|    Nov 19 Mon, 2018 10:22 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാജ്യം കേരളത്തോടൊപ്പം: പ്രധാനമന്ത്രി

Published : 27th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയം ദുരിതം വിതച്ച കേരളീയര്‍ക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരിതബാധിതര്‍ക്കൊപ്പം രാജ്യം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ളവര്‍ കേരളത്തിന് സഹായഹസ്തവുമായി എത്തിയത് അഭിനന്ദനാര്‍ഹമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജനങ്ങളുടെ മനോധൈര്യം കൊണ്ട് കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഓണവേളയില്‍ കേരളത്തിന് സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ വരാനും പുരോഗതിയിലേക്ക് പുതിയ തുടക്കം കുറിക്കാനും കഴിയട്ടെയെന്നും മോദി ആശംസിച്ചു. കേരളത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് രാജ്യത്തെ 125 കോടി ജനങ്ങളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ദുരിതബാധിതരെ കൈപിടിച്ചുയര്‍ത്താന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ദുരന്തനിവാരണ സേനയെയും സൈന്യത്തെയും മല്‍സ്യത്തൊഴിലാളികള്‍ അടങ്ങിയ രക്ഷാപ്രവര്‍ത്തകരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. സൈനികര്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരാണ് പ്രളയക്കെടുതിയിലെ യഥാര്‍ഥ നായകരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കരസേന, വ്യോമസേന, നാവികസേന, ബിഎസ്എഫ്, സിഐഎസ്എഫ്, ആര്‍എഎഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങള്‍ കേരളത്തെ സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ കഠിനപ്രയത്‌നം ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപ്രകാരം സംസ്ഥാനത്തിന് കേന്ദ്രം 543 കോടി രൂപ ധനസഹായം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ക്രിയാത്മകമായിരുന്നുവെന്നും മോദി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss