|    Mar 23 Fri, 2018 12:28 pm
FLASH NEWS

രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പിച്ച ധീരജവാന്മാര്‍ക്ക് ആദരം

Published : 22nd October 2016 | Posted By: SMR

പറവൂര്‍: രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പിച്ച ധീരജവാന്മാര്‍ക്ക് ആദരം. കെടാമംഗലം ഒറ്റത്തെങ്ങില്‍ ഉമ്മറിന്റെയും ഹലീമയുടേയും മകന്‍ ഒ യു മുഹമ്മദ്, ചേന്ദമംഗലം പണിക്കശ്ശേരി രാമചന്ദ്രന്റെയും സ്‌നേഹലതയുടേയും മകന്‍ ജഗദീഷ് എന്നീ ധീരജവാന്മാരോടുള്ള ആദരസൂചകമായി അവര്‍ പഠിച്ച സ്‌കൂളുകളില്‍ സ്മാരക ഫലകം സ്ഥാപിച്ചു. ഇന്നലെ ദേശവ്യാപകമായി ബിഎസ്എഫ് ജവാന്മാരുടെ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫലകം സ്ഥാപിച്ചത്. ഒ യു മുഹമ്മദ് പഠിച്ച ഏഴിക്കര ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലും ജഗദീഷിന്റെ സ്മരണകളുറങ്ങുന്ന പറവൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലും ചിറ്റാറ്റുകര ഗവ. എല്‍പി സ്‌കൂളിലുമാണ് സ്മാരക ഫലകങ്ങള്‍ സ്ഥാപിച്ചത്. 1995 ഒക്ടോബര്‍ 14ന് കാശ്മീര്‍-പാക്കിസ്താന്‍ അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തിലാണ് ഒ യു മുഹമ്മദ് ധീരരക്തസാക്ഷിത്വം വരിച്ചത്. 19ാം വയസ്സിലാണ് മുഹമ്മദ് ബിഎസ്എഫില്‍ ചേര്‍ന്നത്. കാശ്മീരിലെ ഉദമ്പൂരിലായിരുന്നു പരിശീലനം. അതിര്‍ത്തിയിലേക്ക് പട്ടാളക്കാരെ കൊണ്ടുപോവുന്ന ട്രക്കില്‍ പകരക്കാരനായി കയറിയതായിരുന്നു മുഹമ്മദ്. ഒരു കലുങ്കിനടിയില്‍ ശത്രുക്കള്‍ സ്ഥാപിച്ച മൈന്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ മുഹമ്മദ് മരിക്കുകയായിരുന്നു. സ്മാരക ഫലകം സ്ഥാപിച്ച ചടങ്ങില്‍ എണ്‍പതുകാരിയായ ഉമ്മ ഹലീമ, സഹോദരങ്ങളായ മികച്ച നാടകനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഒ യു ഖാലിദ്, പട്ടുറുമാല്‍ ഫെയിം ഗായകന്‍ ഒ യു ബഷീര്‍, ഒ യു മായിന്‍കുട്ടി, ഷാജിത, അഷിത എന്നിവരും പങ്കെടുത്തു. പോലിസ് സേനയുടെ പരേഡും റൈഫിള്‍ ആദരവും ഉണ്ടായിരുന്നു. പറവൂര്‍ എസ്‌ഐ ടി വി ഷിബു ഫലകം അനാച്ഛാദനം ചെയ്തു പുഷ്പചക്രം സമര്‍പിച്ചു. തിരുവനന്തപുരം ബിഎസ്എഫ് ആസ്ഥാനത്തെ ഹവില്‍ദാര്‍ സി രഖിന്‍, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ഗീത പ്രതാപന്‍, പ്രിന്‍സിപ്പല്‍ കെ ആര്‍ സുരേഷ്, എച്ച്എംപിഎസ് ഷാഹിദ, എസ്‌ഐ കെ കെ ഷംസുദ്ദീന്‍, എന്‍ കെ സുധന്‍, സുനില്‍രാജ്, പി എസ് മിസരി, എം ജെ തോമസ്, റജില്‍ ചന്ദ്രന്‍, വിശ്വംഭരന്‍ നായര്‍, കെ ചന്ദ്രന്‍, എം കെ സുനില്‍കുമാര്‍, സി കെ ബേബി സംസാരിച്ചു. 1992 ഫെബ്രുവരി രണ്ടിനായിരുന്നു കശ്മീരില്‍വച്ച് ശത്രുക്കളുടെ ആക്രമണത്തില്‍ ജഗദീഷ് വീരമൃത്യു വരിച്ചത്. 1976 മുതല്‍ 1983 വരെയാണ് പറവൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ പഠിച്ചിരുന്നത്. ചടങ്ങില്‍ ജഗദീഷിന്റെ മാതാവ് സ്‌നേഹലത ഭദ്രദീപം കൊളുത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഡെന്നി തോമസ് ശിലാഫലകം അനാച്ഛാദനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ് ജയന്‍ അധ്യക്ഷതവഹിച്ചു. എച്ച്എം പി ജെ വര്‍ഗീസ്, കൗണ്‍സിലര്‍ കെ കെ ഷൈന്‍, ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കുമാര്‍, വടക്കേക്കര എഎസ്‌ഐ ഹരി, പിടിഎ വൈസ് പ്രസിഡന്റ് മേരി പാപ്പച്ചന്‍, പി രാജു സംസാരിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് മെംബറും ജഗദീഷിന്റെ അമ്മാവനുമായ എം ബി സ്യമന്തഭദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജഗദീഷിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. ചിറ്റാറ്റുകര ഗവ. എല്‍പി സ്‌കൂളില്‍ ജഗദീഷിന്റെ ചിത്രംപതിച്ച ശിലാഫലകം വാര്‍ഡ് മെംബര്‍ അഡ്വ. രേഖ രമേഷ് അനാച്ഛാദനം ചെയ്തു. നടന്‍ സലിംകുമാര്‍ പുഷ്പാര്‍ച്ചന നടത്തി. എസ്‌ഐ സുരേഷ്, എഎസ്‌ഐ ഹരി, എച്ച്എം ജി സുധ, ബിന്ദു സജു, മാതാവ് സ്‌നേഹലത, എം ബി സ്യമന്തഭദ്രന്‍, സഹോദരങ്ങളായ മണി, ജ്യോതി സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss