|    Jun 20 Wed, 2018 11:30 am
Home   >  Editpage  >  Editorial  >  

രാജി മാത്രമായിരുന്നു ഒരേയൊരു പോംവഴി

Published : 17th October 2016 | Posted By: SMR

ബന്ധുനിയമന വിവാദക്കുരുക്കില്‍ അകപ്പെട്ട് വ്യവസായമന്ത്രി ഇ പി ജയരാജന്‍ സ്ഥാനം രാജിവെച്ചാഴിയാന്‍ നിര്‍ബന്ധിതനായി. പിണറായി വിജയന്‍ സര്‍ക്കാരിനേറ്റ ആദ്യപ്രഹരമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. അധികാരത്തിലേറി 142 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രിയുടെ വലംകൈയായി വിശേഷിപ്പിക്കപ്പെടുന്ന ജയരാജന് അഴിമതി ആരോപണങ്ങളുടെ പേരില്‍ ഇറങ്ങിപ്പോകേണ്ടിവന്നത്.
കഴിഞ്ഞ കോണ്‍ഗ്രസ് മുന്നണിഭരണത്തിലെ അഴിമതിക്കഥകള്‍ ഉയര്‍ത്തിക്കാട്ടി അധികാരത്തിലേറിയ ഇടതു ഭരണകൂടത്തിന് ഏതെങ്കിലും നിലയില്‍ അഭിമാനിക്കാന്‍ വകനല്‍കുന്നതല്ല ഈ സംഭവം. ജയരാജന്റെ രാജി സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും തത്ത്വാധിഷ്ഠിത നിലപാടുകള്‍ക്കുള്ള ഉത്തമദൃഷ്ടാന്തമായി കൊണ്ടാടുന്നത് ബാലിശമാണെന്നു പറയേണ്ടിയിരിക്കുന്നു. മറിച്ചൊരു നിലപാട് സിപിഎമ്മിനു സാധ്യമായിരുന്നോ എന്നതാണ് യഥാര്‍ഥത്തില്‍ ഉന്നയിക്കപ്പെടേണ്ട ചോദ്യം.
അങ്ങനെയായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിക്കോ ഇടതുപക്ഷത്തിനോ കേരളത്തിലെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുമായിരുന്നോ? അഴിമതി ഏതാണ്ടൊരു നയനിലപാടായി കൊണ്ടുനടന്ന യുഡിഎഫ് ഭരണത്തോടുള്ള കേരള ജനതയുടെ ശക്തമായ പ്രതികരണമാണ് ഇടതുപക്ഷത്തെ അധികാരത്തില്‍ എത്തിച്ചതെന്ന സത്യം പിണറായിക്കോ ഇടതുപക്ഷത്തിനോ അവഗണിക്കാവുന്നതല്ല. അതുകൊണ്ടുതന്നെയാണ് ജയരാജനു രാജിയല്ലാതെ മറ്റൊരു പോംവഴി ഉണ്ടായിരുന്നിെല്ലന്നു പറയുന്നത്.
കേരളത്തിന്റെ വ്യവസായ വകുപ്പ് പാര്‍ട്ടി കാര്യാലയത്തിലെയോ കുടുംബത്തിലെയോ സ്വകാര്യ വ്യവഹാരമല്ലെന്ന പ്രാഥമിക പാഠമെങ്കിലും അറിയാത്തയാളല്ല ഇ പി ജയരാജന്‍. നേതൃത്വം അറിയാതെ പാര്‍ട്ടിക്കുള്ളില്‍ ഒരില പോലും പൊഴിയില്ലെന്നു കരുതപ്പെടുന്ന കേന്ദ്രീകൃത പാര്‍ട്ടിഘടനയ്ക്ക് അകത്തിരുന്ന് ഒരു മന്ത്രി, പാരമ്പര്യസ്വത്ത് വീതംവയ്ക്കുന്നതുപോലെ പൊതുഖജനാവില്‍ നിന്നു ശമ്പളം നല്‍കേണ്ട ഉദ്യോഗങ്ങള്‍ കുടുംബക്കാര്‍ക്കും കൂട്ടുകാര്‍ക്കുമായി വീതംവച്ചതൊന്നും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമടക്കം ആരും അറിഞ്ഞിെല്ലന്നു പറയുന്നത് അസംബന്ധമാണ്.
ജനാധിപത്യമെന്നത് ഇന്ത്യയില്‍ അധികാരത്തിലേറാനുള്ള ഒരു വഴി മാത്രമായാണ് സിപിഎം അടക്കമുള്ള പല പാര്‍ട്ടികളും കാണുന്നത്. സുതാര്യതയും നീതിയും മൂല്യങ്ങളായി സ്വീകരിക്കാന്‍ ഈ പാര്‍ട്ടികള്‍ക്കു കഴിയുന്നില്ല. അധികാരത്തിന് അകത്താവുമ്പോഴും പുറത്താവുമ്പോഴും നിയമബാഹ്യമായ സമാന്തര അധികാരകേന്ദ്രങ്ങളായി പാര്‍ട്ടിഗ്രാമങ്ങളും പാര്‍ട്ടികോടതികളും നിലനിര്‍ത്തുന്നു. നാടിന്റെ സ്വസ്ഥതയും സമാധാനവും വലിയ അളവില്‍ ഈ സമാന്തര അധികാര നിര്‍വഹണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
അധികാരം ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ് എന്നതിനേക്കാള്‍, പാര്‍ട്ടിക്കു നേട്ടമുണ്ടാക്കാനുള്ള അവസരമാണെന്നു ചിന്തിക്കുന്ന ഒരു മനോഘടന നിലനില്‍ക്കുന്നതുകൊണ്ടാണ് ജയരാജനെപ്പോലുള്ളവര്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss