|    Nov 22 Thu, 2018 5:02 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജീവ് ധവാന്‍ അഭിഭാഷകവൃത്തി അവസാനിപ്പിച്ചു

Published : 12th December 2017 | Posted By: kasim kzm

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുള്ള വിയോജിപ്പിനെ തുടര്‍ന്ന്  മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ രാജീവ് ധവാന്‍ അഭിഭാഷകവൃത്തി അവസാനിപ്പിച്ചു. ദീപക് മിശ്രയ്‌ക്കെഴുതിയ കത്തിലാണു ധവാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസില്‍ നിന്നുണ്ടായ വിമര്‍ശനമാണു തന്നെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നു ധവാന്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വാദംകേള്‍ക്കുകയും രാജീവ് ധവാന്‍ ഹാജരാവുകയും ചെയ്ത ബാബരി മസ്ജിദ്, ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള അധികാര തര്‍ക്കം എന്നീ കേസുകളില്‍ കോടതിയുടെ തീരുമാനങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തുകയും ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്തതു വാര്‍ത്തയായിരുന്നു. ഈ രണ്ടു കേസുകളിലും ശബ്ദം ഉയര്‍ത്തി സംസാരിക്കരുതെന്നു രാജീവ് ധവാനോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ബാബരി മസ്ജിദ് കേസില്‍ വാദംകേള്‍ക്കവെ കേസ് നീട്ടിവയ്ക്കണമെന്നും ഇന്നു തന്നെ കേസ് പരിഗണിക്കുകയാണെങ്കില്‍ കോടതി ബഹിഷ്‌കരിക്കുമെന്നും രാജീവ് ധവാന്‍ പറഞ്ഞതു ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍, ഡല്‍ഹി സര്‍ക്കാരിന്റെ കേസ് പരിഗണിക്കവേയുണ്ടായ അപമാനംമൂലം അഭിഭാഷക പ്രാക്റ്റീസ് നിര്‍ത്താന്‍ തീരുമാനിച്ചുവെന്നാണ് ഒരു പേജ് വരുന്ന ഹ്രസ്വമായ കത്തില്‍ ധവാന്‍ പറയുന്നത്. തന്റെ സീനിയോരിറ്റി ഗൗണ്‍ തിരികെയെടുക്കാന്‍ താങ്കള്‍ക്ക് അധികാരമുണ്ടെങ്കിലും സേവനത്തിന്റെ ഓര്‍മയ്ക്കായി അതു സൂക്ഷിച്ചുവയ്ക്കണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്നും ധവാന്‍ കത്തില്‍ പറയുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss