|    Dec 18 Tue, 2018 1:09 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യതലസ്ഥാനത്ത് നാളെ കര്‍ഷകപ്രക്ഷോഭം

Published : 28th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തേക്ക് നാളെ കര്‍ഷകരുടെ മാര്‍ച്ച്. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ന്യായമായ വില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക പ്രക്ഷോഭം.
വ്യാഴാഴ്ച ഡല്‍ഹിയിലെ വിവിധ മേഖലകളില്‍നിന്ന് ആരംഭിക്കുന്ന പ്രകടനങ്ങള്‍ വൈകീട്ട് രാംലീല മൈതാനത്ത് എത്തും. തുടര്‍ന്ന് കിസാന്‍ രാത് (കര്‍ഷക രാത്രി) എന്ന പേരില്‍ സാംസ്‌കാരിക സംഗമം നടക്കും. രാജ്യത്തെ പ്രമുഖ കലകാരന്‍മാര്‍ അണിനിരക്കുന്ന പാട്ട്, നാടകം, നൃത്തം തുടങ്ങിയവയാണ് കിസാന്‍ രാത്തിലുണ്ടാവുക. 30ന് പാര്‍ലമെന്റിലേക്ക് ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുന്ന കിസാന്‍ മുക്തി മാര്‍ച്ച് നടക്കും. മീററ്റില്‍ നിന്നും ബംഗളൂരുവില്‍ നിന്നും രണ്ട് പ്രത്യേക സ്വാഭിമാന്‍ ട്രെയിനുകളിലാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്കെത്തുന്നത്.
കടക്കെണിയില്‍ പെട്ട് ആത്മഹത്യയുടെ വക്കിലെത്തിയ കര്‍ഷകരുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ മറുപടി പറയാന്‍ നിര്‍ബന്ധിതരാവുമെന്ന് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതാക്കള്‍ പറഞ്ഞു.
രാജ്യം സ്വതന്ത്രമായി 70 വര്‍ഷം കഴിഞ്ഞിട്ടും ആത്മഹത്യകളില്‍നിന്ന് കര്‍ഷകര്‍ക്ക് മോചനം കിട്ടിയിട്ടില്ലെന്ന് അഖിലേന്ത്യ കിസാന്‍സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ പറഞ്ഞു. നോട്ടുനിരോധനം കാര്‍ഷികമേഖലയെ തകര്‍ത്തുവെന്ന് കൃഷിമന്ത്രാലയം ഏറ്റുപറയുമ്പോഴും കര്‍ഷകരെ സംരക്ഷിക്കാനുള്ള നിയമം പാസാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് സമയമില്ല. രാമക്ഷേത്രത്തിന്റെ ഭാഗമായി സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള ചലോ അയോധ്യ മുദ്രാവാക്യമല്ല അവകാശപ്പോരാട്ടത്തിന്റെ ചലോ ഡല്‍ഹി’ മുദ്രാവാക്യമാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നതെന്ന് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. വിള ഇന്‍ഷുറന്‍സിന്റെ പേരില്‍ കുത്തകകള്‍ക്ക് കൊള്ളനടത്താന്‍ അനുമതി കൊടുക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ ജീവല്‍പ്രശ്‌നങ്ങള്‍ കാണുന്നില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച മേധാ പട്കര്‍ പറഞ്ഞു. നാഷന്‍ ഫോര്‍ ഫാര്‍മേഴ്‌സ് എന്ന ആഹ്വാനവുമായി വിദ്യാര്‍ഥികളും യുവാക്കളും ഡോക്ടര്‍മാരും അഭിഭാഷകരും മധ്യവര്‍ഗം ഒന്നടങ്കം കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ് പറഞ്ഞു.
കര്‍ഷകപ്രക്ഷോഭത്തിന് 21 രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന് കമ്മിറ്റി കണ്‍വീനര്‍ വി എം സിങ് പറഞ്ഞു. കോ-ഓഡിനേഷന്‍ കമ്മിറ്റി നേതാക്കളായ യോഗേന്ദ്ര യാദവ്, അവിക് സാഹ, ആശിഷ് മിത്തല്‍, രാജാറാം സിങ് തുടങ്ങിയവരും സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss