|    Mar 23 Thu, 2017 3:55 am
FLASH NEWS

രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി രജത ജൂബിലി; 30ന് സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യും

Published : 27th December 2015 | Posted By: SMR

കോട്ടയം: രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി രജതജൂബിലിയുടെ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്ക് 30ന് ആരംഭംകുറിക്കും. ലോക്‌സഭാംഗം സോണിയാഗാന്ധി രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ആര്‍ഐടി ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന ചടങ്ങില്‍ കോളജ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന കര്‍മവും രാജീവ്ഗാന്ധിയുടെ വിധവയായ സോണിയാഗാന്ധി നിര്‍വഹിക്കും.
മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പേരിലുള്ള ഇന്ത്യയിലെ ആദ്യ സ്ഥാപനമാണ് കോട്ടയത്ത് നെടുംകുഴിയിലെ ആര്‍ഐടി. ഇതിനെ ഇന്ത്യയിലെ പ്രധാന സ്ഥാപനമാക്കിമാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1991 മെയ് 21ന് രാജീവ്ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം ജൂണ്‍ 12ന് അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബജറ്റിലാണ് ആര്‍ഐടി സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. അതിനുശേഷം 2004ഓടെയാണ് കോളജിന്റെ വികസനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായത്. ആ വര്‍ഷം ഡിസംബര്‍ അവസാനവാരം ഉദ്ഘാടനച്ചടങ്ങിന് സോണിയാഗാന്ധിയെ ക്ഷണിച്ച് പരിപാടി നിശ്ചയിക്കപ്പെട്ടെങ്കിലും ഡിസംബര്‍ 26ലെ സുനാമി ദുരന്തം മൂലം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് 2006 മാര്‍ച്ചില്‍ ചടങ്ങ് നിശ്ചയിക്കപ്പെട്ടെങ്കിലും കൊച്ചിയില്‍നിന്ന് കോട്ടയത്തേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറങ്ങിയത്. കഴിഞ്ഞ 25 വര്‍ഷക്കാലമായി കോളജുമായി ബന്ധപ്പെട്ട പൊതുപരിപാടികള്‍ നടന്നിട്ടില്ല. കോളജിന്റെ വികസനത്തിന്റെ ഓരോ ഘട്ടത്തിലും പരിപാടികള്‍ നടത്താന്‍ അവസരമുണ്ടായിരുന്നെങ്കിലും അതൊഴിവാക്കപ്പെട്ടു.
സോണിയാഗാന്ധിയെ തന്നെ കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കുന്നതിന്റെ പേരില്‍ പ്രോട്ടോകോള്‍ പ്രശ്‌നം ഉന്നയിക്കുന്നതു ശരിയല്ല. രാജ്യത്തിനുവേണ്ടി ജീവന്‍ ബലികൊടുത്ത നേതാവിന്റെ വിധവയെക്കൊണ്ടാണ് ഈ കര്‍മം ചെയ്യിക്കുന്നത്. ആ വികാരം പ്രോട്ടോകോളിനതീതമാണ്. അതിനെ ആരും എതിര്‍ക്കേണ്ടതില്ല. ഇക്കാലയളവില്‍ കോളജിന് സംസ്ഥാന സര്‍ക്കാരാണ് സാമ്പത്തികസഹായം ചെയ്തുവരുന്നത്. വരുംനാളുകളില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് സഹായം പ്രതീക്ഷിക്കുന്നുണ്ട്. ജൂബിലി വര്‍ഷത്തില്‍ കോളജിനായി പ്രത്യേക വികസന പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കും.
ഈ സ്ഥാപനത്തില്‍ 80 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ വിജയിക്കാറുണ്ട്. 100 ശതമാനം പ്ലേസ്‌മെന്റുമുണ്ട്. 100 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കാംപസില്‍ പ്രത്യേക ബ്ലോക്കുകളിലായി ആറ് വിവിധ ഡിപാര്‍ട്ട്‌മെന്റുകള്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, സെന്‍ട്രല്‍ ലൈബ്രറി, വര്‍ക്‌ഷോപ്പ്, കാന്റീന്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ. റൂബി എബ്രഹാം, ഡോ. ബിനോ ഐ കോശി, ഡോ. ആര്‍ ശശികുമാര്‍, പിടിഎ പ്രസിഡന്റ് ടി ശശികുമാര്‍ പങ്കെടുത്തു. സോണിയാഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കുന്ന സ്റ്റേജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ച് വിലയിരുത്തി.

(Visited 98 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക