|    Dec 19 Wed, 2018 6:57 pm
FLASH NEWS
Home   >  Editpage  >  Editorial  >  

രാജ്യം നേരിടുന്നത് ഭരണപ്രതിസന്ധി

Published : 23rd November 2018 | Posted By: kasim kzm

വലിയ ശബ്ദഘോഷങ്ങള്‍ സൃഷ്ടിക്കുന്നതിന്റെയൊക്കെ അകംപൊരുള്‍ മിക്കവാറും പൊള്ളയായിരിക്കുമെന്നു പറയുന്നത് വെറുതെയല്ല. ഇന്ത്യയില്‍ രാജ്യതാല്‍പര്യത്തെക്കുറിച്ചു സദാ ബഹളം സൃഷ്ടിക്കുന്ന വിഭാഗമാണ് ഹിന്ദുത്വ രാഷ്ട്രീയക്കാര്‍. എന്നാല്‍, അവര്‍ക്ക് ലഭിച്ച അധികാരത്തെ അവര്‍ എങ്ങനെ വിനിയോഗിച്ചുവെന്ന വലിയ ചോദ്യത്തിനാണ് രാജ്യം ഇന്ന് ഉത്തരം തേടിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ നട്ടെല്ലു തകര്‍ത്ത സാമ്പത്തിക പരിഷ്‌കാരങ്ങളുടെ കെടുതികള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. സാമ്പത്തികരംഗത്തെ തകര്‍ച്ചയുടെ ആഴങ്ങള്‍ തെളിഞ്ഞുവരുന്നേയുള്ളൂ. അതിനു നാം നല്‍കേണ്ടിവരുന്ന വില ചെറുതായിരിക്കില്ലെന്ന കാര്യത്തില്‍ ഇന്ന് ആര്‍ക്കും സംശയമില്ല. അതേക്കുറിച്ച ആശങ്കകള്‍ അനുദിനം വര്‍ധിക്കുന്നതിനിടയിലാണ് രാജ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കുന്ന പുതിയ സംഭവവികാസങ്ങള്‍.
രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐക്കകത്ത് നടക്കുന്ന തര്‍ക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും അതിന്റെ വിശ്വാസ്യതയ്ക്കുതന്നെ ക്ഷതമേല്‍പിക്കുന്നവയാണ്. ആരോപണങ്ങള്‍ പലതും അതീവ ഗുരുതരവും നിയമവ്യവസ്ഥയെത്തന്നെ തകര്‍ക്കുന്ന വിധമുള്ള അപകടസൂചനകള്‍ നിറഞ്ഞതുമാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ ഫോണ്‍കോളുകള്‍ വരെ സിബിഐ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. പരസ്പരവിശ്വാസമോ തങ്ങള്‍ ഇരിക്കുന്ന സ്ഥാനങ്ങളെക്കുറിച്ച ചുമതലാബോധമോ ഇല്ലാത്ത ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ തന്നിഷ്ടങ്ങള്‍ക്കു രാജ്യതാല്‍പര്യങ്ങള്‍ ബലികഴിക്കപ്പെടുന്ന അവസ്ഥാവിശേഷമാണ് രൂപപ്പെടുന്നതെന്നു വ്യക്തം.
മോദിയുടെ സ്വന്തക്കാരനായി സിബിഐയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ സ്ഥാനത്ത് അവരോധിക്കപ്പെട്ട രാകേഷ് അസ്താനയ്‌ക്കെതിരായ കൈക്കൂലി ആരോപണവും അതേക്കുറിച്ച അന്വേഷണവുമാണ് പ്രശ്‌നങ്ങളുടെ തുടക്കം. അന്വേഷണത്തിന് ഉത്തരവിട്ട സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് സ്ഥാനത്തുനിന്നു മാറ്റുകയാണ് ചെയ്തത്. അസ്താനയ്‌ക്കെതിരായ അന്വേഷണത്തില്‍ അജിത് ഡോവല്‍ നേരിട്ട് ഇടപെട്ടുവെന്നാണ് വെളിപ്പെടുന്നത്.
അന്വേഷണസംഘത്തിലെ അംഗമായിരുന്ന സിബിഐ ഡിഐജി മനീഷ് സിന്‍ഹ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ഈ ആരോപണമുണ്ട്. ഈ ഹരജിയിലാണ് അസ്താനയും അജിത് ഡോവലും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങള്‍ തെളിവായി ഉദ്ധരിക്കുന്നത്. അന്വേഷണത്തിന്റെ പേരില്‍ ഇപ്പോള്‍ സിബിഐയുടെ താല്‍ക്കാലിക ചുമതലയുള്ള എം നാഗേശ്വര റാവു തന്നെ അന്യായമായി സ്ഥലം മാറ്റി എന്നാണ് സിന്‍ഹയുടെ പരാതി. ഏറ്റവും ഒടുവില്‍ സിബിഐ ഡിവൈഎസ്പി അശ്വിനി കുമാര്‍ ഗുപ്തയും സമാനമായ ആരോപണവുമായി സുപ്രിംകോടതിയില്‍ എത്തിയിരിക്കുന്നു. ഈ രാജ്യത്തു ഭരണത്തിന്റെ മറവില്‍ അരുതായ്മകള്‍ മാത്രമാണ് നടക്കുന്നതെന്ന സംശയം ബലപ്പെടുകയാണ്. ഭരണസംവിധാനത്തിന്റെ സര്‍വ മണ്ഡലങ്ങളിലും നിക്ഷിപ്ത താല്‍പര്യങ്ങളോടെ ഭരണകൂടം നടത്തുന്ന അവിഹിത ഇടപെടലുകളാണ് ഓരോ പ്രശ്‌നങ്ങള്‍ക്കും പിന്നിലുമെന്നു നിസ്സംശയം പറയാനാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss