|    Jan 19 Thu, 2017 7:42 am
FLASH NEWS

രാജിവ യ്ക്കാതെ ഉമ്മന്‍ചാണ്ടിയെ സ്വസ്ഥമായി ഇറങ്ങിനടക്കാന്‍ അനുവദിക്കില്ല: പിണറായി

Published : 4th February 2016 | Posted By: SMR

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് നാട്ടില്‍ സ്വസ്ഥമായി ഇറങ്ങിനടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാവില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി രണ്ടുമാസം മുഖ്യമന്ത്രിസ്ഥാനത്ത് സൈ്വര്യമായി കഴിയട്ടെ എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുതുന്നത്. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് ഇനി അലോസരത്തിന്റെ നാളുകളാണ് ഉണ്ടാവുക. രാജിവച്ചില്ലെങ്കില്‍ നിയമസഭയിലും പുറത്തും ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ പ്രതിഷേധത്തിന്റെ ശക്തി വര്‍ധിക്കുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. നിയമസഭയില്‍ ഏതു രീതിയിലുള്ള പ്രക്ഷോഭം നടത്തണമെന്ന് എല്‍ഡിഎഫിലെ പാര്‍ട്ടികള്‍ തീരുമാനിക്കും. തങ്ങള്‍ നിയമത്തിന് അതീതരാണെന്ന ധാരണയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുലര്‍ത്തുന്നത്.
നിലവിട്ട് ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മന്ത്രി കെ സി ജോസഫ് ജഡ്ജിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. അപകടകരമായി സംസാരിക്കാത്ത ജോസഫ് പോലും ഇത്തരത്തില്‍ പെരുമാറുന്ന രീതിയിലേക്ക് കോണ്‍ഗ്രസ്സിന്റെ സംസ്‌കാരം എത്തിയെന്നും പിണറായി കുറ്റപ്പെടുത്തി. സരിതയില്‍നിന്ന് ഇനി എന്തെല്ലാം വെളിപ്പെടുത്തലുകളുണ്ടാവുമെന്ന് കണ്ടറിയണം. കോണ്‍ഗ്രസ്സിന്റെ അപചയമാണ് ഇതിലൂടെ വെളിപ്പെടുന്നത്. സരിതയുടെ കമ്പനിക്ക് യാതൊന്നും നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, വഴിവിട്ട് സഹായിക്കുകയും ആദായത്തിന്റെ പങ്ക് പറ്റുകയും ചെയ്തുവെന്ന കാര്യമാണ് പുറത്തുവരുന്നത്. ജീര്‍ണത പരിശോധിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. സരിതയ്ക്ക് സിപിഎം നേതാക്കള്‍ കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത സംബന്ധിച്ച ചോദ്യത്തിന് തങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ നെറികേട് കാട്ടി ശീലമില്ലെന്നായിരുന്നു പിണറായിയുടെ മറുപടി. കോടികള്‍ നല്‍കാനുള്ള ശേഷിയൊന്നും പാര്‍ട്ടിക്കില്ല. യുഡിഎഫ് സര്‍ക്കാരിനെതിരേ ഉപജാപത്തിന് ഇല്ലെന്ന് തങ്ങള്‍ ആദ്യമേ വ്യക്തമാക്കിയതാണ്. ഉമ്മന്‍ചാണ്ടിയെ പിതൃതുല്യനെന്നു വിശേഷിപ്പിച്ച സരിതയ്ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അവര്‍ തമ്മിലുള്ള ഇടപാടുകളില്‍ വിശ്വസ്തത നഷ്ടപ്പെട്ടതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിനു കാരണമെന്നും പിണറായി പറഞ്ഞു.
സംസ്ഥാനത്ത് എങ്ങനെയും അക്കൗണ്ട് തുറക്കണമെന്ന ലക്ഷ്യത്തോടെ ബിജെപിയും നിലനില്‍പ്പ് പരുങ്ങലിലായതിനാല്‍ യുഡിഎഫും പരസ്പരം ധാരണയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ഇതിനെ എതിര്‍ത്ത് തോല്‍പ്പിക്കും. വെളളാപ്പള്ളിയുടെ പാര്‍ട്ടിക്ക് അസ്തിത്വം ഇല്ലാത്തതിനാല്‍ അവരുമായി സഹകരിക്കുന്ന കാര്യം ചര്‍ച്ചയിലില്ലെന്നും പിണറായി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക