|    Nov 13 Tue, 2018 11:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാജിവച്ച നടിമാരെ അഭിനന്ദിക്കുന്നു: പൃഥ്വിരാജ്‌

Published : 29th June 2018 | Posted By: kasim kzm

കൊച്ചി/കോഴിക്കോട്/തിരുവനന്തപുരം:  നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് സംഘടനയില്‍നിന്നു രാജിവച്ച നടിമാരെ താന്‍ അഭിനന്ദിക്കുന്നുവെന്ന് പൃഥ്വിരാജ്. പ്രമുഖ ഇംഗ്ലീഷ് മാസികയുടെ ഓണ്‍ലൈന്‍ എഡിഷനു നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പരാമര്‍ശം.
രാജിവച്ച അവരുടെ തീരുമാനത്തെ താന്‍ അഭിനന്ദിക്കുന്നു. അവര്‍ക്കൊപ്പമാണു താന്‍. അവരുടെ തീരുമാനത്തെ വിമര്‍ശിക്കുന്നവരുണ്ടാവാം. എന്നാല്‍, ശരിയും തെറ്റും ഒരോരുത്തരുടെയും കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നാണ് തന്റെ വിശ്വാസമെന്നും പൃഥ്വിരാജ് പറഞ്ഞു. നേരത്തേ ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയത് താന്‍ ആവശ്യപ്പെട്ടിട്ടല്ല. അമ്മ കൂട്ടായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ പുറത്താക്കിയതെന്നും പൃഥ്വിരാജ് പറഞ്ഞതായി ഓണ്‍ലൈന്‍ നല്‍കിയിരിക്കുന്ന റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ നടന്‍ ദിലീപിനെ ഫെഫ്കയില്‍ നിന്നു പുറത്താക്കിയതാണെന്നും കേസിന്റെ വിചാരണ പൂര്‍ത്തിയാവുന്നതുവരെ അക്കാര്യം പുനപ്പരിശോധിക്കുന്ന പ്രശ്‌നമില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.  ആഷിഖ് അബു ഫെഫ്കയെ കുറ്റപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച ഫെഫ്കയുടെ അടിയന്തര യോഗം ചേരുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
നടിക്കു നേരെ അതിക്രമം നടത്തിയ കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പിന്തുണച്ച എല്‍ഡിഎഫ് ജനപ്രതിനിധികളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വൃന്ദ കാരാട്ട് വ്യക്തമാക്കി. ഇടതു നിലപാടുള്ളവര്‍ക്കു സ്ത്രീ പീഡകരെ ഒരു കാരണവശാലും പിന്തുണയ്ക്കാനാവില്ല. ഇക്കാര്യത്തില്‍ അമ്മയിലെ ഇടതു ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
ദിലീപിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍ രംഗത്തെത്തി. ദിലീപ് ധിക്കാരിയാണെന്നും ഒരുകാലത്തും ദിലീപിനെക്കുറിച്ച് നല്ല അഭിപ്രായമില്ലെന്നും ദിലീപ് തിലകനോട് ചെയ്തതൊന്നും ആരും മറന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ ആത്മാഭിമാനമുള്ളവരാണെന്നും മന്ത്രി പറഞ്ഞു.  അതേസമയം, സ്ത്രീസംരക്ഷണമെന്ന ഇടതുമുന്നണിയുടെ നയം നടപ്പാക്കാന്‍ അമ്മയിലെ അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് ബാധ്യതയുണ്ടെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ‘അമ്മ വിവാദ’ത്തില്‍ നടന്‍മാരായ ഇടതു ജനപ്രതിനിധികള്‍ക്കു പ്രതികരിക്കേണ്ടിവരും. ദിലീപിനെ തിരിച്ചെടുത്ത നടപടി അമ്മ തിരുത്തണം. നടന്‍മാര്‍ നന്മയുടെ പക്ഷത്താണു നില്‍ക്കേണ്ടതെന്നും ഇരകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
യുവനടിമാര്‍ രാജിയിലൂടെ ഉയര്‍ത്തിയ പ്രശ്‌നം വളരെ ഗൗരവമുള്ളതാണെന്നും താരസംഘടനയായ അമ്മ അതു ചര്‍ച്ചചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു മുന്നണിയുടെ ജനപ്രതിനിധികളായ രണ്ട് എംഎല്‍എമാരും ഒരു എംപിയും അമ്മയിലുണ്ട്. അവര്‍ എന്തു നിലപാടാണു സ്വീകരിച്ചത്. ഇടതു നേതാക്കള്‍ നടിമാര്‍ക്ക് അനുഭാവപൂര്‍വമായ നിലപാടെടുക്കുകയും അവരുടെ എംപിയും എംഎല്‍എമാരും മറിച്ചുള്ള നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss