|    Oct 20 Sat, 2018 8:24 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

രാജ്യത്തിനു വേണ്ടത് ബദല്‍ അജണ്ട

Published : 16th September 2017 | Posted By: fsq

ബിജെപിയുടെ ഫാഷിസ്റ്റ് നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരായി ഇടതു പാര്‍ട്ടികളുടെയും ദലിത്-പിന്നാക്ക-ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ രാജ്യത്തു നടക്കുന്നുണ്ട്. തൊഴിലാളികള്‍ക്കിടയില്‍ ഒരു സാര്‍വദേശീയ ദൃഢൈക്യം സൃഷ്ടിക്കുന്നതിനും മുതലാളിത്ത നയങ്ങള്‍ക്കെതിരേ അവബോധം സൃഷ്ടിക്കുന്നതിനും ഇടതുപാര്‍ട്ടികള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരേ മറ്റു ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങളെ കൂടി അണിനിരത്തി പ്രക്ഷോഭങ്ങള്‍ വിജയിപ്പിക്കുന്നതിലും ഇടതു ട്രേഡ് യൂനിയനുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ആശയപരമായ മേധാവിത്വവും ബൗദ്ധികമായ ഉണര്‍വും ഇടതുപാര്‍ട്ടികള്‍ പ്രകടിപ്പിക്കുന്നുവെങ്കിലും നാലര ശതമാനം വോട്ട് മാത്രമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ദലിത് പ്രക്ഷോഭങ്ങള്‍ക്ക് ഉനാ സംഭവത്തോടെ ഒരു പുതിയ മാനം കൈവന്നിട്ടുണ്ട്. പരമ്പരാഗത ദലിത് രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വത്തിനു പകരം ഒരു പുതിയ തലമുറ പ്രക്ഷോഭത്തിന്റെ നേതൃത്വത്തില്‍ വന്നു. ദലിത് പീഡനത്തിനപ്പുറം ഭൂമിയുടെയും തൊഴിലിന്റെ അന്തസ്സിന്റെയും പ്രശ്‌നങ്ങള്‍ അവര്‍ മുന്നോട്ടുവച്ചു. ‘പശുവിന്റെ തോലും വാലും നിങ്ങള്‍ എടുത്തോളൂ, ഞങ്ങളുടെ ഭൂമി തിരികെ തരൂ’ എന്ന മുദ്രാവാക്യത്തില്‍ അനുരണനം ചെയ്തത് ഭൂപ്രശ്‌നമാണ്. ദലിതുകളുടെ മാത്രമല്ല, അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിനും ഒരുമയ്ക്കും വഴിതുറക്കുന്ന തരത്തില്‍ അവര്‍ സമരവേദികള്‍ വിപുലപ്പെടുത്തി. ഗുജറാത്തില്‍ ബിജെപി ശ്രദ്ധാപൂര്‍വം സംരക്ഷിച്ചിരുന്ന ദലിത് ആശ്രിത മോഹവലയം തകര്‍ന്നു. ഉനാ പ്രക്ഷോഭം കത്തിപ്പടര്‍ന്നപ്പോള്‍ ബിജെപിക്ക് മുഖ്യമന്ത്രിയെ പോലും മാറ്റേണ്ടിവന്നു. പഞ്ചാബില്‍ ‘സമീന്‍ പ്രാപ്തി സംഘര്‍ഷ് സമിതി’യുടെ കീഴിലാണ് ദലിത് ജനവിഭാഗങ്ങള്‍ സംഘടിച്ചത്. പഞ്ചാബിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പട്ടികജാതി വിഭാഗത്തിലാണെങ്കിലും ആകെ ഭൂമിയുടെ 6.02 ശതമാനം മാത്രമാണ് അവരുടെ ഉടമസ്ഥതയിലുള്ളത്. ഭൂമിക്കുവേണ്ടി പഞ്ചാബില്‍ ദലിതുകള്‍ ആരംഭിച്ച പ്രക്ഷോഭം അകാലി-ബിജെപി ഗവണ്‍മെന്റിന്റെ തിരഞ്ഞെടുപ്പ് തകര്‍ച്ചയ്ക്ക് ഒരു പ്രധാന നിമിത്തമായിരുന്നു. എന്നാല്‍, ഈ ദലിത് സംഘാടനത്തെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചട്ടക്കൂട്ടില്‍ കൊണ്ടുവന്ന് ചിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതിന് അടിത്തറ പാകാന്‍ ദൃഢതയുള്ള, കരുത്തുറ്റ ഒരു പ്രത്യയശാസ്ത്രമുണ്ട്- അംബേദ്കറിസം. കന്‍ഷിറാം രൂപപ്പെടുത്തിയ ഒരു സംഘടന, എസ്എസ്ടി, കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍, പില്‍ക്കാലത്ത് ബഹുജന്‍ സമാജ് പാര്‍ട്ടി ആയതുപോലെ വിവിധ ദലിത് പ്രസ്ഥാനങ്ങളെ ഒന്നിപ്പിച്ച് ഒരു രാഷ്ട്രീയശക്തിയാവാന്‍ ഇന്നു സാധിച്ചിട്ടില്ല. ബിഎസ്പി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശില്‍ അതിന്റെ സാമൂഹികാടിത്തറയുടെ കരുത്ത് തെളിയിച്ചെങ്കിലും യുപിക്കു പുറത്ത് അതിന്റെ സാന്നിധ്യം നാമമാത്രമാണ്. രാജ്യത്തെ മുസ്‌ലിം രാഷ്ട്രീയവും സങ്കീര്‍ണമാണ്. വിഭജനത്തിനുശേഷം മീറത്ത് മുതല്‍ മുസാഫര്‍ നഗര്‍ വരെയുള്ള കലാപങ്ങളില്‍ അവര്‍ വര്‍ഗീയകലാപങ്ങളുടെ തിക്താനുഭവങ്ങള്‍ നേരിട്ട ഇരകളാണ്. എന്നാല്‍, ബാബരി മസ്ജിദ് തകര്‍ത്തത് അവരില്‍ ഒരു വിശ്വാസത്തകര്‍ച്ച സൃഷ്ടിച്ചു. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു റിപബ്ലിക്കില്‍ അവര്‍ക്ക് ആദ്യമായി അന്യതാബോധം അനുഭവപ്പെട്ടു. ആ വിശ്വാസത്തകര്‍ച്ചയില്‍നിന്നാണ് ഒരുപിടി തീവ്രവാദി സംഘങ്ങള്‍ ആ സമുദായത്തില്‍ നിന്നു രൂപപ്പെട്ടത്. എങ്കിലും 17 കോടി വരുന്ന മുസ്‌ലിം ജനത ഈ തീവ്രവാദികളെ ഒറ്റപ്പെടുത്തി ജനാധിപത്യ പ്രക്രിയയിലൂടെ ഇതിനു പരിഹാരം കാണാമെന്ന് ആഗ്രഹിച്ചു. ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമുന്നതരായ സംഘപരിവാര നേതാക്കള്‍ക്ക് ഇപ്പോള്‍ കുറ്റപത്രം കൊടുത്തിരിക്കുന്നത് അതിന്റെ ഒരു ഘട്ടമാണ്. മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷത്തെ അണിനിരത്തി ന്യൂനപക്ഷങ്ങള്‍ തങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ് വേണ്ടത്. ഇടതുപാര്‍ട്ടികള്‍ ദുര്‍ബലമാവുകയും ദലിത്-ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായി അസംഘടിതരാവുകയും ചെയ്യുമ്പോള്‍ ഈ മൂന്നു കൂട്ടരുടെയും ഒരുമിച്ചുള്ള ഒരു ദേശീയ ബദലിന് പ്രഭാവമില്ല. പകരം ഇവര്‍ ഉയര്‍ത്തുന്ന മനുഷ്യാവകാശത്തിന്റെയും സാമൂഹിക നീതിയുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ നിലവിലുള്ള മുഖ്യധാരാ, പ്രാദേശിക പ്രതിപക്ഷ പാര്‍ട്ടികളെ നിര്‍ബന്ധിക്കുക എന്നതാണ് പ്രസക്തം. തീവ്ര ഹിന്ദുത്വത്തിന് ബദല്‍ സൗമ്യ ഹിന്ദുത്വമല്ലെന്നും ആഗോളവല്‍ക്കരണത്തിന് ബദല്‍ വിവേചനത്തോടെയുള്ള ആഗോളവല്‍ക്കരണമല്ലെന്നും ഈ പാര്‍ട്ടികള്‍ നിശ്ചയിക്കണം. ബിജെപിയേക്കാള്‍ ഭംഗിയായി ആഗോളവല്‍ക്കരണ നയങ്ങള്‍ നടത്തുന്ന പ്രതിപക്ഷത്തെയല്ല ഇന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സര്‍വത്ര ദുരിതപൂര്‍ണമായിക്കൊണ്ടിരിക്കുന്ന ജീവിതാവസ്ഥ മനസ്സിലാക്കി പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുന്ന ഒരു ബദല്‍ സാമ്പത്തിക, രാഷ്ട്രീയ അജണ്ട ഈ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിക്കണം. കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവരുന്ന നയങ്ങളും നിയമങ്ങളും നിഷ്‌കര്‍ഷയോടെ കീറിമുറിച്ച് പഠിച്ച് ജനോപകാരപ്രദമാണോ അതോ, ജനവിരുദ്ധമാണോ എന്നു നിര്‍ണയിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കണം. അതായിരുന്നു ഇഎംഎസ് പൊതുയോഗങ്ങളിലൂടെ ചെയ്തുകൊണ്ടിരുന്നത്. ഒരു നയം ജനങ്ങള്‍ക്കെതിരാണോ അനുകൂലമാണോ എന്ന് അദ്ദേഹം വിശദീകരിക്കും. പിന്നീട് നിലപാടെടുക്കാന്‍ പാര്‍ട്ടിക്കാകെ മാത്രമല്ല, തൊഴിലാളി, കര്‍ഷക, ബഹുജനാദികളെ അദ്ദേഹം ആഹ്വാനം ചെയ്തു. അത്തരം രാഷ്ട്രീയ വിദ്യാഭ്യാസം ഇന്നു കുറഞ്ഞിരിക്കുന്നു. രാഷ്ട്രീയ എതിരാളികളെ തരംതാഴ്ന്ന ഭാഷയില്‍ അധിക്ഷേപിക്കുന്നതിനപ്പുറം വര്‍ഗരാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഇടതുപക്ഷത്തിന് ഇന്നു കഴിയുന്നില്ല. ഇതിന് ഉദാഹരണമായിരുന്നു ചരക്കുസേവന നികുതി നിയമത്തോടുള്ള കേരള ധനമന്ത്രിയുടെ പ്രതികരണം. തുടക്കത്തില്‍ എത്ര ആവേശത്തോടെയാണ് അദ്ദേഹം ഇതിനെ സ്വാഗതം ചെയ്തത്. രാജ്യത്തെയും വിദേശത്തെയും മൂലധനശക്തികള്‍ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു ഇത്. രാജ്യത്തെ ഒറ്റവിപണിയും ഒറ്റനികുതിയുമാക്കിത്തരുക എന്നത് അവരുടെ ആവശ്യമായിരുന്നു. ആ കെണിയിലാണ് കേരളത്തിലെ ഇടതു മന്ത്രി വീണുപോയത്. ഒരിക്കല്‍ മെയിന്‍സ്ട്രീം വാരികയില്‍ ജെ പ്രഭാഷ് എഴുതിയതുപോലെ, കേരളത്തിലെ ഇടതുപക്ഷത്തിന് ബൗദ്ധിക ശൂന്യത അനുഭവപ്പെടുന്നുണ്ട്. അതു തിരികെപ്പിടിച്ച് ദരിദ്രജനവിഭാഗത്തിനായി ആ കഴിവുകള്‍ ഉപയോഗിക്കണം. സോഷ്യലിസ്റ്റുകളുടെ സ്ഥിതി ദയനീയമാണ്. രാജ്യത്ത് ഒരു രാഷ്ട്രീയ പക്ഷാന്തരമായി നിലനില്‍ക്കുമെന്ന് കരുതിയത് അവരെയാണ്. അവരുടെ നിയോജകമണ്ഡലമായ പിന്നാക്കജാതിക്കാരെ ബിജെപിയില്‍ എത്തിച്ചുകൊടുക്കുന്ന ധര്‍മമാണ് അവര്‍ നിര്‍വഹിക്കുന്നത്. എഐഎഡിഎംകെയും നിതീഷ്‌കുമാറിന്റേതും അടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍ പറയുന്നത്, സംസ്ഥാന കാര്യങ്ങളില്‍ ബിജെപി ശ്രദ്ധിക്കില്ല; കേന്ദ്ര രാഷ്ട്രീയം നോക്കി അവര്‍ സംസ്ഥാന രാഷ്ട്രീയം തങ്ങള്‍ക്കായി വിട്ടുതരും എന്നാണ്. എന്നാല്‍ സംഭവിക്കാന്‍ പോവുന്നത്, സംസ്ഥാന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചുമലില്‍ കയറിനിന്ന് ബിജെപി സംസ്ഥാനത്തെയും കേന്ദ്രത്തിലെയും രാഷ്ട്രീയം നിര്‍ണയിക്കുമെന്നതാണ്. രാമകൃഷ്ണ ഹെഗ്‌ഡേക്ക് സംഭവിച്ച അപചയം അതാണ്. രാമകൃഷ്ണ ഹെഗ്‌ഡേയുടെ ജനശക്തി പാര്‍ട്ടി ബിജെപിയുമായി സഖ്യം ചേരുകയുണ്ടായി. എന്നാല്‍ ക്രമേണ ഹെഗ്‌ഡേയുടെ ഒപ്പം നിന്ന ലിംഗായത്ത് വിഭാഗക്കാരെ സമ്പൂര്‍ണമായി ബിജെപി റാഞ്ചിക്കൊണ്ടുപോയി. വര്‍ഗീയശക്തികളുമായി താല്‍ക്കാലികമായെങ്കിലും ഒരുക്കുന്ന കൂട്ടുകെട്ട് ഗുണം ചെയ്യുന്നത് ബിജെപിക്കാണെന്നും അവര്‍ തിരിച്ചറിയണം. കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളേക്കാള്‍ ശക്തിയുള്ള കോണ്‍ഗ്രസും മധ്യത്തില്‍ നിന്ന് ഇടത്തേക്കുള്ള അതിന്റെ പ്രതിച്ഛായ തിരികെ കൊണ്ടുവരണം. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുമാണെന്ന് നിശ്ചയമുള്ളവരെ കോണ്‍ഗ്രസ് അറുത്തുമുറിച്ചു മാറ്റണം. ഒന്നാം യുപിഎ ഗവണ്‍മെന്റിന് നേതൃത്വം കൊടുത്തിരുന്ന കോണ്‍ഗ്രസ് വിവരാവകാശ നിയമം, മഹാത്മാഗാന്ധി തൊഴില്‍ദാന പദ്ധതി തുടങ്ങിയ പ്രധാന നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ച പ്രഖ്യാപിക്കണം. സാധാരണക്കാരുടെ താല്‍പര്യങ്ങളാണ് കോണ്‍ഗ്രസ്സിന് എന്നത് അവര്‍ക്കു തോന്നണം. എങ്കില്‍ മാത്രമേ അവര്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss