രാജീവ് ഗാന്ധി വധം: തമിഴ്നാട് വീണ്ടും സുപ്രിംകോടതിയില്‍
Published : 28th July 2016 | Posted By: SMR
ന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്ക് ശിക്ഷായിളവ് വേണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഏഴു പേരുടെ ശിക്ഷ ഇളവു ചെയ്യാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും സംസ്ഥാനത്തിനല്ലെന്നുമുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രിംകോടതിയെ സമീപിച്ചത്. ശിക്ഷ ഇളവിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനു വേണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.
കേന്ദ്രത്തോട് ഇക്കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞാല്‍ മാത്രം മതി. കഴിഞ്ഞ ഡിസംബര്‍ മൂന്നിലെ വിധിയില്‍ ഇളവുചെയ്യാനുള്ള അന്തിമാധികാരം കേന്ദ്രത്തിനാണെന്നു പറയുന്നില്ലെന്നും തമിഴ്നാട് വാദിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച് അവരുടെ അനുമതിയോടെ മോചിപ്പിക്കാവുന്നതാണെന്നാണ് ഡിസംബറില്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 435(2) പ്രകാരം ഇത്തരം സാഹചര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും യോജിപ്പിലെത്തണമെന്നാണ് പറയുന്നത്.
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഏജന്‍സി അന്വേഷണം നടത്തിയ കേസില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ശിക്ഷ ഇളവുനല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രത്തിന്റെ അനുമതിയോടെ വിഷയത്തില്‍ തമിഴ്നാടിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സുപ്രിംകോടതിയുടെ ഈ ഇടക്കാല വിധി പുനപ്പരിശോധിക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.
വധശിക്ഷ ഇളവ് ചെയ്തു ജീവപര്യന്തമാക്കിയവരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടോയെന്നു പരിശോധിക്കാന്‍ ജസ്റ്റിസുമാരായ എഫ് എം ഇബ്രാഹീം ഖലീഫുല്ല, പിനാകി ചന്ദ്രഘോഷ്, എ എം സപ്രെ, യു യു ലളിത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിനെയും സുപ്രിംകോടതി അന്നു ചുമതലപ്പെടുത്തിയിരുന്നു. 1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.