|    Sep 26 Wed, 2018 7:52 am
FLASH NEWS
Home   >  Todays Paper  >  page 12  >  

രാജാക്കാട് കരുണ ഭവനില്‍ കണക്കില്‍പ്പെടാതെ അനാഥക്കുട്ടികള്‍

Published : 31st January 2017 | Posted By: fsq

 

തൊടുപുഴ: അനാഥക്കുട്ടികളെ അനധികൃതമായി പ്രവേശിപ്പിച്ച രാജാക്കാട് കരുണ ഭവന്റെ (ഡിവൈ ന്‍ പ്രോവിഡന്‍സ് ഫൗണ്ട് ലിങ്ക് ഹോം) രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. കരുണ ഭവന്റെ അനധികൃത ഇടപാടുകള്‍ തേജസാണ് പുറത്തുകൊണ്ടുവന്നത്. ഈ വാര്‍ത്തയെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. സ്വമേധയാ കേസെടുത്ത കമ്മീഷന്‍ സംസ്ഥാന സാമൂഹിക നീതി സെക്രട്ടറി, വകുപ്പ് ഡയറക്ടര്‍, ഇടുക്കി ചൈല്‍ഡ് വെല്‍െഫയര്‍ കമ്മിറ്റി ചെയര്‍മാന്‍, സാറാ (സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി) പ്രോഗ്രാം മാനേജര്‍, ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസര്‍, ഓ ര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് സെക്രട്ടറി എന്നിവരോട് വിശദീകരണം തേടിയിരുന്നു. ഇവരുടെ റിപോര്‍ട്ടുകളില്‍ നിന്നു ഗുരുതരമായ ക്രമക്കേടുകള്‍ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് കരുണ ഭവന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കം ബാലനീതി നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ഉത്തരവായത്. ഗുരുതരമായ ക്രമക്കേടുകളാണ് കരുണ ഭവന്‍ അധികൃതര്‍ നടത്തിയത് എന്നതിനാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ച് 30 ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ സാമൂഹികനീതി വകുപ്പ് സെക്രട്ടറിക്കു നല്‍കിയ നിര്‍ദേശം. ഹോമിന്റെ ട്രസ്റ്റി ട്രീസ തങ്കച്ചനെതിരായ കേസില്‍ അന്വേഷണം യഥാസമയം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ജില്ലാ പോലിസ് മേധാവി, രാജാക്കാട് എസ്‌ഐ എന്നിവര്‍ക്കും കമ്മീഷ ന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ നിയമാനുസൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അതത് ജില്ലാ ശിശുസംരക്ഷണ ഓഫിസറും സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയും ചേര്‍ന്ന് വിശദമായ അന്വേഷണം നടത്തി മൂന്നു മാസത്തിനുള്ളില്‍ സമ്പൂര്‍ണ റിപോ ര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.സാറാ പ്രോഗ്രാം മാനേജര്‍, ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് ഓഫിസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘം കഴിഞ്ഞ ഏപ്രിലില്‍ കരുണ ഭവനില്‍ നടത്തിയ പരിശോധനയിലാണ് അ നധികൃതമായി കുട്ടികളെ പ്ര വേശിപ്പിക്കല്‍, ഫണ്ട് തിരിമറി ഉള്‍െപ്പടെയുള്ള ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതു സംബന്ധിച്ച വാര്‍ത്തയായിരുന്നു തേജസ് പ്രസിദ്ധീകരിച്ചത്. പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ നിര്‍ദേശപ്രകാരം രാജാക്കാട് പോലിസ് കരുണ ഭവന്‍ ട്രസ്റ്റി ട്രീസ തങ്കച്ചനെതിരേ ക്രിമിനല്‍ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss