|    Oct 17 Wed, 2018 10:45 pm
FLASH NEWS

രാജ്യം മുടിക്കുന്ന രാജ്യസ്‌നേഹം

Published : 8th September 2017 | Posted By: mi.ptk

സജ്ജാദ് വാണിയമ്പലം
ത- ജാതി വൈജാത്യങ്ങളും സങ്കീര്‍ണതകളും ഏറെയുള്ള രാജ്യത്തിന്റെ വളരെ നേര്‍ത്തതും വൈകാരികവും ആയ പ്രതലത്തില്‍ മുളകുപൊടി വിതറിക്കൊണ്ടുള്ള രാഷ്ട്രീയ പകിട കളിക്കാണ് സംഘപരിവാരം എന്നും രൂപം കൊടുത്തിരുന്നത്. അതിനു കിട്ടാവുന്ന പരമാവധി പിന്തുണ സ്ഥിരം നിക്ഷേപമാക്കി വച്ചതിനു ശേഷം മാത്രമേ രാജ്യനിവാസികളുടെ ജീവല്‍പ്രശനങ്ങളെ അഭിമുഖീകരിക്കാന്‍ ആ പാര്‍ട്ടി ശ്രമിച്ചിട്ടുള്ളൂ.
50 വര്‍ഷത്തോളം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളുടെയും കേരളത്തിലെ ഇടത്-വലത് മുന്നണികളുടെയും അഴിമതിയും ജീര്‍ണതകളും പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടാണു മത-ജാതി വെറികളുടെ സ്ഥിരം വൃത്തത്തിനപ്പുറത്തേക്ക് വികസിക്കാന്‍ ബി.ജെ.പി. ശ്രമിച്ചത്.  ആസൂത്രിതവും ആധുനികവുമായ പ്രചാരണ തന്ത്രങ്ങളിലൂടെ, അല്‍പ്പം വര്‍ഗീയവാദികള്‍ ആണെങ്കിലും അഴിമതി, കെടുകാര്യസ്ഥത എന്നിവയൊന്നും തൊട്ടുതീണ്ടാത്ത ഉറച്ച മൂല്യബോധവും ധൈഷണികമായ കരുത്തും വികസനത്തിന്റെ അദ്ഭുതവിളക്കും കൈവശം ഉണ്ടെന്നു നരേന്ദ്രമോദിയെപ്പോലെ കൃത്രിമമായ പ്രതിച്ഛായയിലൂടെ തട്ടിപ്പടച്ച വ്യാജ വിമോചകനെ ഉയര്‍ത്തിക്കാണിച്ചു മുന്നോട്ടുപോവാന്‍ ഫാഷിസ്റ്റുകള്‍ക്ക് കഴിഞ്ഞു. മറ്റു പാര്‍ട്ടികളുടെ ഇക്കാര്യത്തിലെ വലിയ പോരായ്മകള്‍ ബി.ജെ.പിക്കു ഗുണംചെയ്തു.
മത-ജാതി വെറികള്‍ മാത്രമല്ല; അഴിമതി, ജീര്‍ണത, രാജ്യദ്രോഹം തുടങ്ങിയ സകല അര്‍ബുദത്തിന്റെയും ജീനുകള്‍ ഹിന്ദുത്വ പാര്‍ട്ടിയുടെ ഉള്ളില്‍ത്തന്നെയുണ്ടെന്ന് അതിന്റെ ഭൂതകാലം ചൂണ്ടിക്കാണിച്ച് സമര്‍ഥിക്കുന്നതില്‍ മറ്റു പാര്‍ട്ടികള്‍ പരാജയപ്പെട്ടു.
അഴിമതിയില്‍ ഒറ്റക്കെട്ട്
കേരളത്തില്‍ അധികാരം ലഭിക്കാതെ തന്നെ നാലു പതിറ്റാണ്ടോളം സ്ഥിരോല്‍സാഹത്തോടെ ബി.ജെ.പി. എങ്ങനെ പിടിച്ചുനിന്നു എന്ന് പലരും അദ്ഭുതം കൂറാറുണ്ട്. ഇടതിനും വലതിനും വോട്ടു വില്‍പ്പന നടത്തുക എന്ന ഒറ്റയിന തിരഞ്ഞെടുപ്പ് അജണ്ടയില്‍ മാത്രം ഊന്നി അതു വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. വോട്ടു വില്‍പ്പനയും ലോക്കല്‍ ബോഡികളിലെ സ്ഥാനമാനങ്ങളും ഉപയോഗിച്ച് അഴിമതിയുടെ താഴേത്തട്ടു വരെയുള്ള പങ്കാളിത്തത്തോടെ ഒരു വികേന്ദ്രീകൃത രീതിയാണ് പാര്‍ട്ടിക്ക് എന്നുമുണ്ടായിരുന്നത്.
നിയമസഭയിലേക്ക് എത്തിനോക്കാന്‍ കഴിയാഞ്ഞിട്ടും ഈ ‘ആകര്‍ഷക ശൈലി’ തന്നെയായിരുന്നു ബി.ജെ.പിയുടെ ജീവവായു.  ആര്‍.എസ്.എസിന്റെ കൈക്കരുത്തും കൂടെ ഉണ്ടായിരുന്നതുകൊണ്ട് മറ്റു പാര്‍ട്ടികളില്‍ നിന്നു ഭിന്നമായി എല്ലാം ഇരുമ്പുമറയ്ക്കുള്ളില്‍ ‘അച്ചടക്കത്തോടെ’ നില നിര്‍ത്തുന്നതില്‍ അവര്‍ എന്നും വിജയിച്ചു.
ഒരു എം.എല്‍.എ. മാത്രമുള്ള അധികാര പങ്കാളിത്തം മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും കേരള ബി.ജെ.പിയില്‍ അഴിമതിയുടെ വെടിക്കെട്ടു ദുരന്തമാണ് ഇപ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്തവിധം പാര്‍ട്ടി നാണംകെടാന്‍ തുടങ്ങിയപ്പോള്‍ അക്രമ രാഷ്ട്രീയത്തിനെതിരേ നടത്താന്‍ തീരുമാനിച്ചിരുന്ന കുമ്മനത്തിന്റെ യാത്ര സപ്തംബര്‍ ഏഴിലേക്കു മാറ്റിയിരിക്കുകയാണ്. നേതാക്കളുടെ അഴിമതികളെക്കുറിച്ച് നൂറായിരം ചോദ്യങ്ങളുമായി നില്‍ക്കുന്ന അണികളുടെ മുന്നിലേക്ക് അക്രമരാഷ്ട്രീയം മാത്രം വിശദീകരിച്ചു എങ്ങനെ മുന്നോട്ടു പോവാന്‍കഴിയും? തൃശൂരില്‍ ചേര്‍ന്ന നേതൃയോഗംതന്നെ ബഹളത്തില്‍ കലാശിച്ച സ്ഥിതിക്കു മണ്ഡലം കമ്മിറ്റിക്കു മുകളില്‍ ഒരു യോഗവും ചേരാന്‍ പറ്റാത്ത സാഹചര്യമാണ് മുന്നിലുള്ളത്.  ഇക്കണക്കിനു യാത്ര തട്ടും മുട്ടുമില്ലാതെ എല്ലാ ജില്ലകളിലും മുന്നോട്ടു കൊണ്ടുപോവുക കുമ്മനത്തിനു വലിയ വെല്ലുവിളിയായിരിക്കും.

അഴിമതിയുടെ മാലപ്പടക്കം
അഴിമതികള്‍ മറച്ചുവയ്ക്കുന്നതില്‍ നേതാക്കള്‍ തമ്മിലുള്ള  ഐക്യം തകര്‍ന്നതോടെ ഓരോ ദിവസവും പുതിയ അഴിമതി ബോംബുകളാണ് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിച്ചു കൊണ്ടിരിക്കുന്നത്. അഴിമതിയല്ല, അഴിമതിക്കെതിരേ മിണ്ടുന്നതാണ് പൊറുപ്പിക്കനാവാത്ത അച്ചടക്കരാഹിത്യം എന്നതാണ് ഇപ്പോള്‍ പാര്‍ട്ടി നിലപാട്. കോഴ വിവാദത്തെ തുടര്‍ന്ന് റിപോര്‍ട്ട് മാധ്യമങ്ങളിലെത്തിയതിനു വി.വി. രാജേഷിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പ്രഫുല്‍ കൃഷ്ണയെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കിയിരുന്നു. മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരനൊപ്പം നില്‍ക്കുന്നവരില്‍ പ്രമുഖരാണിവര്‍.


തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കല്‍ കോളജിനു കേന്ദ്ര അനുമതി ലഭ്യമാക്കാന്‍ 5.6 കോടി രൂപ കോഴ വാങ്ങിയെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടാണ് ഈയിടെ പുറത്തുവന്നത്. സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ.് വിനോദിനെതിരേ നടപടിയും വന്നു. പണം ഹവാലയായി ഡല്‍ഹിയിലേക്ക് അയച്ചു എന്നത് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യവുമാണ്.

പനിപിടിപ്പിക്കുന്ന ഔഷധി
മെഡിക്കല്‍ കോഴയുമായി ഒരു ബന്ധവുമില്ല എന്നും പാര്‍ട്ടിയില്‍ അത്തരം അന്വേഷണ കമ്മീഷനും റിപോര്‍ട്ടുമൊന്നും ഉണ്ടായിട്ടില്ല എന്നുമാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ ‘പനിപിടിച്ചു’ കിടക്കുകയായിരുന്ന കുമ്മനം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. കുമ്മനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സതീഷ് നായരുടെയും എം.ടി. രമേശിന്റെയും പേര് വിജിലന്‍സ് അന്വേഷണത്തില്‍ വരാതിരിക്കാന്‍ കേന്ദ്ര നേതൃത്വംതന്നെ നിര്‍ദേശം നല്‍കി എന്നാണ് വിവരം. കോഴിക്കോട് നടന്ന സമ്മേളനത്തിന്റെ വ്യാജ രശീതി വടകരയിലെ ഒരു പ്രസ്സില്‍ അടിച്ചതിനു പിന്നില്‍ സംസ്ഥാന കമ്മിറ്റി അംഗം എം. മോഹനന്‍ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോടികളാണ് ഇങ്ങനെ വ്യാജമായി പിരിച്ചതെന്ന് ആരോപിച്ചു കത്തെഴുതിയ കുറ്റിയാടിയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനു മര്‍ദ്ദനവും മണ്ഡലം കമ്മിറ്റിയില്‍ രാജി നാടകവും അരങ്ങേറിയിരിക്കുന്നു. സംസ്ഥാനസമിതി നിശ്ചയിച്ച ബി. ഗോപാലകൃഷ്ണന്റെ അന്വേഷണം സംസ്ഥാന സമിതിയില്‍തന്നെ ഒതുക്കിത്തീര്‍ക്കുകയും ചെയ്തു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍നിന്നു ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ക്കുള്ള ലൈസന്‍സ് വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്തു നിരവധി പേരില്‍നിന്ന് പണംതട്ടിയെന്ന കേസില്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അഡ്വ. ദിലീഷ് ജോണ്‍ ആണ് സി.ബി.ഐക്ക് പരാതി നല്‍കിയത്. പാര്‍ട്ടി സെക്രട്ടറി രാധാകൃഷ്ണന്‍ ചെയര്‍മാനായ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നേഷന്റെ (സൈന്‍) പേരിലാണ് തട്ടിപ്പ് നടത്തിയത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സ്വാധീനിച്ച് സൊസൈറ്റി നേടിയെടുത്ത 108 ജന്‍ ഔഷധി ലൈസന്‍സുകള്‍ മറിച്ചുവിറ്റ് അഞ്ചുകോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് പരാതി. അപേക്ഷകരില്‍നിന്ന് 2000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങിയ ശേഷം ഫര്‍ണിഷിങ് ജോലികള്‍ക്കുവേണ്ടി 4.5 ലക്ഷം രൂപവരെ ഈടാക്കിയത്രേ. തട്ടിപ്പിനിരയായവര്‍ ആര്‍.എസ്.എസുകാരെ ഭയന്ന് പോലിസില്‍ പരാതിപ്പെടാന്‍ തയ്യാറായില്ല. ചിലര്‍ തെളിവുകള്‍ സഹിതം ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ സമീപിക്കുകയായിരുന്നു. എന്നാല്‍, നേതാക്കളുടെ അഴിമതിക്കഥകള്‍ പുറംലോകമറിയാതെ പൂഴ്ത്തിവയ്ക്കുന്ന പതിവു രീതി കുമ്മനം ഇക്കാര്യത്തിലും സ്വീകരിച്ചു. എറണാകുളം സ്വദേശിയായ ഡോക്ടറുടെ ശബ്ദരേഖയുള്‍പ്പെടെയാണ് അഡ്വ. ദിലീഷ് ജോണ്‍ സി.ബി.ഐക്ക് പരാതി നല്‍കിയത്. ഇതോടെ തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ രംഗത്തുവന്നു.

പരാതികളുടെ കുത്തൊഴുക്ക്
രാധാകൃഷ്ണന്‍ ചെയര്‍മാനായ സൈന്‍ എന്ന സംഘടനയില്‍ ബി.ജെ.പി. നേതാക്കള്‍ മാത്രമാണ് അംഗങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കുമ്മനം രാജശേഖരന്‍ എന്നിവരുടെ ചിത്രങ്ങള്‍ പതിച്ചാണ് സംഘടന പരസ്യം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ സമാന്തര ഏജന്‍സിയായിട്ടാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജ് കുംഭകോണത്തിനു നേതൃത്വംവഹിച്ച മുന്‍ സംസ്ഥാന കമ്മിറ്റിയംഗം ആര്‍.എസ്. വിനോദിനും അഞ്ച് ജന്‍ ഔഷധി ലൈസന്‍സുകള്‍ ലഭിച്ചെന്നു സൂചനയുണ്ട്. വിനോദ് പ്രസിഡന്റായ വേണാട് സഹകരണ സംഘത്തിന്റെ പേരിലാണ് ലൈസന്‍സ് തരപ്പെടുത്തിയത്.
അഴിമതിയും കോഴയും മുതല്‍ സ്ത്രീപീഡനംവരെ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വിവിധ ഘടകങ്ങളില്‍നിന്ന് സംസ്ഥാന ബി.ജെ.പി. നേതാക്കള്‍ക്കെതിരേ കേന്ദ്ര നേതൃത്വത്തിനു 42 പരാതികള്‍ ലഭിച്ചതായി സംസ്ഥാന സംഘടനാ അസി. സെക്രട്ടറി കെ. സുഭാഷ് ഈയിടെ വെളിപ്പെടുത്തിയിരുന്നു.
കുമ്മനം രാജശേഖരന്‍ മുതല്‍ പ്രമുഖ നേതാക്കള്‍ക്കെതിരേയെല്ലാം ആരോപണമുണ്ട്.  മുന്‍ പ്രസിഡന്റ് വി. മുരളീധരന്‍ പക്ഷമാണ് കുമ്മനത്തിനെതിരായ പരാതികള്‍ക്കു പിന്നില്‍. കുമ്മനത്തിന്റെ ന്യൂഡല്‍ഹിയിലെ പി.ആര്‍.ഒയും മെഡിക്കല്‍ കുംഭകോണത്തിലെ ഇടനിലക്കാരനുമായ സതീഷ് നായരുമായുള്ള അവിശുദ്ധ ബന്ധവും പ്രവര്‍ത്തനവും അന്വേഷിക്കുക, സംസ്ഥാന കമ്മിറ്റി ഓഫിസില്‍ കുമ്മനം നിയമിച്ചവരെക്കുറിച്ചും അവരുടെ മറ്റു ബന്ധങ്ങളും പരിശോധിക്കുക, അയ്യപ്പസേവാ സമാജത്തിന്റെ ഫണ്ട് സമാഹരണ അഴിമതി പരിശോധിക്കുക എന്നിവയാണ് ആവശ്യങ്ങള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ സ്വത്തുവിവരങ്ങളും പണമിടപാടുകളും പരിശോധിക്കണമെന്ന പരാതിയും കേന്ദ്ര നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ നേതാവ് പത്തനംതിട്ടയിലും കോട്ടയത്തും നടത്തത്തിയ ഭൂമിയിടപാടുകളെക്കുറിച്ചും പരാതിയുണ്ട്. കോഴിക്കോട്ടുകാരനായ ഭാരവാഹിയുടെ ബംഗളൂരുവിലെയും ചെന്നൈയിലെയും ഹോട്ടല്‍, റിയല്‍ എസ്റ്റേറ്റ് ബന്ധത്തെക്കുറിച്ചാണ് ഒരു വിഭാഗത്തിന്റെ പരാതി. തിരുവനന്തപുരത്തെ പ്രമുഖ ജില്ലാ നേതാവിനെതിരേയാണ് ലൈംഗിക പീഡനാക്ഷേപം. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുമായി ബന്ധപ്പെട്ട മറ്റൊരു പരാതിയും തലസ്ഥാനത്ത് പുതുതായി ഉയര്‍ന്നിട്ടുണ്ട്. ഗ്യാസ് ഏജന്‍സി, പെട്രോള്‍ പമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് കോട്ടയം, തൃശൂര്‍ ജില്ലാ നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണം.
ജന്‍ ഔഷധിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം നേരിടുന്ന സംസ്ഥാന ഭാരവാഹിയുടെ സമ്പാദ്യം കേന്ദ്രനേതൃത്വം പരിശോധിക്കണമെന്ന പരാതിയുമുണ്ട്. പൊതുമേഖലാ സ്ഥാപനത്തില്‍ ജോലിക്കായി കോഴ വാങ്ങിയെന്ന ആരോപണമാണ് മറ്റൊരു പ്രമുഖ സംസ്ഥാന ഭാരവാഹിക്കും ബന്ധുവിനുമെതിരേയുള്ളത്. കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി ലഭ്യമാക്കാന്‍ പണം വാങ്ങിയെന്നതില്‍ മുന്‍ സംസ്ഥാന പ്രസിഡന്റിന്റെ പേരുമുണ്ട്.
മലപ്പുറത്ത് സഹകരണ ബാങ്കിലെ പത്തുകോടി വെട്ടിച്ചത്, പൊതുമേഖലാ ബാങ്കില്‍ നിയമനത്തിനു കോഴ വാങ്ങിയത് എന്നിവയുമുണ്ട് പരാതിപ്പട്ടികയില്‍. കോഴിക്കോട് ജില്ലാ ഓഫിസ് സെക്രട്ടറിയായി പോക്‌സോ പ്രകാരം കേസ് എടുക്കപ്പെട്ടയാളെ നിയമിച്ചതടക്കം നാണക്കേടുള്ള ആക്ഷേപങ്ങളും നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്.
കള്ളപ്പണക്കാരും ജാഥകളും
ഇടതു -വലത് മുന്നണികളെ കള്ളപ്പണക്കാരുടെ സംരക്ഷകരാക്കി ചിത്രീകരിച്ചു ശോഭ സുരേന്ദ്രന്‍ നയിച്ച ജാഥയുടെ മുന്‍നിരയില്‍നിന്നു നേതൃത്വം കൊടുത്തിരുന്ന യുവമോര്‍ച്ച എസ്.എന്‍.പുരം പഞ്ചായത്ത് കമ്മിറ്റി അംഗം രാകേഷ് ഏരാച്ചേരി, ഇയാളുടെ സഹോദരന്‍ ബി.ജെ.പി. കയ്പ്പമംഗലം നിയോജകമണ്ഡലം ഒ.ബി.സി. മോര്‍ച്ച സെക്രട്ടറി രാജീവ് എന്നിവരുടെ വീട്ടില്‍നിന്നു കള്ളനോട്ട് അടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടും കണ്ടെത്തിയ സംഭവം ബിജെപിയെ പരിഹാസ്യമാക്കുന്നതായിരുന്നു.

കേരളം വിട്ടു പുറത്തേക്കു നോക്കിയാലും അഴിമതിക്കാര്യത്തില്‍ ബി.ജെ.പിയുടെ അവസ്ഥ ഭിന്നമല്ല. അഴിമതിയും കള്ളപ്പണവും ഭീകരവാദവും തുടച്ചുനീക്കാന്‍ തന്ത്രപൂര്‍വമായ നീക്കം എന്ന പേരില്‍ അവതരിപ്പിച്ച നോട്ടു നിരോധനം നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ അഴിമതി എന്ന് പാര്‍ലമെന്റില്‍ കപില്‍ സിബല്‍ വിശേഷിപ്പിച്ചത് വ്യത്യസ്ത വലിപ്പം ഉള്ള നോട്ടുകള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു. ജനങ്ങള്‍ക്കു വേണ്ടിയും പാര്‍ട്ടിക്കു വേണ്ടിയും വെവ്വേറെ നോട്ട് അടിച്ചു എന്ന ഗരുതര ആരോപണമാണ് അദ്ദേഹം ഉയര്‍ത്തിയത്. നോട്ടു നിരോധന കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൂട്ടി അവകാശപ്പെട്ടതുപോലെ അഞ്ചുലക്ഷം കോടിയുടെ കള്ളപ്പണം ബാങ്കില്‍ തിരിച്ചു കയറ്റാന്‍ കഴിയാതെ കടലാസ് കഷണങ്ങളായി മാറുമ്പോള്‍ നോട്ടു നിരോധന നടപടിക്രമങ്ങള്‍ക്കുവേണ്ടി ചെലവാക്കുന്ന ഒന്നേകാല്‍ കോടി കഴിച്ചു ബാക്കിയാവുന്ന മൂന്നേ മുക്കാല്‍ കോടികൊണ്ടു രാജ്യത്തു തേനും പാലും ഒഴുക്കും എന്ന ബി.ജെ.പിക്കാരുടെ  അവകാശവാദം മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നം മാത്രമായി മാറി.
സാമ്പത്തിക വിദഗ്ധര്‍ കൃത്യമായി പ്രത്യാഘാതം പഠിച്ചു ചെയ്യേണ്ട കാര്യങ്ങള്‍ ഒരു ചായക്കടക്കാരന്റെ അല്‍പ്പബുദ്ധികൊണ്ട് അടിച്ചേല്‍പ്പിച്ചപ്പോള്‍ ജി.ഡി.പി. രണ്ടു പോയിന്റ് ഇടിഞ്ഞുവീണു വന്‍ ഭൂകമ്പമാണ് സാമ്പത്തിക രംഗത്ത് ഉണ്ടായത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വന്‍ വിലയിടിവ് സാമ്പത്തിക രംഗത്ത് ചുളുവില്‍ ഉണ്ടാക്കാമായിരുന്ന എല്ലാ നേട്ടങ്ങളെയും നോട്ടുനിരോധനം എന്ന ഭ്രാന്തന്‍ തീരുമാനം അട്ടിമറിച്ചു. ജി.എസ്.ടി. ഒട്ടും ഗൃഹപാഠം ഇല്ലാതെ നടപ്പാക്കി മോദി വലിയ ഒരു സാമ്പത്തിക ദുരന്തത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്.

അഴിമതി മുക്തമായിരുന്നില്ല ഇന്നലെകള്‍
വര്‍ഗീയതയുടെ മാത്രമല്ല; അഴിമതിക്കാര്യത്തിലും ബി.ജെ.പിയുടെ ഭൂതകാലം ഒട്ടും ആകര്‍ഷകമായിരുന്നില്ല. കേന്ദ്രഭരണം ലഭിച്ച ആദ്യ അവസരത്തില്‍തന്നെ 50 വര്‍ഷത്തോളം കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ മൊത്തം അഴിമതിയുടെ റെക്കോഡും ഒറ്റയടിക്ക് തകര്‍ക്കുന്ന മികവാണ് 2500 കോടിയുടെ പെട്രോള്‍ പമ്പ് കുംഭകോണത്തിലൂടെ പ്രഥമ ബി.ജെ.പി. സര്‍ക്കാര്‍ കാണിച്ചത്. അതിര്‍ത്തിയില്‍ പട്ടാളം കാവല്‍ നില്‍ക്കുന്നതിന്റെ ത്രസിപ്പിക്കുന്ന സ്മരണകള്‍ പറഞ്ഞു നമ്മെ രോമാഞ്ച കഞ്ചുകമണിയിച്ചു കൊണ്ടുതന്നെ കാര്‍ഗിലില്‍ രാജ്യത്തിനു വേണ്ടി പൊരുതി മരിച്ച സൈനികരുടെ ശവപ്പെട്ടിക്കു കമ്മീഷന്‍ അടിച്ച് അവര്‍ രാജ്യത്തെ ‘ശരിയാക്കി’ക്കളഞ്ഞു.

തെഹല്‍ക ഒളികാമറയ്ക്കു മുന്നില്‍ ഒരു പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍തന്നെ കൈക്കൂലി വാങ്ങുന്നത് ജനങ്ങള്‍ മൊത്തം കാണുകയും കോടതി ശിക്ഷിക്കുകയും ചെയ്ത സംഭവം ആണല്ലോ ബി.ജെ.പി. മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണന്റെ കാര്യത്തിലുണ്ടായത്.
ജനങ്ങളെ മൊത്തം ‘വിജൃംഭിതരാക്കി’ കാര്‍ഗില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടു നില്‍ക്കുന്ന സമയത്തുതന്നെ അപ്പുറത്ത് പാകിസ്താനില്‍നിന്നു പഞ്ചസാര ഇറക്കിയ വകയില്‍ 900 കോടിയുടെ അഴിമതി നടത്തിയതും ബി.ജെ.പി. സര്‍ക്കാര്‍ തന്നെയായിരുന്നു.
സ്റ്റോക്ക് മാര്‍ക്കറ്റ് കുംഭകോണവും മൊറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇരട്ട നികുതി ഒഴിവാക്കുന്നതും ആയി ബന്ധപ്പെട്ട അഴിമതിയും ദേശസാല്‍കൃത ബാങ്കുകളില്‍നിന്നു തിരിച്ചടയ്ക്കാതെ പണമെടുത്തത്തിന്റെ പിന്നിലെ വന്‍ അഴിമതിയും സി.ബി.ഇ.സി. കുംഭകോണവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന ബാല്‍കോ, എയര്‍ ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഷെയറുകള്‍ വില്‍ക്കാന്‍ വച്ചതും അതിനുവേണ്ടി മാത്രമായി ഒരു മന്ത്രാലയം തുറന്ന് വിറ്റുതുലച്ചതും വാജ്‌പേയ് സര്‍ക്കാര്‍ ആയിരുന്നല്ലോ.  തുടര്‍ന്നുവന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തു നടന്ന ടുജി സ്‌പെക്ട്രം, കല്‍ക്കരി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികള്‍ ഉയര്‍ത്തിക്കാട്ടി ബി.ജെ.പി. കടന്നാക്രമിച്ചപ്പോള്‍ ബി.ജെ.പിയുടെ  അഴിമതി ഭൂതകാലത്തില്‍ ജനങ്ങള്‍ക്കുണ്ടായ മറവി തൊട്ടുണര്‍ത്താന്‍ കോണ്‍ഗ്രസ്സിന്റെ പ്രചാരണ തന്ത്രങ്ങള്‍ക്കു കഴിഞ്ഞതുമില്ല.
ഞെരിഞ്ഞമരുന്ന അഴിമതി ആരോപണങ്ങള്‍
ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ വ്യാപകമായി നടത്തുന്ന അഴിമതിയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ നിശ്ശബ്ദമാക്കിയാണ് മോദി സര്‍ക്കാര്‍ അഴിമതിക്കു നേതൃപരമായ പങ്ക് വഹിക്കുന്നത് എന്നാണ് മമത ബാനര്‍ജി കുറ്റപ്പെടുത്തുന്നത്. രാജസ്ഥാനിലെ 1000 കോടിയുടെ അഴിമതിയും ഗുജറാത്തിലെ 20,000 കോടിയുടെ പെട്രോളിയം കുംഭകോണവുമൊക്കെ അവര്‍ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ വിവാദമായ മെഡിക്കല്‍ കോഴ കേസിന്റെയും ജന്‍ ഔഷധി അഴിമതിയുടെയും വള്ളി പടര്‍ന്നുചെന്നിരിക്കുന്നതു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേക്കും മെഡിക്കല്‍ കൗണ്‍സിലിലേക്കും തന്നെയാണ്. അവരറിയാതെ കേരള ബി.ജെ.പി. നേതാക്കള്‍ മാത്രം വിചാരിച്ചാല്‍ മെഡിക്കല്‍ കോളജ് അനുവദിക്കാനോ പ്രധാനമന്ത്രിയുടെ ജന്‍ ഔഷധിയുടെ ഏജന്‍സി അനുവദിക്കാനോ കഴിയില്ല.
സാമ്പത്തിക ക്രമക്കേട് കേസില്‍ ജയിലില്‍ കഴിയുന്ന സുബ്രതാ റോയിയുടെ സഹാറ ഗ്രൂപ്പില്‍നിന്നു 40 കോടിയും ബിര്‍ള ഗ്രൂപ്പില്‍ നിന്നു 25 കോടിയും പ്രധാനമന്ത്രി നരേന്ദ്ര മോദി കൈപ്പറ്റിയതിന്റെ രേഖകള്‍ പുറത്തുവന്നത് ഒതുങ്ങിപ്പോയതും ഉരുക്കുമുഷ്ടിയുടെ ബലത്തില്‍തന്നെയാണ്.
വര്‍ഗീയതയും ജാതീയതയും മാത്രമല്ല, അഴിമതിയും കോര്‍പറേറ്റ് പ്രീണനവുമടക്കം എല്ലാവിധ ജീര്‍ണതകളുടെയും ചീഞ്ഞുനാറുന്ന പൊട്ടക്കുളമാണ് ഫാഷിസം. രാജ്യത്തിന്റെ സമ്പൂര്‍ണ നാശം അല്ലാതെ മറ്റൊന്നും നല്‍കാന്‍ അവര്‍ക്കു കഴിയില്ല.                     ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss