരം.’
1850ലാണ് അയോധ്യയില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ബൈരാഗികള്‍ എന്ന ഹിന്ദു സന്ന്യാസിസംഘം ബാബരി മസ്ജിദ് ആക്രമിക്കുകയും അത് രാമജന്മഭൂമിയാണെന്ന് അവകാശപ്പെടുകയും ചെയ്തു. അയോധ്യയുടെ ചരിത്രപശ്ചാത്തലം ഗഹനമായ പഠനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ചിരപുരാതനമായ ഒരു സംസ്‌കാരത്തിന്റെ ഉറവിടമാണ് ഇവിടം. സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും കഥകളാണ് ഇവിടത്തെ മണല്‍ത്തരികള്‍ക്കു പറയാനുള്ളത്. ലഖ്‌നോയില്‍ നിന്നു 120 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ പുണ്യനഗരമാണ് അയോധ്യ. ശ്രീരാമന്റെ ജന്മസ്ഥലമെന്ന നിലയില്‍ ഹിന്ദുക്കള്‍ക്കും ജൈനമതാചാര്യനായ റിഷബ് ദേവിന്റെ ജന്മസ്ഥലം എന്ന നിലയില്‍ ജൈനമതസ്ഥര്‍ക്കും ശ്രീബുദ്ധന്‍ തപസ്സ് അനുഷ്ഠിച്ച സ്ഥലമെന്ന നിലയില്‍ ബുദ്ധമതക്കാര്‍ക്കും നൂഹ് നബിയെ ഖബറടക്കിയ സ്ഥലമെന്ന വിശ്വാസത്തില്‍ മുസ്‌ലിംകള്‍ക്കും തീര്‍ത്ഥാടനകേന്ദ്രമാണ് അയോധ്യ.
ബാബരി മസ്ജിദ് തകര്‍ക്കാന്‍ അന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങാണ് കൂട്ടുനിന്നത്. നരസിംഹറാവു നേതൃത്വം നല്‍കിയിരുന്ന കേന്ദ്രഭരണകൂടം സായുധസേനാവിന്യാസം നടത്തുകയും രക്തച്ചൊരിച്ചില്‍ ഉണ്ടാവുകയും ചെയ്യുമെന്നാണ് സംഘപരിവാര നേതൃത്വം പ്രതീക്ഷിച്ചത്. അത്തരമൊരു സൈനിക നടപടിയുണ്ടായാല്‍ പഞ്ചാബിലെ ബ്ലൂസ്റ്റാര്‍ ഓപറേഷന്‍ പോലെ വിവാദങ്ങള്‍ ഉണ്ടാവുകയും രാജ്യമാകെ വര്‍ഗീയ കലാപം ഇളക്കിവിടുകയും ചെയ്യാമെന്നായിരുന്നു അവരുടെ രഹസ്യ അജണ്ട.
മതേതര മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തു മതവിശ്വാസികള്‍ നിഷ്‌കാസിതരാകേണ്ടവരാണെന്നോ നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടവരാണെന്നോ ഭരണാധികാരികള്‍ വിചാരിക്കുകയാണെങ്കില്‍ അതു നമ്മുടെ രാജ്യത്തിന് അപമാനകരമാണ്. 2002ല്‍ ഗുജറാത്തില്‍ അനേകം മുസ്‌ലിംകള്‍ അതിനിഷ്ഠുരമായി വധിക്കപ്പെട്ടത് ഇന്ത്യാ ചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകളിലൊന്നാണ്. അതിനു മുമ്പ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് ഇന്ത്യയുടെ മതേതരത്വത്തെ തരിപ്പണമാക്കി. യുക്തിരഹിതമായ ഫാഷിസ്റ്റ് ചിന്തകള്‍ ഇന്നു ശക്തിയാര്‍ജിക്കുകയാണ്. ആര്യന്മാര്‍ മുസ്‌ലിംകളെപ്പോലെയോ ക്രിസ്ത്യാനികളെപ്പോലെയോ വിദേശികളല്ലെന്നും അവര്‍ പുറത്തുനിന്നു വന്നവരല്ലെന്നും ഭാരതസംസ്‌കാരത്തിന്റെ ശില്‍പികളാണെന്നും ഹിന്ദുത്വവാദികള്‍ അവകാശപ്പെടുന്നു. മുസ്‌ലിം-ക്രൈസ്തവ സമുദായങ്ങള്‍ അതിക്രമിച്ചു കടന്നവരാണെന്നും മുസ്‌ലിം രാജാക്കന്മാര്‍ അക്രമകാരികളും ഹിന്ദു സമുദായത്തെ നശിപ്പിച്ചവരും ക്ഷേത്രങ്ങള്‍ തകര്‍ത്തവരുമാണെന്നും അവര്‍ ആരോപിക്കുന്നു. ഇത്തരം അവകാശവാദങ്ങളും ആരോപണങ്ങളും ചരിത്രയാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ല.
മുസ്‌ലിം ഭരണാധികാരികള്‍ നടത്തിയ ഭരണപരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട്. ഭൂരിപക്ഷം ജനങ്ങളും ഇസ്‌ലാമിനെ തിരിച്ചറിഞ്ഞു സ്വമേധയാ മുസ്‌ലിംകളായി മാറിയവരാണ്. വാളും തീയും കൊണ്ടാണ് മുസ്‌ലിംകള്‍ ഇന്ത്യയില്‍ വളര്‍ന്നതെന്ന പ്രചാരണം ചരിത്രത്തെ വളച്ചൊടിക്കലാണ്. അതിന്റെ ആഴങ്ങളിലേക്കു പരിശോധന നടത്താന്‍ പണ്ഡിതന്മാരും ചരിത്രാന്വേഷികളും തയ്യാറാകണം. സവര്‍ണ മേധാവിത്വം മുസ്‌ലിംകളെ മാത്രമല്ല ക്രൈസ്തവരെയും വേട്ടയാടിക്കൊണ്ടിരിക്കുന്നു. 1960കളില്‍ ആരംഭിച്ച ന്യൂനപക്ഷവേട്ട ഇപ്പോള്‍ സംഘടിതമായിരിക്കുന്നു. 1999ല്‍ പാസ്റ്റര്‍ ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സ് എന്ന ആസ്‌ത്രേലിയക്കാരനെയും അദ്ദേഹത്തിന്റെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും വണ്ടിയില്‍ പൂട്ടിയിട്ട് തീ കൊടുത്തു ചുട്ടുകരിച്ച സംഭവമുണ്ടായി. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിനു തീരാകളങ്കമായി മാറി. സംഘപരിവാരം നേതൃത്വം കൈയാളുന്ന ഹരിയാനയില്‍ ഗോഹാന പോലിസ് 14കാരനായ ദലിത് കൗമാരക്കാരനെ പ്രാവുമോഷണം ആരോപിച്ച് തല്ലിക്കൊന്നതും സോനപേഡ് ഗ്രാമത്തിലെ രണ്ടു കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടെരിച്ചതും ജനമനസ്സാക്ഷിയെ വിറങ്ങലിപ്പിച്ചു.
ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാന്‍ മുന്നണിപ്പോരാളിയായി നിന്നത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ഹിന്ദുരാഷ്ട്രമെന്ന വാദം അര്‍ഥശൂന്യവും പഴഞ്ചനുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിട്ടിഷുകാര്‍ ഇന്ത്യയെ രണ്ടാക്കി വെട്ടിമുറിച്ചു പോയതിനുശേഷം ഇവിടെ നിലവില്‍ വന്നത് മതേതര ഭരണകൂടമായിരുന്നു. എന്നാല്‍, മതേതരത്വത്തിനു ഹാനി സംഭവിക്കുന്ന നിരവധി സംഭവങ്ങള്‍ എന്‍ഡിഎ ഗവണ്‍മെന്റ് അധികാരം ഏറ്റെടുത്തതിനു ശേഷം അരങ്ങേറുകയുണ്ടായി. ലോക്‌സഭയെ അഭിമുഖീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത് ”എന്റെ ഭരണകൂടത്തിന്റെ മതം ഇന്ത്യയും എന്റെ മതഗ്രന്ഥം ഭരണഘടനയുമാണ്” എന്നാണ്. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസ്തുത പ്രസ്താവനയ്ക്ക് കളങ്കം ചാര്‍ത്തുന്ന രീതിയിലാണ് ചില സംഘപരിവാര സംഘടനകളും നേതാക്കളും പ്രസംഗിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് പരിവാരശക്തികള്‍ മുന്നേറുന്നത്.
ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവനകള്‍ സംഘപരിവാര നേതാക്കളില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഗോമാംസം സൂക്ഷിച്ചുവെന്ന പേരു പറഞ്ഞു ദാദ്രിയിലെ ദരിദ്രനായ മനുഷ്യനെ വെട്ടിനുറുക്കി. പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മണിപ്പൂരില്‍ മദ്‌റസാ അധ്യാപകനെ അടിച്ചുകൊന്നു. ആദിവാസികളെ ചുട്ടുകൊല്ലുന്നു. സംഘപരിവാരത്തിന്റെ അജണ്ടകളോട് എതിര്‍പ്പുള്ളവരെല്ലാം പാകിസ്താനിലേക്കു പോകാന്‍ നിര്‍ദേശിക്കുകയാണ്. സാമൂഹിക-ഭരണ-ഉദ്യോഗസ്ഥതലങ്ങളിലെല്ലാം ഭൂരിപക്ഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. മുസ്‌ലിംകള്‍ നിര്‍ബന്ധിത വന്ധ്യംകരണം നടത്തണമെന്നും അവര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നും ശിവസേന ആവശ്യപ്പെടുന്നു.
മറ്റു ന്യൂനപക്ഷങ്ങളെക്കാളും കൂടുതല്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത് മുസ്‌ലിംകളാണ്. രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. ഭരണഘടനാ തത്ത്വങ്ങളെ ശിരസാവഹിച്ച് ഈ മണ്ണില്‍ ജീവിക്കുന്നവരാണ് ന്യൂനപക്ഷങ്ങള്‍. ഇന്ത്യയുടെ പൊതുധാരാ രാഷ്ട്രീയത്തില്‍ നിന്നു മാറിച്ചിന്തിക്കാന്‍ ന്യൂനപക്ഷങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള നടപടികളില്‍ നിന്നു തല്‍പരകക്ഷികള്‍ പിന്‍മാറിയേ മതിയാകൂ.

(ദേശീയ ന്യൂനപക്ഷ മേല്‍നോട്ട
സമിതി അംഗമാണ് ലേഖകന്‍) $

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss