|    Jun 25 Sun, 2017 10:48 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

രാജീവ് ചന്ദ്രശേഖര്‍ അയച്ച സന്ദേശം പുറത്തായി; സംഘപരിവാരക്കാരെ ജീവനക്കാരാക്കണം: ഏഷ്യാനെറ്റിന് മേധാവിയുടെ നിര്‍ദേശം

Published : 22nd October 2016 | Posted By: SMR

ന്യൂഡല്‍ഹി: ബിജെപി ആഭിമുഖ്യമുള്ള വാര്‍ത്തകള്‍ക്കു പിന്നാലെ ഏഷ്യാനെറ്റ് ന്യൂസില്‍ സമ്പൂര്‍ണ സംഘപരിവാര ആധിപത്യം ഉറപ്പാക്കാന്‍ മാനേജ്‌മെന്റ് നീക്കം. പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ സംഘപരിവാര പാരമ്പര്യം ഉറപ്പാക്കുന്ന വിധത്തിലുള്ള നിര്‍ദേശം ചാനല്‍ മേധാവിയും ബിജെപിയുടെ രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയതായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇതുസംബന്ധിച്ച് രാജീവ് ചന്ദ്രശേഖര്‍ അയച്ച സന്ദേശം ഓണ്‍ലൈന്‍ പോര്‍ട്ടലായ ന്യൂസ്‌ലോന്‍ട്രി പുറത്തുവിട്ടിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ പ്രത്യയശാസ്ത്രത്തോട് യോജിച്ചുപോവുന്നവരാവണം ജീവനക്കാര്‍, അവര്‍ രാജ്യത്തെയും സൈന്യത്തെയും അനുകൂലിക്കുന്നവരാവണം, ദേശീയതയിലും നിലവിലെ ഭരണത്തിലും താല്‍പര്യമുള്ളവരായിരിക്കണം തുടങ്ങിയവയാണ് പുതിയ ജീവനക്കാര്‍ക്കുള്ള യോഗ്യതയായി രാജീവ് ചന്ദ്രശേഖര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
2005ല്‍ രാജീവ് ചന്ദ്രശേഖര്‍ രൂപീകരിച്ച ബംഗളൂരു ആസ്ഥാനമായ ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന കമ്പനിയുടെ കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഇപ്പോഴുള്ളത്. കന്നഡ വാര്‍ത്താചാനലായ സുവര്‍ണ ന്യൂസ്, ഓണ്‍ലൈന്‍ പോര്‍ട്ടലായ ന്യൂസബിള്‍, കന്നഡയില്‍ പ്രസിദ്ധീകരിക്കുന്ന കന്നഡ പ്രഭ എന്നിവയും ഇതിനു കീഴിലാണുള്ളത്. ഈ മാധ്യമങ്ങള്‍ക്കെല്ലാം. സിഇഒ അമിത് ഗുപ്ത മുഖേന ഈ സന്ദേശം പോയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശമനുസരിച്ചാണ് സന്ദേശമെന്ന് അതില്‍ പറയുന്നുണ്ട്.
സപ്തംബര്‍ 21നാണ് ഇ-മെയില്‍ സന്ദേശം അയച്ചത്. എന്നാല്‍, ഇതിനു പിന്നാലെ അടുത്ത ദിവസം ചെയര്‍മാന്റെ നേരത്തേയുള്ള കത്തിലെ മാനദണ്ഡങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ലെന്നറിയിച്ചു വീണ്ടുമൊരു സന്ദേശം കൂടി അയച്ചതായും ന്യൂസ്‌ലോന്‍ട്രിയുടെ റിപോര്‍ട്ടില്‍ പറയുന്നു. രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനോട് ചാനലിലെ ചില മുതിര്‍ന്ന എഡിറ്റര്‍മാര്‍ ശക്തമായി എതിര്‍പ്പ് അറിയിച്ചതാണ് രണ്ടാമത്തെ ഇ-മെയില്‍ സന്ദേശത്തിനു പിന്നിലെന്നാണ് റിപോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും എതിരായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതിനു ചാനലില്‍ വിലക്കുണ്ടായിരുന്നതായി ന്യൂസ്‌ലോന്‍ട്രി പറയുന്നു.
അതേസമയം, ജീവനക്കാരെ നിയമിക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങളെ ക്കുറിച്ചുള്ള ചോദ്യത്തിന്, തന്റെ ഇ-മെയില്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അമിത് ഗുപ്ത മറുപടി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക